ദോഹ : ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ തോല്‍വിക്ക് ശേഷം ജയത്തോടെ മത്സരത്തില്‍ തിരിച്ചുവന്ന് അര്‍ജന്റീന. മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണല്‍ മെസി തന്നെയാണ് അര്‍ജന്റീനയുടെ ഹീറോ.
എന്‍സോ ഫെര്‍ണാണ്ടസാണ് രണ്ടാം ഗോള്‍ അടിച്ചത്. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതാണ് ഇപ്പോള്‍ അര്‍ജന്റീന. സൗദിയാണ് മൂന്നാം സ്ഥാനത്ത്. ആദ്യപാതിയില്‍ വേണ്ടത്ര ശോഭിക്കാന്‍ അര്‍ജന്റീനയ്കക് സാധിച്ചിരുന്നില്ലെങ്കിലും രണ്ടാം പകുതിയിലേക്കെത്തിയപ്പോള്‍ അര്‍ജന്റീന കളി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.
32-ാം മിനിറ്റിലാണ് അര്‍ജന്റീനയക്ക് ആദ്യ കോര്‍ണര്‍ ലഭിക്കുന്നത്. 35-ാം മിനിറ്റിലാണ് മെക്സിക്കന്‍ പോസ്റ്റിലേക്ക് പന്തെത്തിക്കാന്‍ അര്‍ജന്റീനയ്ക്കായി ബുദ്ധിമുട്ടേറിയ കോണില്‍ നിന്ന് മെസിയെടുത്ത ഫ്രീകിക്ക് മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവ തട്ടിയകറ്റി. ഡി മരിയയെ മെക്സിക്കന്‍ പ്രതിരോധതാരം വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. 41 മിനിറ്റില്‍ ഡി മരിയ മെക്സിക്കന്‍ ബോക്സിലേക്ക് നീട്ടിനല്‍കിയ ക്രോസില്‍ ലാതുറോ മാര്‍ട്ടിനെസ് തലവച്ചെങ്കിലും പന്ത് വീണ്ടും പുറത്തേക്കെത്തി.
എന്നാല്‍ രണ്ടാംപാതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജന്റീന തിരിച്ചുവരവിലേക്കാണെന്ന് വിളിച്ചോതി. 64-ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ ഇടങ്കാലിലൂടെ. വലത് വിങ്ങില്‍ നിന്നും ഡി മരിയ നല്കിയ പാസ് മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു.
തുടര്‍ന്ന് അര്‍ജന്റീനയുടെ മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസും എസെക്വിയല്‍ പലാസിയോസും എത്തിയതോടെ കൂടുതല്‍ മികച്ച നീക്കങ്ങളുമുണ്ടായി. മുന്നേറ്റത്തില്‍ ജൂലിയന്‍ അല്‍വാരസിന്റെ വേഗമേറിയ നീക്കങ്ങളും അര്‍ജന്റീനയ്ക്ക് ഉണര്‍വ് നല്കി. പിന്നാലെ എന്‍സോയുടെ ഗോള്‍. 87-ാം മിനിറ്റിലാണ് മെസിയുടെ അസിസ്റ്റില്‍ എന്‍സോ വല കുലുക്കിയത്.
പതിവിന് വിപരീതമായി അഞ്ച് പേരാണ് ഇത്തവണ അര്‍ജന്റീനയുടെ പ്രതിരോധ സംഘത്തിലുണ്ടായിരുന്നത്. റൊമേറൊയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, മൊളിനയ്ക്ക് പകരം ഗോണ്‍സാലോ മോന്റീല്‍, ടാഗ്ലിയാഫിക്കോയ്ക്ക് പകരം മാര്‍കോസ് അക്യൂന എന്നിവരായിരുന്നു ടീമിന്റെ പ്രതിരോധ നിര. കൂടാതെ മധ്യനിരയില്‍ ഗ്വെയ്ഡോ റോഡ്രിഗസും മാക് അലിസ്റ്റുമിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: