കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍ ഞെരിഞ്ഞമരുന്ന ചൈനയിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നു. ശ്വാസംമുട്ടിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ വ്യവസായതലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാങ്ഹായിയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധത്തിനിറങ്ങിയത്. സിന്‍ജിയാങ് മേഖലയിലെ ഉറുംകിയില്‍ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ പത്ത് പേര് മരിച്ചിരുന്നു. എന്നാല്‍ ചൈനയിലെ ഭരണകൂടം ഇത് നിഷേധിച്ചിരിക്കുകയാണ്. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണ് ജനങ്ങള്‍ക്ക് തീപിടുത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളെല്ലാം കൊവിഡ് നിയന്ത്രണങ്ങളില്‍നിന്ന് പുറത്തുവന്ന് ഏറെക്കഴിഞ്ഞിട്ടും ചൈനയില്‍ അത് തുടരുകയാണ്. ഉറുംകിയില്‍ നാല്‍പ്പത് ലക്ഷത്തോളം പേര് മൂന്നുമാസത്തോളമായി പുറത്തിറങ്ങുന്നില്ല എന്നതില്‍നിന്നുതന്നെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭയാനകത വ്യക്തമാണ്. അറുപത്തിയാറ് ലക്ഷം പേര് താമസിക്കുന്ന ഷെങ്ഷോവി മേഖലയില്‍ എട്ട് ജില്ലകളിലെ ജനങ്ങളോട് ഭക്ഷണത്തിനോ ചികിത്സയ്ക്കോ അല്ലാതെ പുറത്തിറങ്ങരുത് എന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലൊക്കെ ജനങ്ങള്‍ക്ക് മനംമടുത്തിരിക്കുകയാണ്. ഒരവസരം കിട്ടുമ്പോള്‍ അവര്‍ തങ്ങളുടെ വികാരം പ്രകടിപ്പിക്കുകയാണ്. ഷാങ്ഹായിയിലെ ജനകീയ പ്രതിഷേധത്തിന് കൊവിഡ് നിയന്ത്രണം ഒരു കാരണമായെന്നേ പറയാനാവൂ. മറ്റിടങ്ങളിലെ ജനങ്ങളും മാനസികമായി പ്രതിഷേധക്കാര്ക്കൊപ്പമാണ്.
ചൈനയിലെ വുഹാന്‍ പ്രവിശ്യയിലാണല്ലോ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. അന്നുമുതല്‍ കമ്യൂണിസ്റ്റു ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ചൈനയില്‍ എത്രപേര്‍ കൊവിഡ് ബാധിതരായെന്നോ എത്രപേര്‍ ഇതുമൂലം മരണമടഞ്ഞെന്നോ വ്യക്തമല്ല. ഇതുസംബന്ധിച്ച കൃത്യമായ കണക്കുകളൊന്നും ആ രാജ്യം പുറത്തുവിട്ടിട്ടില്ല. കൊവിഡ് മഹാമാരിയുടെ ഉത്ഭവം എങ്ങനെയാണെന്നറിയാന്‍ ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം ചൈന സന്ദര്‍ശിച്ചുവെങ്കിലും അവരുമായി പൂര്‍ണതോതില്‍ സഹകരിക്കാന്‍ ചൈന തയ്യാറായില്ല. കൊവിഡ് മഹാമാരി പരത്തുന്ന കൊറോണ വൈറസ് ഒരു ജൈവായുധമാണോ എന്ന സംശയം ലോകത്തെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. ഇതിന്റെ സത്യം എന്തുതന്നെയായിരുന്നാലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡിനെ നിയന്ത്രിക്കുന്നതില്‍ ചൈന വലിയ തോതില്‍ പരാജയപ്പെട്ടു എന്നതാണ് വാസ്തവം. ഏകാധിപത്യ രാജ്യമായതിനാല്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ ചൈനയിലെ ഭരണകൂടത്തിന് കടുത്ത ആശയക്കുഴപ്പമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയാല്‍ രോഗം വ്യാപകമാകും. നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ ജനകീയ പ്രതിഷേധം ഉയരും. കൊവിഡ് മരണസംഖ്യ ഉയര്‍ന്നിട്ടും ആഴ്ചകള്‍ക്കകം നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനും, സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തിനിടയിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇക്കാര്യത്തില്‍ ചൈന പൂര്‍ണമായി പരാജയപ്പെട്ടു എന്നാണ് വിവരം. ചൈനയുടെ ആരോഗ്യമേഖല അങ്ങേയറ്റം ദുര്‍ബലമാണ്. ജനങ്ങള്‍ക്ക് മതിയായ ചികിത്സ നല്കാന് ആവുന്നില്ല. ചൈനയുടെ വാക്സിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന വിമര്‍ശിക്കുകയുണ്ടായി.
ആയുഷ്കാലം മുഴുവന്‍ അധികാരത്തില്‍ തുടരാനാണ് ഇപ്പോഴത്തെ ഭരണാധികാരിയായ ഷി ജിന്‍പിങ് ആഗ്രഹിക്കുന്നത്. ഇതിനനുസൃതമായി കമ്യൂണിസ്റ്റു പാര്‍ട്ടിയിലും സര്‍ക്കാര്‍ സംവിധാനത്തിലും മാറ്റം വരുത്തിയിരുന്നു. ഇതിനെതിരെ വലിയ അമര്‍ഷം തന്നെ പാര്‍ട്ടിയില്‍ രൂപപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള പിടി ഷി ഒന്നുകൂടി മുറുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ നേതാവ് ഹു ജിന്റാവോയെ സമ്മേളന വേദിയില്‍നിന്ന് ബലമായി പുറത്തേക്കുകൊണ്ടുപോവുന്നതിന്റെ ചിത്രം പോലും പ്രചരിച്ചു. തന്റെ ഏകാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള ആരും പാര്‍ട്ടിയില്‍ വേണ്ടെന്ന ഷിയുടെ തീരുമാനത്തിന്റെ പ്രതിഫലനമാണിത്. കൊവിഡ് നിയന്ത്രണം അനിശ്ചിതമായി തുടരുന്നതിനു പിന്നിലും ഷിയുടെ ഏകാധിപത്യ ശൈലിയാണെന്ന വിമര്‍ശനമുണ്ട്. ജനങ്ങളെ അടിച്ചമര്‍ത്താന്‍ കൊവിഡും ഒരു മറയാക്കുകയാണത്രേ. ഷിയുടെ ഏകാധിപത്യത്തിനെതിരായ വികാരമാണ് ജനകീയ പ്രതിഷേധം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മടുത്തു, ഷി ജിന്‍പിങ്ങിനെ മടുത്തു എന്നിങ്ങനെ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഇതിനു തെളിവാണ്. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ടിയാനന്മെന് സ്ക്വയറിനെ അനുസ്മരിപ്പിക്കുന്ന പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രവചനാതീതമാണ് ഇതിന്റെ അനന്തരഫലം. ഒരു കാര്യം ഉറപ്പാണ്. ഇപ്പോഴത്തെ നിലയ്ക്ക് ചൈനീസ് ഭരണസംവിധാനത്തിന് അധികകാലം ഇതുപോലെ മുന്നോട്ടു കൊണ്ടുപോകാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: