കേരളത്തില്‍ സിപിഎം സര്‍ക്കാരിന് കീഴില്‍ നിയമന വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോള്‍, ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സുതാര്യതയോടെ നിയമന മേളകള്‍ നടത്തുകയാണ്. ഒരുമാസത്തിനിടെ രണ്ടു ഘട്ടങ്ങളിലായി ഒന്നര ലക്ഷത്തോളം പേര്‍ക്ക് നിയമന ഉത്തരവ് കൈമാറിക്കഴിഞ്ഞു. 71,056 പേര്‍ക്ക് ഉത്തരവ് കൈമാറുന്ന രണ്ടാംഘട്ടമാണ് ഇന്നലെ നടന്നത്. ഇതോടെ, ഉത്തരവ് ലഭിച്ചവരുടെ സംഖ്യ 1,46,056 ആയി.
യാതൊരു ആക്ഷേപത്തിനും വഴിയൊരുക്കാതെയാണ്, ഈ നിയമനങ്ങള്‍ നടത്തുന്നതെന്നതാണ് ശ്രദ്ധേയം. യോഗ്യതയില്‍ മായം ചേര്‍ക്കാതെ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് നിയമനങ്ങള്‍. യോഗ്യതയുള്ളവര്‍ അര്‍ഹമായ സ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്നു. മാനദണ്ഡം യോഗ്യത മാത്രം. ഒന്നര വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് ലക്ഷ്യമിട്ടുള്ള തൊഴില്‍ മേള (റോസ്ഗര് മേള)യുടെ ഭാഗമാണിത്. രാജ്യത്തെ യുവാക്കള്‍ക്ക് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും തൊഴില്‍ അവസരങ്ങള്‍ ഒരുക്കികൊടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഥമപരിഗണനയാണ് നല്‍കുന്നത്. റോസ്ഗര് മേളയുടെ ഉദ്ഘാടനം നടന്നത് ഒക്ടോബര്‍ 22നാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിന്റെ ഭാഗമായി 75,000 പേര്‍ക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്ന് നിയമന ഉത്തരവുകള്‍ കൈമാറിയത്.
രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തര പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് തൊഴില്‍ മേളകളിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യുവാക്കളെ ശാക്തീകരിക്കുന്നതിലൂടെ ദേശീയ വികസനത്തില്‍ അവരെ പങ്കാളികളാക്കുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നേരിട്ട് എല്ലാ കേന്ദ്ര വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവവിഭവശേഷി അവലോകനം ചെയ്തിരുന്നു. തുടര്‍ന്നാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ മിഷന് മോഡില്‍ 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയതും വിശദമായ പദ്ധതി തയ്യാറാക്കിയതും.
മന്ത്രാലയങ്ങളും വകുപ്പുകളും നേരിട്ടോ അല്ലെങ്കില്‍ യുപിഎസ്സി, എസ്എസ്സി, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പോലുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയോ ത്വരിതഗതിയിലാണ് നിയമനങ്ങള്‍. തെരഞ്ഞെടുക്കല്‍ പ്രക്രിയകള്‍ ലളിതമാക്കുകയും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി നിയമന ഉത്തരവ് നല്‍കുന്നതിന് കഴിഞ്ഞ ഏഴെട്ട് വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനത്തിലുണ്ടായ മാറ്റവും കാരണമാണ്.
വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ആകെ 10 ലക്ഷത്തോളം നിയമനങ്ങള്‍ നടത്തും. ഗ്രൂപ്പ് എ ഗസറ്റഡ് പോസ്റ്റുകളില്‍ 23,584 ഒഴിവുകളും ഗ്രൂപ്പ് ബി ഗസറ്റഡ് പോസ്റ്റുകളില്‍ 26,282 ഒഴിവുകളും ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് പോസ്റ്റുകളില്‍ 92,525 ഒഴിവുകളുമാണുള്ളത്. ഗ്രൂപ്പ് സി (നോണ്‍ ഗസറ്റഡ്)യില്‍ 8.36 ലക്ഷം നിയമനങ്ങള്‍ നടക്കും. പ്രതിരോധ മന്ത്രാലയത്തില്‍ മാത്രം ഗ്രൂപ്പ് ബി(നോണ്‍ ഗസറ്റഡ്)യില്‍ 39,366 ഒഴിവുകളും ഗ്രൂപ്പ് സിയില്‍ 2.14 ലക്ഷം ഒഴിവുകളും വരും മാസങ്ങളില്‍ നികത്തപ്പെടും. റെയില്‍വേയില്‍ ഗ്രൂപ്പ് സി പോസ്റ്റില്‍ 2.91 ലക്ഷം നിയമനങ്ങള്‍ നടക്കും. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ ഗ്രൂപ്പ് സിയില്‍ 1.21 ലക്ഷം നിയമനങ്ങള്‍ നടക്കും.
രാജ്യത്തുടനീളം പുതുതായി നിയമിക്കപ്പെടുന്നവര്‍ കേന്ദ്രസര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നീ തസ്തികകളിലാണ് ഇവര്‍ നിയമിതരാകുന്നത്. കേന്ദ്രസായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, എല്‍ഡിസി, സ്റ്റെനോ, പിഎ, ആദായ നികുതി ഇന്‍സ്പെക്ടര്‍മാര്‍, എംടിഎസ് മുതലായ തസ്തികകളിലാണ് ആദ്യഘട്ടത്തില്‍ നിയമനം. അധ്യാപകര്‍, ലക്ചറര്‍, നഴ്സ്, നഴ്സിങ് ഓഫീസര്‍, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, മറ്റു സാങ്കേതിക-പാരാമെഡിക്കല്‍ തസ്തികകള്‍ എന്നിവയിലേക്കാണ് രണ്ടാംഘട്ടത്തില്‍ നിയമനം. വിവിധ കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആഭ്യന്തരമന്ത്രാലയം ഗണ്യമായ തോതില്‍ ഒഴിവുകള്‍ നികത്തും.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉന്നതതല നിരീക്ഷണം
ഒന്നരവര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വിപുലമായ നടപടിക്രമങ്ങളാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ആഭ്യന്തര പോര്‍ട്ടല്‍, ദൈ്വമാസ ലക്ഷ്യങ്ങള്‍, സെക്രട്ടറി തലത്തില്‍ പ്രതിവാര അവലോകനങ്ങള്‍, 2023-2024 കാലയളവില്‍ വിരമിക്കലിനെ തുടര്‍ന്നുണ്ടാകുന്ന തൊഴിലവസരങ്ങള്‍ രേഖപ്പെടുത്താന്‍ കലണ്ടര്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ടുള്ള ഉന്നതതല നിരീക്ഷണം തുടങ്ങിയ അഞ്ചു തലത്തിലുള്ള നടപടികളാണ് ഇതിന്റെ ഭാഗമായുള്ളത്.
വേക്കന്‍സി സ്റ്റാറ്റസ് പോര്‍ട്ടല്‍ എന്ന പേരില്‍ ആഭ്യന്തര പോര്‍ട്ടല്‍. എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഈ പോര്‍ട്ടലില്‍ ഏറ്റവും പുതുതായി വരുന്ന ഒഴിവുകള്‍ ഉള്‍പ്പെടുത്തും. പോര്‍ട്ടലില്‍ സമയാസമയങ്ങളില്‍ ഒഴിവുകള്‍ രേഖപ്പെടുത്തുന്നതിന് ഓരോ മന്ത്രാലയത്തിലും വകുപ്പിലും ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങള്‍ക്കും രണ്ടു മാസത്തെ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ 2023 അവസാനം വരെയുള്ള ഒരു മുഴുവന്‍ കലണ്ടറും ഒഴിവുകള്‍ നികത്തുന്നതിന് തയ്യാറാക്കിയിട്ടുണ്ട്. ജോലി ഒഴിവുകള്‍ക്കും നിയമന ഉത്തരവുകള്‍ നല്കുന്നതിനുമായി ഒരു സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്. വരും മാസങ്ങളില്‍ നല്കുന്ന നിയമന ഉത്തരവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഈ പോര്‍ട്ടലില്‍ നല്കാന് എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടായിരിക്കും ഇതിന്റെ അവലോകനം നടത്തുക. ക്യാബിനറ്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഓരോ മാസവും അവലോകനം നടക്കും. കൂടാതെ ആഴ്ചതോറും എല്ലാവകുപ്പ് സെക്രട്ടറിമാരും പുരോഗതി അവലോകനം ചെയ്യും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും വിരമിക്കല്‍ കാരണം ഒഴിഞ്ഞുകിടക്കുന്ന തസ്തികകളെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തൊഴിലിനും നൈപുണ്യ വികസനത്തിനും മുന്‍തൂക്കം
തൊഴിലിനും നൈപുണ്യ വികസനത്തിനുമാണ് മോദി സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. 1.25 കോടി യുവാക്കള്‍ക്ക് സ്കില്‍ ഇന്ത്യ അഭിയാന് കീഴില്‍ പരിശീലനം നല്കി. പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴില്‍ 20 ലക്ഷം കോടി രൂപയുടെ വായ്പ നല്കി. ഇത്രയും വലിയ ഒരു സ്വയംതൊഴില്‍ പദ്ധതി മുമ്പ് രാജ്യത്ത് നടപ്പാക്കിയിട്ടില്ല. രാജ്യത്ത് ആദ്യമായി ഖാദി, ഗ്രാമവ്യവസായങ്ങളുടെ മൂല്യം നാലു ലക്ഷം കോടി കവിയുകയും ഖാദി, ഗ്രാമ വ്യവസായ മേഖലകളില്‍ നാലു കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയിലൂടെ രാജ്യത്തെ യുവാക്കളുടെ കഴിവുകള്‍ ലോകത്താകമാനം പ്രശംസിക്കപ്പെട്ടു. കൊവിഡ് കാലത്ത് എംഎസ്എംഇകള്‍ 1.5 കോടി തൊഴിലവസരങ്ങള്‍ സംരക്ഷിച്ചു. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ ഏഴ് കോടി ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കി.
വന്‍തോതില്‍ തൊഴില്‍ സാദ്ധ്യതയുള്ളതിനാല്‍ ഉല്‍പ്പാദന-ടൂറിസം മേഖലകളിലും കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്കുന്നു. ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലെത്താനും സ്ഥാപനങ്ങള്‍ ആരംഭിക്കാനുമുള്ള പ്രക്രിയകള്‍ ലളിതമാക്കിയിട്ടുണ്ട്. കൂടുതല്‍ ഉല്‍പ്പാദനം, കൂടുതല്‍ പ്രോത്സാഹനം എന്നതാണ് ഇന്ത്യയുടെ നയം. ഈ വര്‍ഷം ആഗസ്ത് മാസത്തില്‍ മാത്രം ഏകദേശം 17 ലക്ഷം പേര് എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ചേര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് നൂറു ലക്ഷം കോടി രൂപയിലധികം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് രാജ്യത്തെ യുവജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ആസാദി കാ അമൃത് കാലില്‍ ഒരു വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ചാലകശക്തി യുവാക്കളാണ്. 21-ാം നൂറ്റാണ്ടിലെ കേന്ദ്രസര്‍ക്കാര്‍ ജോലി എന്നത് വെറും സൗകര്യങ്ങള്‍ മാത്രമല്ല, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള ജനങ്ങളെ സമയബന്ധിതമായി സേവിക്കാനുള്ള പ്രതിബദ്ധതയും സുവര്ണ്ണാവസരവുമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: