ആലത്തൂര്‍: പാല്‍വില വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാല്‍സംഭരണവില പുതുക്കിനിശ്ചയിച്ച് ചാര്‍ട്ട് പുറത്തിറക്കി. കര്‍ഷകരില്‍നിന്ന് സംഘങ്ങളില്‍ സംഭരിക്കുന്നതിന്റെയും അവിടെ നിന്ന് മില്‍മ വാങ്ങുന്നതിന്റെയും വില രേഖപ്പെടുത്തിയ ചാര്‍ട്ടാണ് സഹകരണ ക്ഷീരവിപണന ഫെഡറേഷന് പുറത്തിറക്കിയത്.
ഡിസംബര്‍ ഒന്നിന് പാല്‍വില ആറുരൂപ വര്‍ധിക്കുമ്പോള്‍ 5.02 രൂപ കര്ഷകന് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊഴുപ്പ് 3.5 ശതമാനവും എസ്എന്‍എഫ് എട്ടുശതമാനവുമുള്ള പാലിന് മാത്രമേ പ്രഖ്യാപിച്ച വില കിട്ടൂ. കറവക്കാലം മുഴുവന്‍ പാലിന് ഈ ഗുണനിലവാരം ലഭിക്കില്ലെന്നിരിക്കെ വര്‍ധിപ്പിച്ച വിലയുടെ ആനുകൂല്യം പൂര്‍ണമായും കര്ഷകന് ലഭിക്കില്ല. ഇതുവരെ ലഭിച്ചിരുന്ന വില ലിറ്ററിന് ശരാശരി 36 രൂപയാണ്. പുതുക്കിയ ചാര്‍ട്ടനുസരിച്ച് ലിറ്ററിന് ശരാശരി 40.04 രൂപമാത്രമേ കര്ഷകന് ലഭിക്കൂ. ഫലത്തില്‍ നാലുരൂപയുടെ വര്‍ധന മാത്രം.
പുതുക്കിയ ചാര്‍ട്ട് പ്രകാരം കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പാല് മില്‍മയ്ക്ക് നല്കുമ്പോള് ലഭിക്കുന്ന ഇടനിലത്തുകയിലും പ്രഖ്യാപിച്ച വര്‍ധനയില്ല. 2019ല്‍ ഗുണനിലവാരമനുസരിച്ച് ലിറ്ററിന് 1.70 രൂപ മുതല്‍ 2.54 രൂപവരെയാണ് ലഭിച്ചിരുന്നത്. ഇത്തവണ വര്‍ധനയിലെ 34 പൈസ ക്ഷീരസംഘങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പുതുക്കിയ ചാര്‍ട്ട് അനുസരിച്ച് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പാല്‍വിലയില്‍നിന്ന് 26 പൈസയുടെ വര്‍ധന മാത്രമേയുള്ളൂ.
കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പാലിന് വില കൂട്ടുന്നതിന് പകരം ഗുണനിലവാരം മാനദണ്ഡമാക്കിയാണ് വര്‍ധന നടപ്പിലാക്കുന്നത്. ഇതുമൂലം വര്‍ധനയുടെ ഗുണം പൂര്‍ണമായും കര്ഷകന് ലഭിക്കാത്ത സ്ഥിതിയാണ്. കൂടിയ വില ലിറ്ററിന് 62.66 രൂപയാണെങ്കിലും ഈ മാനദണ്ഡമനുസരിച്ചു പാലളക്കുന്ന കര്ഷകരില്ലെന്നുതന്നെ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: