Categories: Kollam

കൊട്ടിയത്തെ മാള്‍ നിര്‍മാണം; അടിമുടി ദുരൂഹത, നിലവിലുള്ള കെട്ടിടം കൈമാറാന്‍ നീക്കം, നാല് സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തത് കോടിക്കണക്കിന് രൂപ

സഹകരണ രജിസ്ട്രാറുടെ അനുവാദം ഇല്ലാതെയാണ് സഹകരണ ബാങ്കുകളില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ വായ്പഎടുത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നു. കൂടാതെ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ അനുമതി വാങ്ങാതെയാണ് സഹകരണബാങ്കുകളില്‍ നിന്നും എടുത്ത വായ്പതുക കൊണ്ട് ഭൂമി വാങ്ങിയതും കെട്ടിടനിര്‍മാണം നടത്തുന്നതും.

Published by

കൊട്ടിയം: കൊട്ടിയം ടൗണില്‍ നിര്‍മിക്കുന്ന ഡ്രീംസ് മാള്‍ നിര്‍മാണത്തില്‍ ദുരൂഹത, നിലവിലുള്ള കെട്ടിടം കൈമാറാന്‍ നീക്കം. ഇരവിപുരം നിയോജക മണ്ഡലത്തില്‍ സിപിഎം ഭരിക്കുന്ന നാല് സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെയും വ്യവസായികളുടെയും പ്രവാസികളുടെയും ഓഹരി എടുപ്പിച്ചു കൊണ്ട് സൊസൈറ്റി ആക്ട് പ്രകാരമാണ് ദേശിങ്ങനാട് റാപ്പിഡ് ഡെവലപ്പ്‌മെന്റ് ആന്റ് അസിസ്റ്റന്റ്‌സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് രേഖാമൂലം സൊസൈറ്റി അധികൃതര്‍ പറയുന്നത്. ഉമയനല്ലൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ഫത്തഹുദീനാണ് സൊസൈറ്റി പ്രസിഡന്റ്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടെങ്കിലും സൊസൈറ്റിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഇപ്പോഴും ദുരൂഹതയുണ്ടെന്ന് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു. നാല് സഹകരണ ബാങ്കുകളില്‍ നിന്നും യാതൊരു ഈടും ഇല്ലാതെയാണ് കോടിക്കണക്കിന് രൂപ മാള്‍ നിര്‍മാണത്തിന് വ്യവസായം തുടങ്ങാനുള്ള ലോണ്‍ എന്ന നിലയില്‍ വായ്പയെടുത്തിട്ടുള്ളത്.

സഹകരണ രജിസ്ട്രാറുടെ അനുവാദം ഇല്ലാതെയാണ് സഹകരണ ബാങ്കുകളില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ വായ്പഎടുത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നു. കൂടാതെ  ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ അനുമതി വാങ്ങാതെയാണ് സഹകരണബാങ്കുകളില്‍ നിന്നും എടുത്ത വായ്പതുക കൊണ്ട് ഭൂമി വാങ്ങിയതും കെട്ടിടനിര്‍മാണം നടത്തുന്നതും. ഭരണസ്വാധീനം ഉപയോഗിച്ച് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് പടുകൂറ്റന്‍ മാള്‍ കൊട്ടിയത്ത് പടുത്തുയര്‍ത്തുന്നത്. നിര്‍മാണത്തിന്റെ 75 ശതമാനം പൂര്‍ത്തിയായി മുന്നോട്ട് പോകുമ്പോള്‍ സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ തുകകളുടെ തിരിച്ചടവ് ഇപ്പോഴും വഴിമുട്ടി നില്‍ക്കുകയാണ്.

പ്രവാസികളുടെ കൈയില്‍ നിന്നും വ്യാപാരി വ്യവസായികളുടെ കൈയില്‍ നിന്നും പിരിച്ചെടുത്ത ഷെയര്‍ തുകകളെ പറ്റിയും കൊട്ടിയം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫീസില്‍ പോലും വിവരങ്ങള്‍ ഇല്ലെന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. സൊസൈറ്റിയ്‌ക്ക് കൊടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയത് ചൂണ്ടി കാണിച്ച് സഹകരണ ബാങ്കുകളില്‍ സംസ്ഥാന സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം നിയമപ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മാള്‍ കൈമാറാനുള്ള നീക്കമാണ് ഇപ്പോള്‍ സൊസൈറ്റി അധികൃതര്‍ നടത്തുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന മാളില്‍ സഹകരണ ബാങ്കിലെ വായ്പ കൂടാതെ ഇതിനകം തന്നെ ബിനാമി ഇടപാടിലൂടെയും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by