തിരുവനന്തപുരം: നിത്യനിദാന ചെലവിനു പോലും വായ്പ എടുക്കേണ്ട സ്ഥിതിയില്‍ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കെ കെഎസ്എഫ്ഇയില്‍ പുതിയ തസ്തിക ഉണ്ടാക്കി അനധികൃത നിയമനം നടത്തുന്നു. ഇതിലൂടെ കെഎസ്എഫ്ഇക്ക് ലക്ഷങ്ങളുടെ അധിക ബാധ്യത.
ഓരോ ബ്രാഞ്ചുകളിലെയും ബിസിനസ് വിലയിരുത്തിയ ശേഷം പോയിന്റുകള്‍ നല്കി ഗ്രേഡ് അനുസരിച്ച് തരം തിരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 20 പോയിന്റും കൂടുതല്‍ നൂറിന് മുകളിലും. നൂറിന് മുകളില്‍ ബിസിനസ് ഉള്ള ബ്രാഞ്ചിന് എജിഎമ്മിനെ നിയമിക്കാനാണ് തീരുമാനം. സീനിയര്‍ ചീഫ് മാനേജര്‍ മുതല്‍ ബ്രാഞ്ച് മാനേജര്‍ വരെയുള്ളവരാണ് ബ്രാഞ്ചുകള്‍ നിയന്ത്രിക്കുന്നത്. സീനിയര്‍ മാനേജര്‍മാര്‍ക്കാണ് നൂറ് പോയിന്റുകള്‍ ഉള്ള ബ്രാഞ്ചുകളുടെ ചുമതല. എന്നാല്‍ വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നതിനായി ചില സീനിയര്‍ മാനേജര്‍മാരെ എജിഎമ്മുമാരാക്കാനാണ് നീക്കം. ഇരുപതോളം എജിഎമ്മുമാരെയാണ് നിയമിക്കുന്നത്.
ആവശ്യമില്ലാത്ത ഈ തസ്തിക സൃഷ്ടിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കെഎസ്എഫ്ഇക്ക് വരുത്തി വയ്‌ക്കുന്നത്. കൊവിഡ് മഹാമാരിയില്‍ ബിസിനസ് കുറഞ്ഞ് ക്രമേണ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് അധിക ബാധ്യതയിലേക്ക് കെഎസ്എഫ്ഇയെ കൊണ്ട് ചെന്നെത്തിക്കുന്നത്. ശമ്പളം, വാഹനം മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ പ്രതിമാസം ഇരുപത് ലക്ഷത്തോളം രൂപ അധികമായി പുതുതായി നിയമിക്കുന്ന എജിഎമ്മുമാര്‍ക്ക് വേണ്ടിവരും.
നിലവില്‍ 16 റീജിയണല്‍ ഓഫീസുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ബിസിനസ് കൂടിയ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളില്‍ രണ്ട് റീജിയണല്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു. ഇനി റീജിയണല്‍ ഓഫീസ് പോലും വേണ്ടെന്നു വച്ചിരിക്കെയാണ് എജിഎമ്മുമാരുടെ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: