ബെംഗളൂരു : മംഗളൂരു പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ എന്‍ഐഎയുടെ വ്യാപക തെരച്ചില്‍. മംഗളൂരുവിലും മൈസൂരുവിലുമായി 18 ഇടങ്ങളിലാണ് പോലീസും എന്‍ഐഎയും ചേര്‍ന്ന് പരിശോധന നടത്തുന്നത്. സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും പ്രത്യേക സംഘം തെരച്ചില്‍ നടത്തി വരികയാണ്.
ഷാരിഖിന് കോയമ്പത്തൂര്‍ സ്‌ഫോടനത്തിലും പങ്കുണ്ടെന്നാണ് കര്‍ണ്ണാടക പോലീസിന്റെ കണ്ടെത്തല്‍. പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചത്. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. കര്‍ണാടക ആഭ്യന്തരമന്ത്രിയും ഡിജിപിയും മംഗളൂരുവില്‍ എത്തിയിട്ടുണ്ട്.
കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്തംബറിലാണ് കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ഇയാള്‍ ദിവസങ്ങളോളം തങ്ങുകയും കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. മംഗ്ലൂരുവിലെ നാഗൂരി ബസ്സ്റ്റാന്‍ഡില്‍ സമാനമായ സ്‌ഫോടനത്തിനായിരുന്നു പദ്ധതി. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ മദീന്‍ താഹയെന്നയാളാണ് സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരന്‍.
മംഗളൂരു സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത ജാഗ്രതയാണ് തുടരുന്നത്. തന്ത്രപ്രധാനമായ നഗരങ്ങളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതി ഷാരിഖ് ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. പ്രതിയില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായ പുരുഷോത്തമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: