ദോഹ: എല്ലാ നിരാശകള്‍ക്കും അറുതിവരുത്തി വിണ്ണിന്റെ കല്പലകമേല് സാക്ഷാല്‍ മെസിഡോണയുടെ വിജയക്കുറിമാനം… ജീവിതത്തിലേക്ക്, പുതിയ പുലരിയിലേക്ക് അര്‍ജന്റീനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. സൗദിഷോക്കില് നിന്ന് അര്‍ജന്റീന ഉണര്‍ന്നിരിക്കുന്നു… അറുപത്തിനാലാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസില്‍ മെസിയുടെ ക്ലിനിക്കല്‍ ഫിനിഷിങ്… ഇരു കൈയും നീട്ടി പറന്നിട്ടും മെക്സിക്കന്‍ ഗോളി ഗില്ലര്‍മോ ഒച്ചാവോയ്ക്ക് പന്ത് തൊടാന്‍ പോലും കിട്ടിയില്ല… ലോകകപ്പില്‍ മെസിയുടെ എട്ടാം ഗോള്‍… ഗോളെണ്ണത്തില്‍ മറഡോണയ്ക്കൊപ്പം… മുന്നില്‍ ഇനി ബാറ്റിസ്റ്റ്യൂട്ട മാത്രം, പത്ത് ഗോള്‍. 21 ലോകകപ്പ് മത്സരങ്ങളോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസിക്കായി, മെസി കണക്കുകളുടെ പുസ്തകത്തിലും മെസിഡോണയായി.
ഗോള്‍നേട്ടം മെസി ആഘോഷിച്ചതും ആരാധകരെ ത്രസിപ്പിച്ചു. ഉന്മാദിയായി ഗ്യാലറിക്ക് നേരെ തിരിഞ്ഞു. വിശ്രുതമായ ആ പത്താം നമ്പര്‍ കുപ്പായം പിടിച്ച് കുലുക്കി… ആരാധക ലോകത്തിന് ചുംബനമെറിഞ്ഞ്… അത്യുന്നതങ്ങളിലെ മഹത്വത്തിന് നേരെ ഇരു കൈകളുമുയര്‍ത്തി… ഒരു ഗോളില്‍ മെസി ഇത്രത്തോളം വികാരഭരിതനാകുന്നത് ഇന്നേവരെ കണ്ടിട്ടില്ലെന്ന് കമന്റുകള്‍ പിറന്നു.
ഒരു മണിക്കൂറോളം പിടിച്ചുനിന്ന മെക്സിക്കന്‍ പ്രതിരോധത്തെയാണ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേട്ടത്തോടെ മെസിപ്പട മറികടന്നത്. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റേതായിരുന്നു രണ്ടാം ഗോള്‍. തീതുപ്പുന്നൊരു ആംഗുലര്‍ ഷോട്ട്. അര്‍ജന്റീനയ്ക്കെതിരെ സൗദി നേടിയ രണ്ടാം ഗോളിന്റെ കാര്‍ബണ്‍ പതിപ്പ് പോലെ ആയിരുന്നു ബോക്സിന്റെ ഇടതുമൂലയില്‍ നിന്നുള്ള എന്‍സോയുടെ അളന്നു മുറിച്ച വോളി. പുറത്താകാതിരിക്കാന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീനയ്ക്ക് ഇപ്പോള്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയിന്റായി.
എന്നാല്‍ അര്‍ജന്റീന താരങ്ങളെ അനങ്ങാന്‍ വിടാതെ പ്രതിരോധിച്ച മെക്സിക്കോയുടെ ഗെയിംപ്ലാനിന് കൈയടി നല്‍കാതെ വയ്യ. കളി പത്ത് മിനിറ്റ് പിന്നിട്ടപ്പോള്‍ ലൂയിസ് ഷാവെസെടുത്ത ഫ്രീ കിക്കിലൂടെ മെക്സിക്കോ അര്‍ജന്റീനയെ ഒന്ന് വിറപ്പിച്ചു. ഹെക്ടര്‍ ഹെരേരയ്ക്ക് പന്ത് കണക്ട് ചെയ്യാനാകാതിരുന്നത് അര്‍ജന്റീനയ്ക്ക് രക്ഷയായി.
അഞ്ചുപേരെ പ്രതിരോധത്തില്‍ അണിനിരത്തിയ മെക്സിക്കോയുടെ ഗെയിംപ്ലാന്‍ പൊളിക്കാന്‍ മെസിക്കും സംഘത്തിനും ആദ്യ പകുതിയില്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: