തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തി പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ച് കലാപം സൃഷ്ടിച്ചതിലും നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. ആസൂത്രിതമായി വന്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) മുന്‍ അംഗങ്ങളുടെ ഗൂഢപങ്കാളത്തിമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. വിദേശബന്ധമുള്ള ഒരു മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നത്.പോപ്പുലര്‍ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍ മൂവ്മെന്റിലെ മുന്‍ അംഗങ്ങളാണ് സമരത്തില്‍ നുഴഞ്ഞുകയറി കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
വെദികന്റെ സംഘത്തിന് വിദേശ സംഘടനകളുമായി ബന്ധമുണ്ട്. ഈ വൈദികന് ഡല്‍ഹിയില്‍ പോയി വന്നതിന് ശേഷമാണ് തീവ്ര പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 5ന് ശംഖുംമുഖത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഒക്ടോബര്‍ 29ന് ജനറല്‍ ആശുപത്രിയ്ക്ക് സമീപമുള്ള ഐക്കഫില്‍ യോഗം ചേര്‍ന്ന് മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസൈ പാക്യത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരുത്താനും പദ്ധതിയിട്ടു. വൈകാരികത സൃഷ്ടിച്ച് തീരജനതയെ ഇളക്കിവിടുകയാണ് ലക്ഷ്യം. എന്നാല്‍ ഈ നീക്കത്തെ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ നെറ്റോയും മറ്റ് മുതിര്‍ന്ന വൈദികരും എതിര്‍ത്തു.
ഇടതുപക്ഷ വിരുദ്ധ പരിസ്ഥിതി സംഘടനകള്‍, മാവോയിസ്റ്റ് ഫ്രോണ്ടിയര്‍ ഓര്ഗനൈസേഷന്, തീവ്ര ഇസ്ലാമിക ചിന്താഗതിക്കാര്‍ തുടങ്ങിയവരും കലാപത്തിനു പിന്നിലുണ്ട്. പൊലീസുകാരെ വരെ ക്രൂരമായി ആക്രമിച്ച കലാപത്തിന് ആസൂത്രിത സ്വഭാവം ഉണ്ടായതും ഇതിന്റെ ഭാഗമാണ്. തുറമുഖ നിര്‍മ്മാണം മുടക്കാന്‍ ക്വാറികള്‍ കേന്ദ്രീകരിച്ച് സമരം നടത്തി പാറ കിട്ടാത്ത സാഹചര്യം ഉണ്ടാക്കാന്‍ ഇവര്‍ രൂപരേഖ തയ്യാറാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പശ്ചിമഘട്ടത്തിലെ ജനങ്ങളെ സംഘടിപ്പിച്ച് പുതിയ സമരപരമ്പരയ്ക്ക് രൂപം നല്‍കാനും പദ്ധതിയിട്ടു. ഈ ഗുരുതര സാഹചര്യം മനസിലാക്കിയാണ് വിഴിഞ്ഞം സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് ഡി.ഐ.ജി നിശാന്തിനിക്ക് ചുമതല നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പിയോടും നിര്‍ദ്ദേശിച്ചു.പി.എഫ്.ഐ മുന്‍ പ്രവര്‍ത്തകര്‍ സ്ഥിരമായി വിഴിഞ്ഞത്തും സമരപ്പന്തലിലും എത്തുന്ന വിവരം ഇന്റലിജന്‍സ് ശേഖരിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും പെട്ടെന്ന് പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകുമെന്നും സ്ഥിതി വഷളാകുമെന്നും ഇന്റലിന്‍ജസ് മുന്നറിയിപ്പ് ചെയ്തതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: