കോഴിക്കോട്: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമാണെന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷന് അക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് ഗൂഢാലോചനയാണ്. സര്‍ക്കാരിന്റെ ഒത്താശ കലാപകാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും കുടുംബാഗങ്ങളുമാണ് സമരത്തിന് മുന്നിലുള്ളത്. ആന്റണി രാജു വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ ചരട് വലിക്കുകയാണ്. ശബരിമലയില്‍ പൊലീസ് എടുത്ത സമീപനവും വിഴിഞ്ഞത്ത് എടുക്കുന്ന സമീപനവും സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ്. മന്ത്രിയുടെ സഹോദരന്റെ ഭാര്യയുടെ പേരില്‍ വിദേശത്ത് നിന്നും പണം വന്നത് അന്വേഷിക്കണം. പ്രദേശവാസികളുടെ പുനരധിവാസത്തിനെ ബിജെപി അനുകൂലിക്കുന്നു. എന്നാല്‍ തുറമുഖം വേണ്ടായെന്ന നിലപാടാണ് അവര്‍ക്കുള്ളത്. പുനരധിവാസം ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സിപിഎം ഒരു വശത്ത് സമരക്കാരെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് വികസനത്തിനോടൊപ്പമാണെന്ന് കാണിക്കാന്‍ പാഴ്ശ്രമം നടത്തുകയുമാണ്. ഹൈക്കോടതി സമരപന്തല്‍ പൊളിക്കണമെന്നും സമരക്കാരെ നീക്കണമെന്നും നിര്‍ദ്ദേശിച്ചത് സര്‍ക്കാര്‍ അവഗണിച്ചു. ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെടാത്തതാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് കലാപമുണ്ടാകാന്‍ കാരണമെന്നും സുരേന്ദ്രന് പറഞ്ഞു.
വിഴിഞ്ഞത്ത് ഉണ്ടായ സംഭവ വികാസങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. വലിയതോതില്‍ കലാപമുണ്ടാക്കാന്‍ സമരസമിതി തയ്യാറെടുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു. കലാപം തടയാന്‍ ഒരു നടപടിയുമുണ്ടായില്ല. ആവശ്യമായ പൊലീസ് സന്നാഹത്തെ വിന്യസിക്കാനോ അക്രമം തടയാനോ സര്‍ക്കാര്‍ ശ്രമിച്ചില്ല. 55 ഓളം പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടും 50 പേരെ ഡിസ്ചാര്‍ജാക്കിയത് കേസിന്റെ ഗൗരവം കുറച്ച് കാണിക്കാനാണ്. പൊലീസ് ചാര്‍ജ് ചെയ്ത വകുപ്പുകള്‍ എല്ലാം നിസാരമാണ്. എല്ലാം എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. അക്രമികളെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രദേശവാസികള്‍ക്കെതിരെ വലിയ അക്രമങ്ങള്‍ നടന്നിട്ടും പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
സിറ്റി പൊലീസ് കമ്മീഷണറും ജില്ലാ കളക്ടറും വിഴി!ഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. വിഴിഞ്ഞം സമരത്തില്‍ കൂടംകുളം സമരനായകന് പങ്കെടുത്തത് അന്വേഷിക്കണം. കൂടംകുളം സമരക്കാര്‍ക്ക് ഇവിടെയെന്ത് കാര്യമെന്ന് അന്വേഷിക്കണം.
വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ബിജെപി അനുവദിച്ചു കൊടുക്കില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കേണ്ടത് വിദേശശക്തികളുടെ താത്പര്യമാണ്. സര്‍ക്കാരിന്റെ കള്ളക്കളിക്കും സമരക്കാരുടെ നീക്കത്തിനും പിന്നില്‍ ചില സ്ഥാപിത താത്പര്യമാണ്.
സില്‍വര്‍ലൈന്‍: മുഖ്യമന്ത്രി മാപ്പു പറയണം
സില്‍വര്‍ലൈന്‍ നടക്കില്ലെന്ന് ബിജെപി അന്നേ പറ!ഞ്ഞിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ മുഖ്യമന്ത്രി തെറ്റ് സമ്മതിച്ച് ജനങ്ങളോട് മാപ്പ് പറയണം. അദ്ദേഹം 14 ജില്ലകളിലും പോയി കെറെയില്‍ വരും കേട്ടാ എന്ന് പറഞ്ഞത് വെറും തള്ളായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സില്‍വര്‍ലൈന്‍ അനുവദിക്കില്ലെന്ന് റെയില്‍വെ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയതാണ്. ജപ്പാനിലെ കാലഹരണപ്പെട്ട സാമഗ്രികള്‍ വാങ്ങി ഇവിടെ ജനങ്ങളെ വഴിയാധാരമാക്കാമെന്ന മുഖ്യമന്ത്രിയുടെ അതിബുദ്ധിക്കാണ് തിരിച്ചടിയുണ്ടായതെന്നും കെ.സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷന്‍ വികെ സജീവന്, ജില്ലാ ജനറല്‍സെക്രട്ടറി ഇ.പ്രശാന്ത്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: