പത്തനംതിട്ട : ശബരിമല പൂങ്കാവനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നിർധന ബാലരുടെ അഭയ കേന്ദ്രമായ മണികണ്ഠ ഗുരുകുലത്തിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസംബർ 4 ഞായറാഴ്ച രാവിലെ 10:00 മണിക്ക് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ മിസോറാം മുൻ ഗവർണറും ഗുരുകുലം മുഖ്യ രക്ഷാധികാരിയുമായ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. പ്രമോദ് നാരായണൻ എംഎൽഎയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായരും ചടങ്ങിൽ മുഖ്യാതിഥിയാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ശബരിമല പൂങ്കാവനത്തിലെ വനവാസി കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ, സാംസ്കാരിക വികസനം, ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതിനായി 10 വർഷം മുമ്പാണ് മണികണ്ഠ ഗുരുകുലം സ്ഥാപിച്ചത്.
ശബരി ശരണാശ്രമം ട്രഷറർ എ. ആർ മോഹനൻ ചടങ്ങിലേക്ക് വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്യും. സെക്രട്ടറി വി. എൻ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. ശിശുക്ഷേമ കമ്മിഷൻ ചെയർമാൻ അഡ്വ. രാജീവ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ് ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. എസ് മോഹനൻ എന്നിവർ ആശംസാപ്രസംഗം നടത്തും. ഗ്രാമപഞ്ചായത്തംഗം അഡ്വ. ബി രാധാകൃഷ്ണ മേനോൻ, ആർഎസ്എസ് വിഭാഗ് സംഘചാലക് സി. പി മോഹനചന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.
ശബരിശരണാശ്രമം എഞ്ചിനീയർ കരിങ്കുന്നം രാമചന്ദ്രൻ നായർ, കോൺട്രാക്ടർ ബിജു എബ്രഹാം എന്നിവരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: