ശരിയായ ചരിത്രബോധമുള്ള സമാജമാണ് ഒരു രാഷ്ട്രത്തിന്റെ ചൈതന്യം. ശത്രുമിത്രങ്ങളെ തിരിച്ചറിയാനും വെല്ലുവിളികളെയും സാദ്ധ്യതകളെയും മനസ്സിലാക്കാനും സജ്ജമാക്കുന്നതാണ് ആത്മബോധം, അതാണ് ചരിത്രം.
നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വിപത്ത് നേരായ ചരിത്രത്തെ നമ്മില്‍ നിന്ന് ബലാല് അകറ്റിയെന്നതാണ്. അധിനിവേശ ശക്തികള്‍ അത് ചെയ്തതു മനസ്സിലാക്കാം. വിദേശികളായ ഭരണവര്‍ഗ്ഗത്തിന് ഭാരതീയരെ മയക്കിക്കിടത്തേണ്ടത് ആവശ്യമായിരുന്നു. അതിന് നമ്മുടെ കഥകളെ (ചരിത്രത്തെ) അവര്‍ വിഷമയമാക്കി. വിഖ്യാത നൈജീരിയന്‍ നോവലിസ്റ്റ് ബെന്‍ ഓക്രി പറഞ്ഞതുപോലെ ”രാഷ്ട്രത്തെ വിഷമയമാക്കാന്‍ അതിന്റെ കഥകളെ വിഷമയമാക്കണം. അങ്ങനെയാകുമ്പോള്‍ സമൂഹം ചൈതന്യഹീനരാകും. സ്വബോധം നഷ്ടപ്പെടുന്ന ജനത അനൈതികാഖ്യാനങ്ങള് സ്വയം പറയാന്‍ തുടങ്ങും. അടുത്തതലമുറയെ പഠിപ്പിക്കും. അത് ആ രാഷ്ട്രത്തിന്റെ ആത്യന്തികമായ മാനസിക നാശത്തിന് കാരണമാകും.”
കഴിഞ്ഞ ഏഴുപതിറ്റാണ്ടുകാലം നാം ആ മയക്കത്തെ നേരിടാന്‍ പാകത്തിനുള്ള ചരിത്രാദ്ധ്യായനം തുടങ്ങേണ്ടതായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാവസരം അതിനുവേണ്ടി ഉപയോഗിക്കേണ്ടതാണ്. മഹാകവി പി, ‘പുരളിമലയിലെ പൂമരങ്ങളില്‍’ വേദനിച്ചത് പോലെ സ്വാതന്ത്ര്യ ലബ്ധിതന്‍ മദ്യലഹരിയില്‍ പാടേമറന്ന് മലയാളിയെങ്കിലും പഴശ്ശിതമ്പുരാനെയും വൈക്കം പത്മനാഭപിള്ളയെയും ഒക്കെയും നാം മറന്നു.
‘ഹൃത്തിലെ ചെഞ്ചോര നീരിലി
സ്വാതന്ത്ര്യ വിത്തുമുളപ്പിച്ച കര്ഷകവീരനെ
സ്വാതന്ത്ര്യ ലബ്ധിതന്‍ മദ്യലഹരിയില്‍
പാടേമറന്നു മലയാളിയെങ്കിലും,’ എന്നാണ് പി ആ കവിതയില്‍ പാടുന്നത്.
ഭാരതസ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവവേളയില് പഴശ്ശിത്തമ്പുരാന്റെ 217-ാം വീരാഹുതിദിനം കടന്നു വരുമ്പോള്‍ ഈ വരികള്‍ക്ക് പ്രസക്തി ഏറെയാണ്. കണ്ണവത്തെയും വയനാട്ടിലെയും കാടുകളില്‍ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച വീര കേരളവര്‍മ്മ പഴശ്ശിരാജ നയിച്ച ഐതിഹാസിക സമരപ്പോരാട്ടത്തിന് ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെട്ട 1857ലെ സ്വാതന്ത്ര്യ പോരാട്ടത്തിന് മുന്‍പ് 1793-1805 കാലത്താണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച സമരങ്ങള്‍ നടന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാലത്ത് ഉയര്‍ന്നുവന്ന നിരവധി പോരാട്ടങ്ങളില്‍ പ്രധാനമാണ് പഴശ്ശിയുടെ നേതൃത്വത്തില്‍ അന്ന് നടന്നത്. വിദേശാധിപത്യത്തെ തുടച്ചുനീക്കാനുള്ള നിരവധി സമരങ്ങള്‍ അവഗണിക്കപ്പെട്ട കൂട്ടത്തില്‍ പഴശ്ശി സമരങ്ങളും സ്വാതന്ത്ര്യസമരചരിത്രകാരന്മാരുടെ മുഖ്യ പരിഗണനയില്‍ വന്നില്ല. ആധിപത്യമനോഭാവത്തോടെ പല ഘട്ടങ്ങളിലായി ഭാരതത്തിലേക്ക് പടയോട്ടം നടത്തിയ അധിനിവേശശക്തികള്‍ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പുകളെ സ്വാതന്ത്ര്യസമരമായി പരിഗണിക്കാതെ ഭാരതസ്വാതന്ത്ര്യസമരചരിത്രം പൂര്‍ണ്ണമാകില്ല. 1741ലെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുസൈന്യത്തെ അടിയറവുപറയിച്ച് തിരുവിതാംകൂര്‍ സൈന്യം നേടിയ ചരിത്രപരമായ വിജയത്തിന്റെ പ്രാധാന്യവും സ്വാതന്ത്ര്യസമരചരിത്രത്തില്‍ അവഗണിക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്കഌന്‍ ഡി ലാനോ റൂസ്വെല്‍റ്റിന്റെ മുന്‍ഗാമിയായിരുന്ന ക്യാപ്റ്റന്‍ ഡി-ലെനോയിയെയാണ് കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ അടിയറവുപറയിച്ചത്. മലബാര്‍ പിടിച്ചടക്കാമെന്ന ഡച്ചുകാരുടെ മോഹം ഇതോടെ അസ്തമിക്കുകയായിരുന്നുവെന്നും കുളച്ചല്‍ യുദ്ധം ഡച്ചുകാരെ സംബന്ധിച്ച് അത്യന്തം വിനാശകരമായിരുന്നുവെന്നുമാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍ ഇതിനെ വിലയിരുത്തിയത്.
മൈസൂര്‍ ആക്രമണത്തെ പ്രതിരോധിക്കുകയും ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്ത ചരിത്രമാണ് പഴശ്ശി തലസ്ഥാനമായ കോട്ടയം രാജവംശത്തിന്റെ വീരനായകനായ പഴശ്ശിക്കുള്ളത്. ടിപ്പു-ബ്രിട്ടീഷ് യുദ്ധത്തില്‍ ബ്രിട്ടനുമായി ചേര്‍ന്ന ചരിത്രം ചൂണ്ടിക്കാട്ടി പഴശ്ശിയെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ അന്നത്തെ സാഹചര്യത്തെ സൂക്ഷ്മമായി വിലയിരുത്തുന്നതില്‍ പരാജയപ്പെടുകയോ ബോധപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്തുകയോ ചെയ്യുകയായിരുന്നു. മൈസൂര്‍ ആക്രമണകാലത്ത് ജീവനുംകൊണ്ട് തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത നാടുവാഴികളുടെ പട്ടികയില്‍ പഴശ്ശിയുടെ പേര് കാണില്ല. മൈസൂരിന്റെ പടയോട്ടം വരുത്തിവെച്ച ദുരന്തങ്ങള്‍ കാണാതെ പഴശ്ശിയുടെ യുദ്ധതന്ത്രത്തെ വിലയിരുത്താനാവില്ല. ”ഈ ആജ്ഞയെ അനുസരിക്കാതെയിരുന്നാല്‍ നിങ്ങളെല്ലാവരെയും ഇസ്ലാം എന്ന മത വ്യവസ്ഥയില്‍ ചേര്‍ക്കുന്നതാണെന്നും പ്രമാണികളെല്ലാവരെയും തലസ്ഥാനത്തേക്ക് അയക്കുന്നതാണെന്നും നാം പലവുരു സത്യം ചെയ്തിട്ടുണ്ട് (ടിപ്പുവിന്റെ വിളംബരം, കെ.പി. പത്മനാഭമേനോന്‍ കൊച്ചി രാജ്യചരിത്രം) എന്ന ടിപ്പുവിന്റെ ആജ്ഞയുടെ പ്രത്യാഘാതം പഴശ്ശിയെന്ന രാജ്യതന്ത്രജ്ഞന് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ”കുഞ്ഞുങ്ങളെക്കൊന്ന് അമ്മമാരുടെ ശിരസില്‍ കെട്ടിത്തൂക്കിയും കണ്ടവരെയൊക്കെ വെട്ടിക്കൊന്നും കെട്ടിത്താഴ്ത്തിയും മാര്‍ഗ്ഗം കൂട്ടിയും ആ പരമദുഷ്ടന്റെ പട സഞ്ചരിച്ച വൃത്താന്തം കേട്ടു ചകിതനായി. ഈ ദുഷ്ടന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടുപോന്ന പല ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും നേരിട്ടു സംസാരിച്ചു സംഗതി അറിയാന്‍ എനിക്ക് തരമുണ്ടായി. ഈ തരത്തിലുള്ള ദുഷ്ടപ്രവൃത്തികള്‍ 1797-ാം ആണ്ട് വരെ നടന്നുപോന്നു”. വരാപ്പുഴ സെമിനാരിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബാര്‍ഥലോമിയ എന്ന മിഷണറി, പയോട്ടത്തെക്കുറിച്ച് രേഖപ്പെടുത്തിയത് പി.കെ. ബാലകൃഷ്ണന്റെ ടിപ്പുസുല്‍ത്താന്‍ എന്ന പുസ്തകത്തില്‍ (പുറം 184) രേഖപ്പെടുത്തിയിട്ടുണ്ട്. കുളച്ചല്‍ യുദ്ധവിജയം ഡച്ച് അധീനതയില്‍ പെടാതെ മലബാറിനെ രക്ഷിച്ചതുപോലെ ടിപ്പുവിനെതിരായ യുദ്ധതന്ത്രത്തിലൂടെ മൈസൂര്‍ പടയോട്ടത്തെ തിരുവിതാംകൂറിലേക്ക് കടക്കാതെ തടഞ്ഞുനിര്‍ത്താനും പഴശ്ശിക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രപാഠം. ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധതന്ത്രത്തിലും നയപരമായ സമീപനമാണ് പഴശ്ശി സ്വീകരിച്ചതെന്ന് കാണാം. 1793 മുതല്‍ 1805 വരെ നീണ്ടുനിന്ന യുദ്ധത്തെ വിലയിരുത്തിയാലേ പഴശ്ശിപ്പോരാട്ടത്തിന്റെ സമഗ്രചരിത്രമാകൂ. ”ഞങ്ങളെ അലട്ടുന്ന ഏറ്റവും ദുഷ്കരമായ കാര്യം പഴശ്ശിരാജാവിനെ പ്രതിരോധിക്കുക എന്നതാണ്. അയാളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ എല്ലാം ശാന്തമാകും. അതോടെ മലബാറിലെ വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ചിട്ടുള്ള നമ്മുടെ സൈന്യത്തെയെല്ലാം പിന്‍വലിക്കാനും സാധിക്കും”. ബ്രിട്ടീഷുകാര്‍ എത്രമാത്രം പഴശ്ശിയെ ഭയന്നിരുന്നുവെന്ന് 1800 സപ്തംബര്‍ 18ന് വെല്ലസ്ലി അയച്ച കത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
രാജ്യാധികാരം പിടിച്ചെടുക്കാനുള്ള സമരം മാത്രമല്ല നാടിന്റെ സ്വത്വാവിഷ്കാരത്തിനുള്ള സമരോത്സുകതയാണ് പഴശ്ശിപ്പോരാട്ടത്തിന്റെ കാതല്‍ എന്ന് തിരിച്ചറിയാനാവും. ”പെരുമാളും ഭഗവതിയും വസിക്കുന്ന പരിശുദ്ധമായ മണത്തണയില്‍ യൂറോപ്യന്മാര് ശക്തന്മാരായിരുന്നിട്ടുള്ള കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കും. കണ്ണോത്തും മണത്തണയിലും അവര്‍ സ്ഥാപിച്ചിട്ടുള്ള മറ്റ് പോസ്റ്റുകളിലും ഒന്നോ രണ്ടോ വെടിവെയ്പുകള്‍ നടന്നിരിക്കുന്നു. ഇത് ഭഗവതിക്കും പെരുമാള്‍ക്കും എതിരായിട്ടുമാത്രം നടത്തിയിട്ടുള്ളതിനാല്‍ ഞാന്‍ കമ്പനിക്കെതിരായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.” സ്വാതന്ത്ര്യമെന്നാല്‍ സ്വത്വബോധത്തെ ആവിഷ്കരിക്കാനുള്ള അവകാശമാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് പഴശ്ശി ഈ വരികളിലൂടെ നിസ്സംശയം പ്രഖ്യാപിച്ചത്. ”ജന്മനാ നേതാവായ, അപൂര്‍വ്വ സിദ്ധികളുള്ള, പഴശ്ശിരാജക്ക് തന്റെ അനുയായികളുടെ മനസ്സില്‍ ആവേശം ജ്വലിപ്പിക്കാനും മഹത്തായ ലക്ഷ്യത്തിലേക്ക് അവരെ നയിക്കാനും കഴിഞ്ഞു”വെന്നാണ് പ്രൊഫ. ശ്രീധരമേനോന് വിലയിരുത്തിയത്. ”എല്ലാവിഭാഗം നാട്ടുകാരിലും പഴശ്ശിരാജാവിനോടുള്ള ബഹുമാനം, അദ്ദേഹത്തിന്റെ മരണത്തിന് പോലും മങ്ങലേല്പിക്കാനാവാത്ത ഭക്തിയോളമെത്തുന്ന ആദരവ് എനിക്ക് കാണാന്‍ കഴിഞ്ഞു, മരണം ആസന്നമായ നിമിഷത്തില്‍പോലും അന്തസ്സും ആഭിജാത്യവും വെടിയാത്ത പെരുമാറ്റമായിരുന്നു” എന്നൊക്കെയാണ് പഴശ്ശിയെ പരാജയപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിച്ച ബ്രിട്ടീഷ് പടത്തലവന് തോമസ് ഹാര്‍വെ ബാബര്‍ രേഖപ്പെടുത്തിയത്. വാട്ടര്‍ലൂവിലെ വീരനായകന് ആര്‍തര്‍ വെല്ലസ്ലിയെ വിറപ്പിച്ച പഴശ്ശിരാജാവിന്റെ ബലം അതിരില്ലാത്ത ജനപിന്തുണയായിരുന്നു.
എതിരാളികള്‍പോലും മഹത്വമേകിയ പഴശ്ശിയുടെ വീരപാരമ്പര്യത്തെ അപഹസിക്കുന്നതായിരുന്നു പിന്നീടുള്ള ചരിത്രം. ഇടത് ചരിത്രരചനാ രീതിശാസ്ത്രത്തിന്റെ അജണ്ട തീരുമാനിച്ച ഇഎംഎസ് നമ്പൂതിരിപ്പാട് പഴശ്ശിരാജാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ വീരാഹുതിയെക്കുറിച്ചും എഴുതിയ വരികള്‍തന്നെ ഇതിന് ഉദാഹരണമാണ്. പഴശ്ശിരാജാവിനെ സ്വന്തം ഭാര്യ ഒറ്റുകയായിരുന്നുവെന്ന ഗുരുതരമായ ചരിത്രാബദ്ധം തെളിവുകളുടെ പിന്‍ബലമില്ലാതെ എഴുതാന്‍ ധൈര്യം കാണിച്ച നമ്പൂതിരിപ്പാട് പിന്നീടുള്ള ചരിത്രകാരന്മാര്ക്ക് കൃത്യമായ സൂചനനല്‍കുകയായിരുന്നു. ഈ സൂചനയനുസരിച്ച് തന്നെയാണ് പിന്നീട് കേരളചരിത്രപാഠങ്ങള്‍ രചിക്കപ്പെട്ടത്. പഴശ്ശിയുടെ ശത്രുക്കള്‍ നല്കിയ ആദരംപോലും നല്‍കാതെ കമ്മ്യൂണിസ്റ്റ് ചരിത്രരചനകളില്‍ പഴശ്ശി അപമാനിക്കപ്പെട്ടു. വയനാടന്‍ കുന്നുകളില്‍ ഗിരിവര്‍ഗ്ഗ സമൂഹം നടത്തിയ ഐതിഹാസിക പോരാട്ടവും തമസ്കരിക്കപ്പെട്ടു. ഒരു ജനതയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ സ്വത്വാവിഷ്കാരത്തിനായുള്ള സമരചരിത്രം അവഗണിക്കപ്പെടേണ്ടത് ഇടത് വൈചാരിക ആഖ്യാനത്തിന് അത്യാവശ്യമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതവര്ഷവേളയിലും അത് അതേ രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നു. അറിയപ്പെടാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ ഓര്‍മ്മകളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കാനയിച്ച ദേശീയസാഹചര്യത്തെ കേരളത്തില്‍ തടഞ്ഞുനിര്‍ത്തുകയാണ് ഇടത് ഭരണകൂടം ചെയ്തത്. വികസനത്തിന്റെ പങ്ക് പറ്റാനാകാതെ മുഖ്യധാരയില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട കേരളത്തിലെ ഗിരിവര്‍ഗ്ഗ സമൂഹത്തിന്റെ ധന്യമായ സ്വാതന്ത്ര്യസമരചരിത്രത്തെയും മുഖ്യധാരാചരിത്രത്തില്‍ നിന്ന് അയിത്തം പാലിച്ച് അകറ്റി നിര്‍ത്തുകയായിരുന്നു സ്വതന്ത്ര കേരളം. അവരുടെ മണ്ണും മാനവും കവര്‍ന്നവര്‍ അവരുടെ യശസ്സേറിയ സമരപാരമ്പര്യത്തേയും തമസ്കരിച്ചു. പിറന്ന മണ്ണിനുവേണ്ടി പോരാടിയ പാരമ്പര്യത്തെ തിരിച്ചറിയുന്ന ആ സമൂഹം അടുത്ത പടിയായി അന്യാധീനപ്പെട്ട അവരുടെ ഭൂമിക്കുവേണ്ടി അവകാശ മുന്നയിച്ച് മുന്നോട്ട് വരുമെന്ന് ഭരണകൂടം ഭയപ്പെടുന്നു. ഈ മുന്നേറ്റത്തില്‍ ഭരണവര്‍ഗ്ഗത്തിന്റെ കാലിടറുമെന്നറിയാവുന്നതുകൊണ്ടാണ് പഴശ്ശി സമരങ്ങള്‍ ഇന്ന് ആഘോഷിക്കപ്പെടാതെ പോവുന്നത്.
കൊളോണിയല്‍ ദുര്‍ഭരണത്തിന്റെ തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റുഭരണകൂടവും ലക്ഷ്യംവെക്കുന്നത് ജനതയുടെ സ്വത്വബോധത്തില്‍ വിഷം കലര്ത്തുകയെന്നതിലാണ്. മുതലാളിത്ത കോളനികള്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് കോളനികള്‍ സൃഷ്ടിക്കുകയാണ് അവര്‍ ലക്ഷ്യമിട്ടത്. രാഷ്ട്രത്തിന്റെ ധന്യമായപാരമ്പര്യത്തേയും വീരപുരുഷന്മാരെയും സാംസ്കാരിക ഈടുവെയപുകളെയും അട്ടിമറിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ അന്ന് ഭയപ്പെട്ടതിനേക്കാള്‍ ഇടത് സാമ്രാജ്യത്വശക്തികള്‍ ഇന്ന് പഴശ്ശിയെ ഭയക്കുന്നു. പഴശ്ശി ഊതിപ്പെരുക്കിയ സ്വത്വബോധത്തില്‍ ഈ നാട്ടിലെ തനത് ജനത ഉണര്‍ന്നാല്‍ അത് ഇടതുകാപട്യങ്ങളുടെ അന്ത്യമാകുമെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട് അതുകൊണ്ടാണ് പഴശ്ശിയും വേലുത്തമ്പിയും കേളപ്പജിയും കേരളത്തില്‍ ഇന്നും അവഗണിക്കപ്പെടുന്നത്.
”മുറ്റുമിന്നേറ്റമടിമകളായവര്
കോട്ടയം ശക്തനെ വിസ്മരിച്ചെങ്കിലും
രാവിലീ ഞങ്ങളര്‍പ്പിക്കുന്നു പൂക്കളാല്‍
പാവന പുണ്യചരണപാംസുക്കളെ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: