പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനക്കാലത്ത് അയ്യപ്പഭക്തര്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും തിരികെയും സൗജന്യ യാത്രാ സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്ന് വിശ്വഹിന്ദു പരിഷത്ത്. ഇത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയതായി വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പത്രസമ്മേളനത്തില്‍ പറഞ്ഞു.
തീര്‍ഥാടനക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് ശബരിമലയിലേക്ക് പോകുന്നത്. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സാധാരണ യാത്രാ നിരക്കിനെക്കാള്‍ വളരെ കൂടിയ നിരക്കാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. 22 കിലോമീറ്റര്‍ ദൂരം മാത്രമുള്ള നിലയ്ക്കല്‍-പമ്പാ റൂട്ടില്‍ യഥാര്‍ഥത്തില്‍ ഈടാക്കേണ്ട 32 രൂപയ്ക്ക് പകരമായി അന്‍പതു രൂപയും എസി ബസുകളില്‍ 65 രൂപയ്ക്ക് പകരമായി 80 രൂപയുമാണ് ഈടാക്കുന്നത്. പത്തനംതിട്ട പമ്പാ യാത്രയ്ക്ക് 112 രൂപയ്ക്ക് പകരം 143 രൂപയും ചെങ്ങന്നൂര്‍-പമ്പ ചാര്‍ജായി 141 രൂപയ്ക്ക് പകരം 180 രൂപയും അന്യായമായി വാങ്ങുന്നു.
അയ്യപ്പന്മാരില് നിന്നും അന്യായമായി ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനാണ് കാനനപാതയില്‍ അനുയോജ്യമല്ലെങ്കിലും എസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ പലതിലും എസി പ്രവര്‍ത്തനക്ഷമവുമല്ല. വലിയവാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത് തീര്‍ഥാടകര്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലെത്തണം എന്നതാണ് സര്‍ക്കാര്‍ നയം. കെഎസ്ആര്‍ടിസിയുടെ കൊള്ളയ്ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒത്താശ ചെയ്യുന്നു. അയ്യപ്പ ഭക്തര്‍ക്കുണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 20 ടെമ്പോ ട്രാവലറുകള്‍ സൗജന്യമായും തുടര്‍ച്ചയായും സര്‍വ്വീസ് നടത്താന്‍ വിശ്വഹിന്ദു പരിഷത്ത് തയ്യാറാണ്.
സാമ്പത്തിക ബുദ്ധിമുട്ടും എസി ബസില്‍ കയറുന്നതിനുള്ള പ്രയാസവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരടക്കം വിഎച്ച്പി ഭാരവാഹികളെ ധരിപ്പിച്ചിട്ടുണ്ട്. സംഘടന ചെയ്യാന്‍ ആഗ്രഹിക്കുന്ന ഈ സൗജന്യ സേവന സംവിധാനം നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടേയും ദേവസ്വം ബോര്‍ഡിന്റെയും അനുവാദം ആവശ്യമാണ്. പദ്ധതിക്ക് അനുവാദം ലഭിക്കുകയാണെങ്കില്‍ സാമ്പത്തികവും ശാരീരികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അയ്യപ്പഭക്തര്‍ക്ക് വളരെയധികം ഗുണപ്രദമായിരിക്കും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്താണ് അയ്യപ്പഭക്തരെ അധികൃതര്‍ ചൂഷണം ചെയ്യുന്നത്. തിരുമല-തിരുപ്പതി ദേവസ്വം മോഡലില്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണം. വിഎച്ച്പി യുടെ സൗജന്യ യാത്രാപദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ സമരപരിപാടികളും നിയമനടപടികളും കൈക്കൊള്ളുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രമ്മേളനത്തില്‍ വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍, സംസ്ഥാന ഗവേണിങ് കൗണ്‍സില്‍ അംഗം കെ.എന്‍. സതീഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: