കൊല്ലം: കേരള സ്റ്റോറുകള്‍ ജില്ലയില്‍ സജ്ജമായി ഉദ്ഘാടനം വൈകുന്നു. ഗ്രാമങ്ങളിലെ പഴയ റേഷന്‍ കടകളുടെ മുഖച്ഛായ അടിമുടി മാറ്റി സ്മാര്‍ട്ടാക്കുന്ന കേരള സ്റ്റോറുകള്‍ അഥവാ കെ സ്റ്റോറുകള്‍ ജില്ലയില്‍ സജ്ജമായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകുകയാണ് എന്ന് റേഷന്‍ വ്യാപരികള്‍ ആരോപിക്കുന്നു.
ജില്ലയില്‍ 7 റേഷന്‍കടകളാണ് രൂപമാറ്റം വരുത്തി കെ സ്റ്റോറായത്. എല്ലാ താലൂക്കിലും ഓരോന്ന് വീതമാണെങ്കിലും കൊട്ടാരക്കരയില്‍ രണ്ടെണ്ണമുണ്ട്. റേഷന്‍കടകളെ കൂടുതലായി ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കെല്ലാം സന്തോഷം പകരുന്ന പുതിയ പദ്ധതിയാണിത്. റേഷന്‍കടകളുടെ പശ്ചാത്തലസൗകര്യം വിപുലപ്പെടുത്തി സ്മാര്‍ട്ട് കാര്‍ഡുകളുടെ സഹായത്തോടെ മിനി ബാങ്കിങ്, യൂട്ടിലിറ്റി പേയ്‌മെന്റ്, മില്‍മ ഉത്പന്നങ്ങള്‍, സബ്‌സിഡി സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ശബരി ബ്രാന്‍ഡ് ഉല്പന്നങ്ങള്‍ എന്നിവയെല്ലാം ഒരുകുടക്കീഴിലാക്കി കെ സ്റ്റോറിലൂടെ ജനങ്ങളിലെത്തും. എന്നാല്‍ സൗകര്യങ്ങള്‍ കുറഞ്ഞ നമ്മുടെ നാട്ടിലെ റേഷന്‍ കടകള്‍ക്ക് ഇപ്പറയുന്ന വിധത്തിലെല്ലാം സ്മാര്‍ട്ട് ആകാന്‍ കഴിയുമോ എന്നതാണ് അറിയേണ്ടത്.
അതേസമയം മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്ക്, മാവേലി സ്റ്റോര്‍ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ മാത്രമേ തുടക്കത്തില്‍ കെ സ്റ്റോര്‍ അനുവദിക്കൂ. അതിനാല്‍ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ ചെറിയ പണമിടപാടിനായി ബാങ്ക് വരെ പോകുന്ന യാത്ര ഒഴിവാക്കി ഇനി റേഷന്‍ കടയിലേക്ക് പോയാല്‍ മതി. തുടരെത്തുടരെ ബ്രേക്ക് ഡൗണാകുന്ന ഇ പോസ് മെഷീന്‍ ബാങ്കിങ് സേവനത്തില്‍ പണി തരില്ലെന്ന് വിശ്വസിക്കുക മാത്രമേ നിവര്‍ത്തിയുള്ളു. വൈദ്യുതി, വെള്ളം, ഭൂനികുതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ അടയ്‌ക്കാനുള്ള സേവനം ലൈസന്‍സിയുടെ ഫോണ്‍ വഴിയും ചെയ്യാവുന്നതിനാല്‍ അതില്‍ വലിയ പ്രയാസമുണ്ടാകില്ല. മാവേലി സാധനങ്ങളുടെ ബില്ലിങ്ങിന് പുറമേ അക്ഷയ സേവനങ്ങള്‍ക്കും കമ്പ്യൂട്ടറിനെ തന്നെ ആശ്രയിക്കണം.
ഗ്രാമപ്രദേശങ്ങളിലുള്ള റേഷന്‍കട ഉടമകള്‍ക്കെല്ലാം കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ സേവനങ്ങളിലെല്ലാം എത്രത്തോളം പരിജ്ഞാനം ഉണ്ടാകും എന്നതാണ് ചോദ്യം. പുതിയ സേവനങ്ങളുടെ ഭാഗമായി രണ്ട് ജീവനക്കാരെ അധികമായി റേഷന്‍ കടകളില്‍ ജോലിക്ക് വയ്‌ക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കുകൂടി കടയുടമ ശമ്പളം നല്‍കേണ്ടി വരുമെന്നതിനാല്‍ ഇത് സാധ്യമാകുമോയെന്നും ഉറപ്പില്ല. പഴയ റേഷന്‍ കടയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെയും അധിക സേവനം നല്‍കുന്നതിലൂടെയും കൂടുതല്‍ കമ്മീഷന്‍ ലഭിക്കുന്നതിനാല്‍ ശമ്പളത്തിന് പണം കണ്ടെത്താന്‍ ലൈസന്‍സിക്ക് സാധിക്കുമെന്നാണ് സര്‍ക്കാര്‍ പക്ഷം. ഒരാളെയെങ്കിലും ജോലിക്ക് വച്ച് സര്‍ക്കാര്‍ നിര്‍ദേശിച്ച ബാങ്കിങ്, അക്ഷയ സൗകര്യമെല്ലാം മുന്നോട്ടു കൊണ്ടുപോകാമെന്നാണ് കെ സ്റ്റോര്‍ അനുവദിച്ച് കിട്ടിയ ലൈസന്‍സികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: