ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പാണെന്നും ഇനിയൊരിക്കലും ത്രിപുരയിലെ ജനങ്ങള്‍ കമ്യൂണിസം പിന്തുടരില്ലെന്നും ത്രിപുര ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജിഷ്ണുദേവ് വര്‍മ്മ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ പാര്‍ട്ടി ഭരിക്കുന്നതിന്റെ നേട്ടങ്ങള്‍ ത്രിപുരയിലെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പതിറ്റാണ്ടുകളായി കാത്തിരുന്ന വികസന പദ്ധതികളെല്ലാം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായെന്നും ജിഷ്ണുദേവ് വര്‍മ്മ പറഞ്ഞു. ജനുവരി അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ബിജെപിയുടെ ഭരണത്തുടര്‍ച്ചയും വികസന നേട്ടങ്ങളും ജിഷ്ണു ദേവ്‌വര്‍മ്മ ജന്മഭൂമിയുമായി പങ്കുവെച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എല്ലാം അതിവേഗത്തില്‍ ആരംഭിച്ചു കഴിഞ്ഞതായും വീടുവീടാന്തരം കയറിയിറങ്ങി ബിജെപിയുടെ സദ്ഭരണ സന്ദേശങ്ങള്‍ എത്തിക്കുകയാണ് ആദ്യ പ്രവര്‍ത്തനമെന്നും ഉപമുഖ്യമന്ത്രി ജിഷ്ണുദേവ് വര്‍മ്മ പറഞ്ഞു.
- അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ ത്രിപുരയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?
എല്ലാ അര്‍ത്ഥത്തിലും ത്രിപുരയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2018ല്‍ ബിജെപി അധികാരത്തിലെത്തിയത്. 60 അംഗ നിയമസഭയില്‍ 36 സീറ്റുകള്‍ ബിജെപിക്ക് വിജയിക്കാനായി. ബിപ്ലവ് കുമാര്‍ ദേവും പിന്നീട് മണിക് സാഹയും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ കേന്ദ്രപദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ ഞങ്ങളുടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ദേശീയപാതാ വികസനവും ജല്‍ജീവന്‍ മിഷനും അടക്കമുള്ളവ ത്രിപുരയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്.
- കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം ഭരണം വിജയകരമാക്കിത്തീര്‍ക്കാന്‍ സാധിച്ചു എന്നാണോ പ്രതീക്ഷ?
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയെല്ലാം പ്രശ്‌നങ്ങളിലൊന്ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണത്തില്‍ വരുന്ന കാലതാമസവും അഴിമതികളുമായിരുന്നു. എന്നാല്‍ കേന്ദ്രത്തിലും ത്രിപുരയിലും ബിജെപിയുടെ സര്‍ക്കാരുകള്‍ വന്നതോടെ ഏകോപനവും ഭരണ നിര്‍വഹണവും പദ്ധതി നടപ്പാക്കലുമെല്ലാം അതിവേഗത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. വികസന സൂചികയില്‍ വലിയ കുതിച്ചുചാട്ടമാണ് ത്രിപുര നടത്തിയിരിക്കുന്നത്.
പൊതുബജറ്റിന് മുന്നോടിയായി കേന്ദ്രധനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അഗര്‍ത്തലയില്‍ എയിംസിന് സമാനമായ ആശുപത്രിയും ഗിരിവര്‍ഗ്ഗ മേഖലകളിലെ വികസനത്തിന് പ്രത്യേക ഫണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു രണ്ടും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന ഉറപ്പാണ് ലഭിച്ചിരിക്കുന്നത്. അഗര്‍ത്തലയില്‍ ദന്തല്‍കോളേജ് സ്ഥാപിക്കുന്നതിന് 414 കോടി രൂപ, ലോ യൂണിവേഴ്‌സിറ്റിക്ക് 200 കോടി രൂപയും ആവശ്യപ്പെട്ടു. ഇതിന് പുറമേ പ്രത്യേക പാക്കേജായി 500 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്രസഹായമായി ലഭിച്ചത് 700 കോടി രൂപയാണ്. 10,222 കോടി രൂപയുടെ ഏഴ് പുതിയ ദേശീയപാതാ പദ്ധതികളാണ് ത്രിപുരയ്‌ക്കായി അടുത്തിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന പദ്ധതികള്‍, വിദ്യാഭ്യാസ പദ്ധതികള്‍ ത്രിപുരയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. വെറും മൂന്നു ശതമാനമായിരുന്ന കുടിവെള്ള കണക്ഷനുകള്‍ ഇന്ന് 70-80 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
- ത്രിപുരയില്‍ സിപിഎം വീണ്ടും അധികാരത്തിലെത്തുമെന്നാണ് മണിക് സര്‍ക്കാര്‍ അവകാശപ്പെടുന്നത്?
ത്രിപുരയിലെ ജനങ്ങള്‍ മടുത്തതാണ് സിപിഎമ്മിന്റെ ഭരണം. മാറ്റം ആഗ്രഹിച്ചവരാണ് 2018ല്‍ ഞങ്ങളെ തെരഞ്ഞെടുത്തത്. വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഎം ചിത്രത്തില്‍ പോലുമുണ്ടാവില്ല. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്ക് പിന്തുണ നല്‍കുന്ന ജോലിയാണ് സിപിഎം ഇപ്പോഴവിടെ ചെയ്യുന്നത്. ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തും. 35 വര്‍ഷത്തെ ഇടതു ഭരണത്തിന് അന്ത്യം സംഭവിച്ചുകഴിഞ്ഞതാണ്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രവുമായി ജനങ്ങളെ സമീപിക്കുന്ന സിപിഎമ്മിന് ഇനിയവിടെ ഒരു അവസരമില്ല. കേന്ദ്രം ഒന്നും തരുന്നില്ല എന്ന ഒറ്റ വാചകമാണ് അവര്‍ എക്കാലവും പറഞ്ഞുകൊണ്ടിരുന്നത്.
മയക്കുമരുന്ന് മാഫിയകള്‍ക്ക് പിന്നില്‍ സിപിഎമ്മാണ്. കഞ്ചാവ്, മയക്കുമരുന്ന് വില്‍പ്പനയെ പിന്തുണച്ച് സമാന്തരമായ ഒരു സമ്പദ് വ്യവസ്ഥ തന്നെ സിപിഎം സംസ്ഥാനത്തുണ്ടാക്കി. അതിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പൂര്‍ണ്ണമായും ഈ സാമൂഹ്യ വിരുദ്ധ ശക്തികളെ ഇല്ലാതാക്കാന്‍ ഇനിയും സമയം എടുക്കും. അനധികൃത മദ്യശാലകള്‍ ഇടിച്ചു നിരത്തി ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുന്ന നടപടികളും തുടരുന്നുണ്ട്. 35 വര്‍ഷം നീണ്ട സംസ്ഥാനം നശിപ്പിച്ച ഭരണ പാരമ്പര്യത്തെ ഇല്ലാതാക്കാന്‍ നാലരവര്‍ഷം കൊണ്ട് സാധിക്കില്ല. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: