പത്തനംതിട്ട: ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരനും ആവശ്യപ്പെട്ടു. 2017 നവംബര്‍ 13ന് കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം കേന്ദ്ര സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചെങ്കിലും അത് നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായ ഒരു നടപടിയും സ്വീകരിച്ചില്ല.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ദേവസ്വം ബോര്‍ഡിനും പണം കണ്ടെത്താനുള്ള ഒരു വേദിയായി മാത്രം ശബരിമല മാറുന്നു. ഭക്തര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ശബരി പാത ഉടന്‍ പൂര്‍ത്തിയാക്കി വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കണം. ചെങ്ങന്നൂര്‍-പമ്പാ നദീതീര റെയില്‍ പാത കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിലും കേന്ദ്ര വനനിയമം നിലനില്‍ക്കുന്ന പ്രദേശം ആയതിനാലും ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതാണ് ഉചിതം.
ശബരിമലയെ ലോക ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇതുപകരിക്കും. ശബരിമലയിലെ അവസ്ഥ പരിതാപകരമാണ്. ഈ തീര്‍ഥാടന കാലം ആരംഭിച്ചതിനു ശേഷം പത്തോളം ഭക്തന്മാര്ക്ക് ജീവന് നഷ്ടപ്പെട്ടത് പാതയുടെ അപാകത മൂലവും ശരിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാത്തതു കൊണ്ടുമാണ്. ഇത്തരം സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: