മലപ്പുറം : എന്റെ ഉസ്താദിന് ഒരു ഭവനം പദ്ധതിയെന്ന പേരില്‍ വ്യാപകമായി പണം തട്ടിപ്പ് നടത്തിയിരുന്ന സംഘം പിടിയില്‍. മലപ്പുറം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘമാണ് മഞ്ചേരി പോലീസിന്റെ പിടിയിലായത്. മഞ്ചേരി കേന്ദ്രീകരിച്ച് തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തി വരികയായിരുന്നു.
അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ഹുസൈന് ടി.കെ., പാലക്കാട് അലനല്ലൂര്‍ സ്വദേശി ഷൗക്കത്തലി സി. എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.
അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മഞ്ചേരി മുട്ടപ്പാലം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പരസ്യം ചെയ്ത് ആളുകളെ വിളിച്ചുവരുത്തി അവരില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. മഞ്ചേരിയിലെ ഇവരുടെ ഓഫീസിന് പുറത്തായി എന്റെ ഉസ്താദിന് ഒരു വീട് പദ്ധതിയെന്ന് ബാനറും കെട്ടിവെച്ചിരുന്നു. പോലീസ് തെരച്ചിലിനായി എത്തിയപ്പോള്‍ അഞ്ച് പേര് ചേര്‍ന്ന് നോട്ട് എണ്ണുന്ന മെഷീന് ഉപയോഗിച്ച് പണം എണ്ണിതിട്ടപ്പെടുത്തുകയായിരുന്നു. പോലീസിനെ കണ്ട ഉടനെ ഇവരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബാക്കി നാല് പേരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. 58.5 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പോലീസ് നടത്തിയ തെരച്ചിലില്‍ രസീത് ബുക്കുകള്‍, ചെക്കുകള്‍, എഗ്രിമെന്റ് പേപ്പറുകള്‍, മുദ്രപത്രങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയാണ് ഇവര്‍ പലരില്‍ നിന്നായി ഇടാക്കിയിരുന്നത്. രണ്ട് ലക്ഷം രൂപ നല്‍കിയവര്‍ക്ക് നാല് മാസത്തിന് ശേഷം എട്ട് ലക്ഷത്തിന്റെ വീട് അവര്‍ക്കായി വെച്ചു നല്‍കുമെന്നുമാണ് തട്ടിപ്പ് സംഘം അറിയിച്ചത്. അതേസമയം പണം നല്‍കിയതില്‍ ആരും ഇതുവരെ പരാതി എഴുതി നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
തട്ടിപ്പ് സംഘം കഴിഞ്ഞ 20ന് 37 ആളുകളില്‍ നിന്നായി 24,60,000 രൂപയും 21ാം തീയതി 22 ആളുകളില്‍ നിന്ന് 35,48,000 രൂപയും 22 ന് 34 ആളുകളില്‍ നിന്നായി 58,50,000 രൂപയും വീതം 3 ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 93 പേരില്‍നിന്നായി 1,18,58,000 രൂപയാണ് പിരിച്ചെടുത്തത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം പരിശോധിച്ച സമയത്ത് പിടിച്ചെടുത്ത 58,50,000 രൂപ പിരിച്ചതിന്റെ രേഖകളും വ്യക്തി വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിക്ഷേപമായി സ്വീകരിച്ച പണത്തില്‍ 30ലക്ഷത്തില്‍ പരം രൂപ രണ്ടാം പ്രതിയായ മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പുലര്‍ച്ചെ പെരിന്തല്‍മണ്ണ പൊലീസിന്റെ സഹായത്തോടെ ആണ് ഇയാളുടെ വീട്ടില്‍ നിന്നും 30,70,000 രൂപ കണ്ടെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: