എം. ശശിശങ്കർ
‘അറബ് വസന്തം’ ‘മുല്ലപ്പൂ വിപ്ലവം’ എന്നൊക്കെ വിളിക്കുന്ന 2010-11 കാലഘട്ടത്തില്‍ അറബ് ലോകത്തു നടന്ന വിപ്ലവങ്ങളില്‍, ഫുട്‌ബോളിനു കാര്യമായ പങ്കുണ്ടായിരുന്നു. 2011ല്‍ ഈജിപ്തിലെ ഹോസ്‌നി മുബാറക്കിനെ അട്ടിമറിക്കാനായി താഹ്‌റിര്‍ സ്‌ക്വയറില്‍ 2011ല്‍ ഒത്തുകൂടിയവരില്‍ വലിയ പങ്ക് അവിടത്തെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ആരാധകരായിരുന്നു.
രണ്ടു പ്രധാനപ്പെട്ട ക്ലബ്ബുകളുടെ ഫാന്‍സായിരുന്നു പാട്ടും മേളവുമൊക്കെയായി താഹരിര്‍ സ്‌ക്വയര്‍ കയ്യടക്കിയത്. അല്‍ അഹ്ലി എഫ്‌സിയുടെ ഫാന്‍ ക്ലബ്ബായ അല്‍ അഹ്ലാവി, സാംലെക് എഫ്‌സിയുടെ വൈറ്റ് നൈറ്റ്‌സ് എന്നിവരായിരുന്നു പ്രമുഖര്‍. പോസ്റ്റര്‍ എഴുത്തു, ബാരിക്കേഡുകള്‍ സൃഷ്ടിക്കല്‍,പോലീസുമായുള്ള സംഘര്‍ഷങ്ങള്‍ എന്നിവയില്‍ ഇവരായിരുന്നു മുന്‍പില്‍. തെമ്മാടിത്തത്തിന്റെ കാര്യത്തില്‍ യൂറോപ്പ്യന്‍ ക്ലബ്ബ്കളേക്കാള്‍ വളരെ മുന്നിലാണ് ഈജിപ്തിലെ ക്ലബ്ബ്കള്‍. 2012ല്‍ പോര്‍ട്ട് സെയ്ദ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ തോറ്റ അല്‍ മസ്രി ക്ലബ്ബിന്റെ ആരാധകര്‍ കളിയില്‍ ജയിച്ച അല്‍ അഹ്ലി ആരാധകര്‍ക്കെതിരെ നടത്തിയ കലാപത്തില്‍ 74 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു.
അല്‍ അഹ്ലി അത്ര ചെറിയ ക്ലബ്ബല്ല… കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആഫ്രിക്കന്‍ ക്ലബ്ബായി ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തെരഞ്ഞെടുത്തത് ഇവരെയാണ്. 38 തവണ ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗും, 35 തവണ ഈജിപ്ഷ്യന്‍ കപ്പും ജയിച്ചവരാണ്. യൂറോപ്പ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ ക്ലബ്ബ്കള്‍ക്കു അവകാശപ്പെടാന്‍ കഴിയാത്ത നേട്ടം. വിപ്ലവത്തിന് ശേഷം മോര്‍സിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം മുസ്ലിം ബ്രദര്‍ഹുഡിനും അള്‍ട്രകള്‍ എന്ന് പറയുന്ന ഫുടബോള്‍ ഫാന്‌സിനും മാത്രമായിരുന്നു എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. പക്ഷെ, ഇത് അധികം കാലം നീണ്ടു നിന്നില്ല. 2013ല്‍ മോര്‍സിയെ പട്ടാളം പുറത്താക്കുകയും പിന്നീട് സിസിയുടെ ഭരണം വരുകയും ചെയ്തപ്പോള്‍ ആദ്യം അറസ്റ്റ് ചെയ്തത് ഈ ഫാന്‍ ക്ലബ്ബ്കാരെയാണ്. 2015ല്‍ ഈജിപ്റ്റിലെ ഒരു കോടതി ഇവരെ നിരോധിച്ചു. പിന്നീട് അവര്‍ സ്വയം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു.
അറബ്, ഇസ്ലാമിക ലോകത്തു ഈജിപ്റ്റില്‍ മാത്രമല്ലാ, ഇപ്പോള്‍ ലോകകപ്പ് കളിക്കുന്ന അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലുമുണ്ട്. ഈ മൂന്നു രാജ്യങ്ങളിലെ ഫാന്‍സിന്റെ ഖത്തറിലെ പ്രകടനം ആകര്‍ഷകമായിരുന്നു. പരാമര്‍ശിക്കേണ്ട മറ്റൊരു രാജ്യം സൗദി അറേബിയയാണ്. അവിടത്തെ ഫാന്‍സും ഖത്തറില്‍ ശ്രദ്ധ നേടിയിരുന്നു. സൗദിയില്‍ ഫാന്‍ ക്ലബ്ബുകള്‍ പുതിയ കാര്യമൊന്നുമല്ല. കഴിഞ്ഞ പത്തു വര്ഷത്തോളമായുണ്ട്.
സൗദി ലീഗില്‍ ഇവരുടെ സാന്നിധ്യം ശക്തമാണ്. ഖത്തറില്‍ അവരെത്തിയത് വിശദമായ തയ്യാറെടുപ്പും കാറിയോഗ്രാഫിയും റിഹേഴ്‌സലുമൊക്കെ നടത്തിയാണെന്നാണ് മാധ്യമങ്ങളോട് അവര്‍ പറഞ്ഞത്. ഇസ്ലാമിക ലോകത്തു ഫുട്‌ബോള്‍, താരാരാധനയൊന്നും കേട്ടുകേള്‍വിയില്ലാത്തതാണെന്നൊക്കെ തോന്നും കേരളത്തിലെ ചില മത പണ്ഡിതന്മാര്‍ പറയുന്നത് കേട്ടാല്‍. മാന്യമായ ആരാധന നടത്തുന്ന രാജ്യങ്ങള്‍ മാത്രമല്ലാ, കൂട്ടക്കൊല നടത്തുന്ന ഫാന്‍സുള്ള രാജ്യങ്ങളും ഇസ്ലാമിക, അറബ് ലോകത്തുണ്ട്. വിപ്ലവം നടത്തിയവരും. ഫാന്‍സ് എവിടെയായാലും ഫാന്‍സ് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: