ന്യൂദല്‍ഹി : ജി 20 ഉച്ചകോടിയില്‍ അധ്യക്ഷപദം ലഭിച്ചത് വന്‍ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദവി രാജ്യത്തിന് മികച്ച ഒട്ടനവധി അവസരങ്ങളാണ് നല്‍കുന്നതെന്നും സമസ്ത മേഖലകളിലും ഉച്ചകോടി ഉണര്‍വ് നല്‍കും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി20 അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നതായി നിരവധിപ്പേര്‍ കത്തെഴുതിയിരുന്നു. ഇതു നമുക്കു വലിയൊരു അവസരമാണ്. ആഗോള നന്മയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലഭിച്ച അവസരം പ്രയോജനപ്പെടുത്തണം. ഡിസംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്കാണ് അദ്ധ്യക്ഷ പദവി ലഭിക്കുന്നത്. വരും വര്‍ഷത്തില്‍ 200 ഓളം യോഗങ്ങളിലാണ് ഇന്ത്യ അധ്യക്ഷത വഹിക്കേണ്ടി വരിക.
വരും മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ഓരോ പരിപാടിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിങ്ങളുടെ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുളള അവസരം കൂടിയാണ് ഇതിലൂടെ ഉണ്ടാകുക. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ആശയത്തിലൂന്നി സാദ്ധ്യമായ മാറ്റങ്ങള്‍ ആഗോളത്തലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ ‘വിക്രം എസ്’ വിജയകരമായി വിക്ഷേപിച്ചതില്‍ ഐഎസ്ആര്‍ഒയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നേട്ടം അയല്‍രാജ്യങ്ങളുമായും പങ്കിടുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് ആകാശം ഒരു പരിധിയല്ലെന്നും വലിയ ചിന്തകളിലൂടെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കൂയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: