ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് വാര്‍ഷികദിനമായ നാളെ രാജ്യം പ്രണാമം അര്‍പ്പിക്കും. രാജ്യം കണ്ടതില്‍വെച്ചു തന്നെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് 2008 നവംബര്‍ 26ന് മുംബൈ സാക്ഷിയായത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുണ്ടായ ഭീകരാക്രണത്തെ ചെറുക്കുന്നതിനിടെ 18 സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെട 166 പേര്‍ക്ക് ജീവന് ബലിയര്‍പ്പിക്കേണ്ടി വന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്, മുംബൈ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അശോക് കാംതെ, സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിജയ് സലാസ്കര്‍, സബ് ഇന്‍സ്പെക്ടര്‍ തുക്കാറാം ഓംബ്ലെ എന്നിവരുള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ജീവന് ബലിയര്‍പ്പിക്കേണ്ടി വന്നത്.
പാകിസ്ഥാനില്‍ നിന്നുള്ള പത്ത് ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ കടല്‍ മാര്‍ഗ്ഗം ഇന്ത്യയിലെത്തുകയും മുംബൈയിലെ താജ് മഹല്‍ ഹോട്ടല്‍, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനല്‍, ഒബ്റോയ് ട്രിഡന്റ്, കമാ ഹോസ്പിറ്റല്‍, ലിയോപോഡ് കഫേ, നരിമാന് ലൈറ്റ് ഹൗസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയും താജ്മഹല്‍ ഹോട്ടലിലെ താമസക്കാരെ ബന്ധികളാക്കുകയുമായിരുന്നു. മൂന്നു ദിവസം നീണ്ട ധീരമായ പോരാട്ടത്തിലൂടെ എന്‍എസ്ജി കമാന്‍ഡോകള്‍ ഒന്‍പത് ഭീകരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: