കോഴിപ്പോരും ലോകകപ്പ് ഫുട്ബോളും തമ്മില്‍ എന്താണ് ബന്ധം? ഒരു ബന്ധവുമില്ല. എന്നാല്‍, കോഴിപ്പോരിന് ലോകകപ്പ് ക്രിക്കറ്റുമായി ഇല്ലാത്ത ഒരു ബന്ധം ലോകകപ്പ് ഫുട്ബോളുമായുണ്ട്. അതെന്താണെന്നല്ലേ, പറയാം.
ഇന്ത്യയ്ക്ക് ക്രിക്കറ്റ് ടീമുണ്ട്, അവര്‍ ലോകകപ്പ് നേടിയിട്ടുണ്ട്. അതായത് കരയ്ക്കിരുന്ന് കപ്പലോടിക്കുകയല്ല, കളത്തിലിറങ്ങി കളിച്ച് നേടുകയാണ്. അതിന്റെ ആവേശം രാജ്യത്തെമ്പാടുമുണ്ടാകാറുണ്ട്. അതില്‍ കാമ്പുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയിക്കുമ്പോള്‍ കൈയടിക്കുകയും വീഴ്ചപെട്ടാല് കണ്ണീരൊഴുക്കുകയും ചെയ്യുന്നവരുണ്ട്. അത് മനസ്സിലാക്കാം. പക്ഷേ ഇന്ത്യ പങ്കാളിയല്ലാത്ത ഫുട്ബോളില്‍ ഏതൊക്കെയോ രാജ്യത്തിന്റെ വിജയത്തിനായി, പരാജയത്തെ ചൊല്ലി ചിരിപ്പിക്കുകയും കരയുകയും ചെയ്യുകയാണല്ലോ നാട്ടില്‍ പലരും. അതാണ് ഈ കളിക്ക് കോഴിപ്പോര് ബന്ധം. കോഴികള്‍ തമ്മില്ക്കൊത്തുകയാണ്, കാണികളായിനിന്ന് പക്ഷംപിടിക്കുകയാണല്ലോ നമ്മള്.
ഈ പക്ഷംപിടിത്തത്തില് ചിലതുകൂടി പറയണം. ക്രിക്കറ്റ്കളിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയാല്‍, അത് ക്വാളിഫിക്കേഷന്‍ റൗണ്ടിലോ, ക്വാര്‍ട്ടര്‍ ഫൈനലിലോ സെമി ഫൈനലിലോ ആയാലും ഫൈനല്‍ കളിയുടെ ആവേശമായിരിക്കും. ഫൈനല്‍ കളിയെന്നല്ല, ‘യുദ്ധം’ എന്നാണ് പ്രതീതിയുണ്ടാവുക. അതില്‍ വിജയിക്കുന്നത് പാക്കിസ്ഥാനാണെങ്കില്‍, ഇന്ത്യയില്‍ അത് ആഘോഷിക്കുന്നവരുണ്ടെങ്കില്‍ അവര്‍ രാജ്യവിരുദ്ധരാണെന്ന വിമര്‍ശനങ്ങള്‍പോലും ഉണ്ടാകും. പക്ഷേ, അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റാണ്, കളിക്കളത്തില്‍ രാഷ്ട്രീയമില്ല എന്നെല്ലാം അപ്പോള്‍ മറുവാദവും വരും. അതും നമ്മുടെ നാടിന്റെ, നാട്ടിലെ, പ്രത്യേകതയാണ്.
ഈ ലോകകപ്പ് ഫുട്ബോള്കാലത്ത്, രസകരമായ ചില കളിനീരീക്ഷണങ്ങളും വിശകലനങ്ങളും വിമര്‍ശനങ്ങളും വന്നത് മേല്‍പ്പറഞ്ഞ ക്രിക്കറ്റ് സംഭവങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ കൗതുകമേറും. എങ്ങനെയാണ് നമ്മളില്‍ ചിലര്‍ പെട്ടെന്ന് ‘കോഴിപ്പോരുകാരാ’യോ ‘പോരുകോഴികളാ’യോ മാറുന്നതെന്ന് അതിശയപ്പെട്ടുപോകും.
ഖത്തറില്‍ നടക്കുന്ന ഈ ലോകകപ്പ്, ഇതിനു മുമ്പുണ്ടായിട്ടില്ലാത്തവിധം രാഷ്ട്രീയവും മതചിന്തയും ചേര്‍ത്താണ് ഇപ്പോള്‍ വിശകലനം ചെയ്യപ്പെടുന്നത്. പങ്കെടുക്കുന്ന 32 രാജ്യങ്ങള്‍ക്കുമുണ്ട്, അവരവരുടെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍; ചിലര്‍ക്ക് മതപരമായ വിഷയങ്ങളും. ഇവയില്‍ ചിലത് പൊതുലോകത്തിന്റെ പ്രശ്നങ്ങളുമാണ്. പക്ഷേ, അവയില്‍ ചിലത് പൊതുരാഷ്ട്രസമൂഹത്തിന്റെ പ്രശ്നമായിമാറുകയോ മാറ്റുകയോ ചെയ്യുന്നുവെന്നുവന്നപ്പോഴാണ് ഫിഫ ഇങ്ങനെയൊരു പ്രസ്താവന ഇറക്കേണ്ടിവന്നത്; പ്രസ്താവനയില്‍നിന്ന്: ”…എന്നാല്‍ നിലനില്‍ക്കുന്ന എല്ലാ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ പോരാട്ടത്തിലേക്ക് ഫുട്ബോളിനെ വലിച്ചിഴയ്ക്കാന്‍ ദയവായി അനുവദിക്കരുത്,” ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. ഖത്തറിലെ ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കായികരംഗത്തെ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ ”യുദ്ധങ്ങളിലേക്ക്” വലിച്ചിഴക്കരുതെന്നും ലോകകപ്പ് ടീമുകള്‍ക്ക് ഫിഫ കത്തയക്കുന്ന സാഹചര്യം വരെയുണ്ടായി എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. ”ക്രിക്കറ്റ് ഫോര്‍ പീസ്” (ക്രിക്കറ്റ് സമാധാനത്തിന്) എന്ന് ഒരിടയ്ക്ക് മുദ്രാവാക്യം പ്രചരിപ്പിക്കേണ്ടിവന്നതും സമാനമായ ഒരു സാഹചര്യത്തിലാണെന്ന് മറക്കേണ്ട.
ഖത്തര്‍ എന്ന ഗള്‍ഫ് രാജ്യം, ഖുറാനും നബിചര്യയും ആധാരമാക്കിയുള്ള ഭരണഘടന പ്രകാരം രാജഭരണം നിലവിലുള്ള രാജ്യമാണ്. ഇന്ത്യയുമായി, കേരളവുമായി ജനസംഖ്യയില്‍ താരതമ്യം ചെയ്യാനേ ഇല്ലാത്തരാജ്യം. 16 ലക്ഷത്തിനടുത്താണ് അവിടെ ജനസംഖ്യ. പക്ഷേ, ഖത്തര്‍ വിജയിച്ചപ്പോള്‍, അര്‍ജന്റീന 92 ശതമാനം റോമന്‍ കാത്തലിക് ക്രിസ്ത്യാനികളുള്ള രാജ്യമായിട്ടും കേരളത്തിലുള്‍പ്പെടെ വ്യാപകമായി മാലപ്പടക്കം പൊട്ടാഞ്ഞത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതാണ് സാധാരണ ജനങ്ങളുടെ കായിക മനസ്സ്. അവിടം കലക്കാന്‍ ഇസ്ലാമിക മനസ്സുകളെ നിയന്ത്രിക്കുന്ന മതപണ്ഡിതന്മാര് ഉന്തിത്തള്ളിക്കൊണ്ടുവരുന്ന വിചിത്ര ഭാവനകളും വിലക്കുകളും ഒരു പരിധി കഴിയുമ്പോള്‍ അപഹാസ്യമാകുന്നുവെന്ന് മാത്രമല്ല, അപകടവുമാകുന്നുണ്ട്.
അതായത്, അഖിലേന്ത്യാതലത്തില്‍ സുന്നി വിഭാഗം ഇസ്ലാമിക മത പണ്ഡിതന്മാരുടെയും ഇമാമുകളുടെയും ബൗദ്ധിക നിയന്ത്രിതാക്കളായ ആള് ഇന്ത്യാ ജംഇയ്യത്തുല്‍ ഉലേമയുടെ ഭാഗമായ കേരളത്തിലെ പണ്ഡിതരുടെ സംഘടനയാണ് ‘സമസ്ത’. സമസ്ത ലോകകപ്പ് ഫുട്ബോള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ ചില വിലക്കുകള്‍ സ്വസമുദായത്തിനിടയില് കല്പ്പിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളിലെ ഖുത്വബ പ്രസംഗത്തില്‍ പറയാന്‍ തയാറാക്കി കൈമാറിയ നിലപാടുകള്‍ ഏറെ വിചിത്രമായതിനാല്‍ വിവാദമായി. അപ്പാടെ ആര്‍ക്കും വിഴുങ്ങാന്‍ പറ്റാത്ത തരത്തില്‍ ‘ഔഷധം പുരട്ടിയ വിഷ’മായി അത്. അതിന്റെ സദുദ്ദേശ്യവും ദരുദ്ദേശ്യവും വേര്‍തിരിച്ചെടുക്കാന്‍ സമൂഹത്തിലെല്ലാവര്‍ക്കും സാധിക്കാത്തതായി, അത് സ്വസമുദായത്തിനു പോലും സ്വീകാര്യമല്ലാതായി. അങ്ങനെ സമസ്തയുടെ നിലപാടും കായികവിനോദ മേഖലയിലെ മത-രാഷ്ട്രീയ- വര്‍ഗീയ വിഭാഗീയ ചിന്തക്കാരുടെ അടിത്തറ ബലപ്പെടുത്തുന്നതായി.
നിയന്ത്രണത്തോടുകൂടിവേണം ആഘോഷവും ആഡംബരവും എന്നത് ആര്‍ക്കും സ്വീകാര്യമാണ്. മാത്രമല്ല, എന്തിലും അതിരുണ്ടാകുന്നതാണ് നല്ലതും. ആ നിലയ്ക്ക് ഫുട്ബോള്‍ കായിക വിനോദമായി ആനന്ദിക്കുന്നതിന് വരുത്തുന്ന വമ്പിച്ച പാഴ്ചെലവുകള്‍ ഒഴിവാക്കണമെന്ന നിലപാട് അംഗീകരിക്കാവുന്നതാണ്. അതൊഴിച്ചാല്‍ സമസ്തയുടെ ബാക്കി നിലപാട് അപകടകരമാണ്. ‘നിസ്കാരം മുടക്കിക്കൊണ്ട് ഫുട്ബോള്‍ കളികാണേണ്ട’ എന്ന വിലക്ക്, കളിക്കാരും നിസ്കാര വേളയില്‍ കളിക്കിറങ്ങരുത് എന്ന നാളത്തെ വിലക്കിലേക്കുള്ള വഴിയാകരുത്. സാനിയ മിര്‍സ എന്ന ലോകോത്തര ബാഡ്മിന്റണ്‍ കളിക്കാരിയെ മതനിഷ്ഠപ്രകാരമുള്ള വസ്ത്രമുടുപ്പിക്കാന്‍ വാദിച്ചവരും ലോക സൗന്ദര്യ മത്സരം ടെലിവിഷനില്‍പോലും കാണുന്നതിന് വിലക്ക് ഏര്പ്പെടുത്തിയവരുമുള്ള നാടാണ് നമ്മുടേത്. ‘വീരാരാധന വേണ്ടെന്നു വിലക്കുന്ന’ സമസ്ത, അതിന് കാരണമായി പറയുന്നത്, ‘അവരുടെ മത വിശ്വാസപ്രകാരമുള്ള ദൈവത്തെ മാത്രമേ ആരാധിക്കാവൂ’ എന്നതാകുമ്പോള്‍ അത് അപകടമാണ്. ഇസ്ലാം വിരുദ്ധമെന്ന് ആ വിഭാഗം കരുതുന്ന, ‘അധിനിവേശം നടത്തിയ ചരിത്രമുള്ള രാജ്യങ്ങളുടെ പതാക വഹിക്കരുതെന്നും ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും’ വിലക്കുന്നത് വലിയ അപകടമാണ്. അതും അധിനിവേശം നടത്തി അധീശത്വം സ്ഥാപിച്ച ചരിത്രം ഏറെയുള്ള മത വിഭാഗത്തിന്റെ പണ്ഡിതര്‍ പറയുമ്പോള്‍. അതായത്, സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത ഏകമത വാദികള്‍ ജനാധിപത്യ വിരുദ്ധമായി വ്യക്തിപരമായി പറഞ്ഞുപോന്ന കാര്യങ്ങള്‍ മതത്തിന്റെയും മത സംഘടനകളുടെയും ആധികാരിക നിലപാടാക്കി മാറ്റുകയാണ് ‘സമസ്ത’ ചെയ്തത്. അഫ്ഗാനിസ്ഥാനില്‍ സംഗീതം നിരോധിച്ച താലിബാന് ഭരണകൂടത്തിന്റെ വഴിയിലേക്ക് കായിക മേഖലയെ കൊണ്ടുപോകുന്ന അപകടവഴികൂടിയാണ് അതെന്നുപോലും ആശങ്കപ്പെടേണ്ടിവരുന്നു.
ഈ ചിന്തകളും പ്രസ്താവനകളും വിവാദങ്ങളും ഒക്കെയുണ്ടാകുമ്പോള്‍ നമുക്ക് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമില്ലെന്ന് ഓര്‍മിക്കണം. ‘കോഴിപ്പോരു’ കണ്ട് പക്ഷം പിടിക്കുന്നവരെപ്പോലെയാണ് നമ്മള്. എന്തുകൊണ്ട്? അതിന് നമ്മുടെ കായിക ലോകത്തിന്റെ ചരിത്രത്തെക്കുറിച്ചുകൂടി പുനശ്ചിന്തിക്കണം.
ദേശീയ കായികനയം വന്നതെന്നാണ്, 1984-ല്‍! നമുക്ക് പ്രത്യേക കായിക മന്ത്രാലയം ഉണ്ടായത് 2000 ല്‍ മാത്രമാണ്, അതിനു മുമ്പ് യുവജനക്ഷേമമന്ത്രാലയത്തിലെ ഒരു ‘വകുപ്പ്’മാത്രമായിരുന്നു. പക്ഷേ കായിക ലോകത്ത് നമ്മുടെ നാട്ടില്‍ അക്കാലങ്ങളില്‍ എന്തെല്ലാം തട്ടിപ്പുകള്‍ നടന്നു, ഇപ്പോഴും നടക്കുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍, കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ പേരില്‍, അന്നത്തെ സ്പോര്‍ട്സ് വകുപ്പുമന്ത്രി സുരേഷ് കല്‍മാഡി നടത്തിയത്70,000 കോടി രൂപയുടെ അഴിമതിയായിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ‘ആജീവനാന്ത’ പ്രസിഡന്റു പോലെയായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന് ദാസ് മുന്‍ഷി, 19 വര്‍ഷം തുടര്‍ന്നു. ഇന്ത്യയില്‍ മികച്ച ഫുട്ബോള്‍ കളിക്കാരില്ലാതില്ല. ഇതൊക്കെയായിട്ടും ഇന്ത്യയ്ക്ക് ലോകകപ്പില്‍ കളിക്കാന്‍ യോഗ്യതയില്ല. ചിന്തിക്കേണ്ടതുണ്ട്.
ഒളിമ്പിക്സില്‍ വിജയം ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ‘ടോപ്സ്'(ടാര്‍ഗറ്റ് ഒളിമ്പിക്സ് പോഡിയം സ്കീം), 2019 ലെ ഫിറ്റ് ഇന്ത്യാ മൂവ്മെന്റ്, 2017 ല്‍ അവതരിപ്പിച്ച നാഷണല്‍ കോഡ് ഫോര്‍ ഗുഡ് ഗവേണന്‍സ് ഇന്‍ സ്പോര്‍ട്സ് തുടങ്ങിയ പദ്ധതികള്‍ക്ക് ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ഖത്തറിന്റെയും സൗദി അറേബ്യയുടെയും മറ്റും വിജയം ആഘോഷിക്കുന്നതും ‘ഫുട്ബോള്‍ ലഹരി’ക്കെതിരേ മതവിലക്ക് പറയുമ്പോഴും ഇന്ത്യക്ക് ലോകകപ്പില്‍ കളിക്കാന്‍ ഫുട്ബോള്‍ ടീമില്ലാത്തത് നമ്മുടെ ചിന്താവിഷയമാകുന്നില്ല എന്നതാണ് യഥാര്‍ത്ഥ ചിന്താവിഷയം. അതും ഗീതപഠിച്ച് സ്വര്‍ഗം (ആത്മോന്നതി) ലഭിക്കുന്നതിനേക്കാള്‍ വേഗം, ഫുട്ബോള്‍ കളിച്ചാല്‍ കിട്ടുമെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദന്റെ നാട്ടില്‍. മതചിന്തകൊണ്ട് ഫുട്ബോള്‍ കളത്തിലും പുറത്തും ‘പ്രതിരോധം’ (ഡിഫന്‍സ്) കളിക്കുന്നവര്‍ വിവേകാനന്ദന് പറഞ്ഞത് വിശദമായി പഠിക്കണം. യുവാക്കളോട്, ‘വേദാന്തം പ്രായോഗിക ജീവിതത്തിലെങ്ങനെ’ എന്ന് വിശദീകരിക്കെ സ്വാമി പറഞ്ഞതിന്റെ ചുരുക്കമിങ്ങനെ: ”…ഇത്തരത്തില്‍ ക്ഷയിച്ച ബുദ്ധികൊണ്ട് ഒന്നുമാകില്ല. ആദ്യം അത് ശക്തമാക്കണം. അതിനാദ്യമായി യുവാക്കളേ നിങ്ങള്‍ കരുത്തരാകണം. മതം പിന്നാലെ വന്നുകൊള്ളും. എന്റെ യുവ കൂട്ടുകാരെ; നിങ്ങള്‍ക്കുള്ള എന്റെ ഉപദേശമിതാണ്. നിങ്ങള്‍ ഗീത പഠിക്കുന്നതിലൂടെയെന്നതിനേക്കാള് വേഗം ഫുട്ബോള്‍ കളിയിലൂടെ സ്വര്‍ഗത്തിലേക്ക് കൂടുതല്‍ അടുക്കും…” ശരിയായി ധരിച്ചാല്‍ ഈ വാക്കുകള്‍ക്കപ്പുറം വിവാദങ്ങളില്ല.
പിന്കുറിപ്പ്:
ഇത് വിരമിക്കലിന്റെ കാലമാണ്; നിയമനങ്ങളുടേതും. കോഴിക്കോട് ജില്ലയില്‍ മാത്രം 28 കായികാധ്യാപകര്‍ വിരമിക്കുന്നു. ഇവര്‍ക്ക് പകരം നിയമനം ഉണ്ടാകുമോ. അതോ വിവാദമായ പിന്‍വാതിലിലൂടെ അവിടെയും സ്വന്തക്കാര്‍ക്ക് കരാര്‍ ഉറപ്പിക്കുമോ? കേന്ദ്രസര്‍ക്കാര്‍ നിയമന മേളയിലൂടെ, സുതാര്യമായി ലക്ഷക്കണക്കിന് പേരെ നിയമിക്കുന്നു. ഇവിടെ വിവാദ നിയമനങ്ങള്‍ക്കെതിരേ സമരങ്ങള്‍. സ്കൂളുകളില്‍നിന്ന് സംഗീത-നൃത്ത അധ്യാപകര്‍ കാലക്രമത്തില്‍ ഇല്ലാതായി. കായിക രംഗത്തും ആ ഗതിവരുമോ. കണ്ടറിയണം. ആചാര ലംഘനത്തിനുള്ള വാശിയില്‍ യുവതികളെ ശബരിമലകയറ്റാന്‍ ‘ഓട്ട മത്സരം’ നടത്തിയതൊഴിച്ചാല്‍ കായികരംഗത്ത്, വ്യക്തികള്‍ ഉണ്ടാക്കിയ നേട്ടങ്ങളേ ഇവിടെയുള്ളു; സര്‍ക്കാരിന് എട്ടുകാലി മമ്മൂഞ്ഞിന്റെ റോളാണ്. സ്പോര്‍ട്സ് വകുപ്പുമന്ത്രിയായിരുന്നവര് ‘മുഹമ്മദ അലി’ മാരെയും ‘മേഴ്സി’മാരുടെയും കളിപ്പിള്ളമാരായിരുന്നിട്ടുപോലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: