തിരുവനന്തപുരം: വിഴിഞ്ഞം ക്രമസമാധാന പാലനത്തിനായി ആഭ്യന്തര വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ദക്ഷിണ മേഖലാ ഡിഐജി ആര് നിശാന്തിനിയാണ് സ്പെഷ്യല്‍ ഓഫീസര്‍. അതേസമയം വിഴിഞ്ഞത്ത് അക്രമങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ശബരിമലയില്‍ നിന്നടക്കം കൂടുതല്‍ പോലീസിനെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇന്ന് വഞ്ചനാദിനമായി ആചരിക്കുകയാണ്. ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഓഖി ദുരന്തത്തിന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് വഞ്ചനാ ദിനമായി ആചരിക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
അതേസമയം, വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോ ആക്രമിച്ച് ബസുകള്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബസ് തകര്‍ത്തതിലൂടെ 7,96,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന് ആക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: