തിരുവനന്തപുരം: കമ്മിഷന് തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍. അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിട്ടു സമരം ചെയ്യാന്‍ റേഷന്‍ വ്യാപാരി സംഘടനകളുടെ സംയുക്ത സമരസമിതി സര്‍ക്കാരിനു നോട്ടിസ് നല്കി.
ഒക്ടോബര്‍ മാസത്തെ കമ്മിഷന് നല്കാന് 29.51 കോടി രൂപ വേണമെങ്കിലും 14.46 കോടി രൂപ മാത്രമാണു ധനവകുപ്പ് അനുവദിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ബാക്കി പണം നല്‍കാമെന്ന് ഇന്നലെ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും ധനവകുപ്പില്‍ നിന്നു രേഖാമൂലം ഉറപ്പ് വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നിലവിലെ വേതന പാക്കേജ് തന്നെ വര്‍ധിപ്പിക്കണമെന്ന ദീര്‍ഘകാല ആവശ്യം നിലനില്‍ക്കെയാണു ലഭിച്ചു കൊണ്ടിരിക്കുന്ന വേതനം വെട്ടിച്ചുരുക്കിയതെന്നു ചൂണ്ടിക്കാട്ടിയും മുഴുവന്‍ കമ്മിഷനും നല്‍കണമെന്ന് ആവശ്യപ്പെട്ടും നേതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനവും നല്കി.
തിങ്കളാഴ്ച രാത്രി ചേര്‍ന്ന സംഘടനകളുടെ അടിയന്തര യോഗമാണു സമരം തീരുമാനിച്ചത്. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കെആര്‍ഇയു (സിഐടിയു), കെആര്‍ഇയു (എഐടിയുസി) എന്നീ സംഘടനകള്‍ ചേര്‍ന്നു രൂപം നല്കിയ സമരസമിതിയാണു സിവില്‍ സപ്ലൈസ് കമ്മിഷണര്‍ക്കു നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: