തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യില്ല. ആയുര്‍വേദ ചികിത്സയുള്ളതിനാല്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പകരം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പ്. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂരും അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ തരൂരിന്റെ പിന്മാറ്റം. എന്നാല്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നാണ് ശശി തരൂരിന്റെ ഓഫീസ് നല്കുന്ന വിശദീകരണം.
പദ്ധതിയുടെ ശാസ്ത്രീയ വശങ്ങള് ജനങ്ങള്‍ക്ക് മുന്പില് അവതരിപ്പിക്കുന്നതിനാണ് വിദഗ്ധരുടെ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിലെയും മദ്രാസ് ഐഐടിയിലെയും വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന പാനലാണ് സെമിനാറില്‍ സംസാരിക്കുക. മുഖ്യമന്ത്രിയെക്കൂടാതെ അഞ്ച് മന്ത്രിമാര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
അതിനിടെ, വിഴിഞ്ഞത്തെ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര് നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍, കെ ഇ ബൈജു, മധുസൂദനന് എന്നിവര്‍ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: