ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നിയമിച്ച കെ റെയില്‍ സ്പെഷല്‍ ഓഫീസര്‍ വി. വിജയകുമാര്‍ വ്യാജ രേഖ ഹാജരാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതീവ സുരക്ഷാ തിരിച്ചറിയല്‍ രേഖകള്‍ കരസ്ഥമാക്കി. അങ്ങേയറ്റം ഗുരുതരമായ സംഭവത്തില്‍ മന്ത്രാലയം അടിയന്തര അന്വേഷണം ആരംഭിച്ചു. മന്ത്രാലയങ്ങള്‍ക്ക് പുറമേ പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ആസ്ഥാനങ്ങളിലേക്കടക്കം പ്രവേശനമുള്ള പാസാണിത്.
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ മറികടക്കാന്‍ വ്യാജ രേഖകള്‍ ഹാജരാക്കി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകളും വാഹന പാസുകളും സ്വന്തമാക്കുകയായിരുന്നു. ഇതിന്‌സംസ്ഥാന സര്‍ക്കാര്‍ മുദ്രയുള്ള കത്തുകള്‍ കേരള ഹൗസിലെ ഓഫീസില്‍ ഇയാള്‍ വ്യാജമായി നിര്‍മിക്കുകയായിരുന്നു. ഇയാള്‍ വ്യാജരേഖ ചമച്ചതായി സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടിയെടുത്തില്ല. അനര്‍ഹന്‍ അതീവ സുരക്ഷാ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മന്ത്രാലയങ്ങളിലും മറ്റും നിരന്തരം കയറുന്നത് സംസ്ഥാന സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു മറച്ചുവച്ചു. ജോയിന്റ് സെക്രട്ടറിക്കു മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥരുടെ മെറൂണ്‍ ടാഗോടെയുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് വി. വിജയകുമാര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സ്വന്തമാക്കിയത്. ദല്‍ഹിയില്‍ റെസിഡന്റ് കമ്മിഷണര്‍ക്ക് മാത്രമാണ് ഈ കാര്‍ഡുള്ളത്.
കാര്‍ഡ് ഉപയോഗിക്കരുതെന്ന് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഗസ്ത് നാലിന് വിജയകുമാറിന് ഉത്തരവു നല്കി. മൂന്നര മാസം കഴിഞ്ഞിട്ടും വിജയകുമാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ തിരികെ സമര്‍പ്പിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ ലയ്‌സണ്‍ ഓഫീസറായിരുന്ന വിജയകുമാറിനെ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് കെ റെയില്‍ ചുമതലയില്‍ ദല്‍ഹിയില്‍ നിയമിച്ചത്. കേരള ഹൗസില്‍ റസിഡന്റ് കമ്മിഷണര്‍ക്ക് തുല്യമായ ഓഫീസും സൗകര്യങ്ങളും ഇയാള്‍ക്ക്നല്കി. ഇതിന്റെ മറപറ്റിയാണ് തിരിച്ചറിയല്‍ കാര്‍ഡ് തട്ടിയെടുത്തത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ ഹെഡില്‍ ചീഫ് സെക്രട്ടറിയുടെ കത്തും ആഭ്യന്തര മന്ത്രാലയത്തില്‍ ഹാജരാക്കി. ഇതിന്റെ ആധികാരികതയെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഔദ്യോഗിക സ്റ്റേഷനറികളില്‍ വിജയകുമാര്‍ സംസ്ഥാന സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നതു തടഞ്ഞ്, ആഗസ്ത് 4ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. വിജയകുമാറിന്റെ നടപടികള്‍ കുറ്റകരമാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. എന്നിട്ടും ചീഫ് സെക്രട്ടറി നടപടിയെടുത്തില്ല.
ഹരിയാന രജിസ്‌ട്രേഷനില്‍, ഗുഡ്ഗാവിലുള്ള ടാക്‌സി ഇന്നോവ ക്രിസ്റ്റ കാറില്‍ സര്‍ക്കാര്‍ വാഹനമെന്ന ബോര്‍ഡ് വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പാസ് സംഘടിപ്പിച്ചാണ് വിജയകുമാറിന്റെ യാത്രകള്‍. ടാക്‌സി വാഹനത്തിന്റെ മഞ്ഞ കളര്‍ നമ്പര്‍ പ്ലേറ്റ് മാറ്റി സര്‍ക്കാര്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച നിലയില്‍ കേരള ഹൗസില്‍ മാസങ്ങളായി ഈ വാഹനമുണ്ട്. ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള പ്രത്യേക പ്രവേശന പാസടക്കം ഈ വാഹനത്തില്‍ പതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: