ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി കേന്ദ്രമായി ആരംഭിക്കുന്ന ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരെയുള്ള ജനകീയ സമരം കൂടുതല്‍ ശക്തിപ്പെടുന്നു. ഇതിന്റെ ഭാഗമായി സമരസമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു. പട്ടികജാതി കോളനികള്‍ ഏറ്റവും കൂടുതല്‍ സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയില്‍ പ്ലാന്റ് തുടങ്ങാന്‍ അനുവദിക്കില്ലെന്നാണ് സമരസമിതി നിലപാട്.
മെറ്റല്‍ ക്രഷര്‍ ഉടമയ്ക്ക് 50 ലക്ഷം രൂപ നിക്ഷേപവും പ്രതിമാസം അഞ്ചു ലക്ഷം രൂപ വാടകയും എന്ന കരാറില്‍ വന്‍കിട കമ്പനിയാണ് പ്ലാന്റ് നിര്‍മിക്കാന്‍ എത്തിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ പടിഞ്ഞാറെ കല്ലടയില്‍ പ്ലാന്റിനെതിരെ സമാധാനപരമായി സമരം നയിച്ച എട്ടുപേര്‍ക്കെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ച് കള്ളക്കേസ് എടുത്തതായും സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. രണ്ടാം ഘട്ടമായി നിരാഹാര സമരം അടക്കമുള്ളവ ആരംഭിക്കും.
പ്ലാന്റിലേക്ക് വലിയ വാഹനങ്ങള്‍ വരുന്നതിനാല്‍ സമീപത്തെ പഴക്കം ചെന്ന കടപ്പാക്കുഴി പാലം തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഭാരവാഹനങ്ങള്‍ ചീറി പായുന്നതിനാല്‍ സ്കൂള്‍ കുട്ടികള്‍ക്കും ഗ്രാമവാസികള്‍ക്കും റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സമരസമിതി ചെയര്മാന് ഡോ.സി ഉണ്ണികൃഷ്ണന്, കണ്വീനര്സുരേഷ് ചന്ദ്രന്, രക്ഷാധികാരി എസ്.ഗോപാലകൃഷ്ണപിള്ള,ബ്ലോക്ക് പാഞ്ചായത്ത് അംഗം വി.രതീഷ്, ഗ്രാമപഞ്ചായത്ത് അംഗം എന്‍.ഓമനക്കുട്ടന് പിള്ള, അംഗങ്ങളായ കെ.എസ് ഷിബുലാല്‍,എ.കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: