1966 ജൂലായ് 30. ലണ്ടനില്‍ എട്ടാമത് ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍. സ്വന്തം മണ്ണില്‍ ഗോളൊന്നും വാങ്ങാതെ മുന്നേറിയ ആതിഥേയരായ ഇംഗ്ലണ്ട് കരുത്തരായ പോര്‍ച്ചുഗലിനെ സെമിഫൈനലില്‍ 2-1നു കീഴടക്കുന്നു. യുസേബിയോയുടെ ഒരു തകര്‍പ്പന്‍ ഗോളിനെതിരെ ബോബി ചാള്‍ട്ടന്റെ ഇരട്ട പ്രഹരം. ഗോര്‍ഡന്‍ ബാങ്ക്സിന്റെ ഗോള്‍ കീപ്പിങ്ങും, ബോബി മോറിന്റെ നേതൃത്വവും കണ്ട ഫൈനലില്‍ സുശക്തരായ പശ്ചിമ ജര്‍മനിക്കു രണ്ടു ഗോള്‍ പരാജയം: 2-4. എക്സ്ട്രാ സമയത്തായിരുന്നു വിധിഎഴുത്ത്. സ്റ്റേഡിയം നിറഞ്ഞൊഴുകിയ കളിയില്‍ ജെഫ് ഹാഴ്സിറ്റിന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചെങ്കിലും പന്ത് വീണത് ഗോള്‍ വരക്കകത്താണ് എന്നായിരുന്നു റഷ്യക്കാരനായ ലൈന്സ്മാന് ബക്ക്നറോനിന്റെ വിധി.
1986ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഇംഗ്ലണ്ടിനെ കീഴടക്കാന്‍ അര്‍ജന്റീനാ ഇതിഹാസമായ ക്യാപ്റ്റന്‍ ഡീഗോ മാറഡോണയുടെ മുന്നേറ്റം. ഗോള്‍രഹിത ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയില്‍ ഉയര്‍ന്നു വന്ന പന്തു ചാടിപ്പിടിക്കാന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണ്‍ ചാടി ഉയര്‍ന്നു. എന്നാല്‍ റഫറിയുടെ കണ്ണ് വെട്ടിച്ച് മാറഡോണ അത് പൊങ്ങിച്ചെന്നു വലയിലാക്കുന്നു. കൈകൊണ്ട് തട്ടിയാണ് മാറഡോണ സ്കോറിങ്ങ് നടത്തിയത്. സ്റ്റേഡിയത്തിലെന്നപോലെ ലോകമൊട്ടാകെ ടെലിവിഷന്‍ സ്ക്രീനിലും കണ്ടതാണ്. പക്ഷെ ബള്‍ഗേറിയന്‍ റഫറി ബോഗ്ദാന്‍ ഡോട്ചേവ മാത്രം അത് കണ്ടില്ല. അഞ്ചാം മിനിട്ടില്‍ അതേ മാറഡോണ തന്നെ ഒരു ചരിത്രഗോള്‍ നേടി. സ്വന്തം പ്രതിരോധത്തില്‍ നിന്നു നീട്ടിക്കിട്ടയ ആറുപേരെ മറികടന്നു നേടിയ ഗോള്‍.
വര്‍ഷങ്ങള്‍ക്കുശേഷം അന്നത്തെ ആ ആദ്യഗോളിനെപ്പറ്റി മാറഡോണ പറഞ്ഞത്, ദൈവത്തിന്റെ കൈകളാണ് ആ ഗോള്‍ നേടിയത് എന്നാണ്.
കളിയുടെ നിലവാരം ഉയര്‍ത്തുന്നത് ഗോള്‍ അടിക്കുന്നതിലെ വൈഭവമാണ്. തടയുന്നതിലെ സാമര്‍ഥ്യമാണ്. പന്ത് പാസ് ചെയ്യുന്നതിലെ മിടുമിടുക്കാണ്.
അതോടൊപ്പം ഒന്നുകൂടി: കുറ്റമറ്റ റഫറിയിങ്ങുമാണ്. 90 മിനിട്ട് നീണ്ടു നില്ക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ വിസില്‍ അനുമതി നല്‍കുന്നതോടെ പന്ത് ഓട്ടം ആരംഭിക്കുകയായി. 22 പേരുടെ കാലിലും തലയിലും തട്ടി ഇരുഗോള്‍ മുഖത്തേക്കും പന്ത് തളരാതെ ഓടുന്നു. ആ ഓട്ടം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന കളിക്കാരില്‍ ആരുടെയും കാലിലോ കയ്യിലോ പന്ത് അഞ്ചുമിനിട്ടിലധികം സ്പര്‍ശിക്കുന്നില്ല. അതെന്തായാലും ആ ഒന്നര മണിക്കൂര്‍ നേരവും കണ്ണിമക്കാതെ പന്ത് നോക്കി ഓടുന്ന ഒരാള്‍ ഉണ്ട്. മൈതാനമധ്യത്തിലെ വിസില്‍ അടിക്കാരനായി കളി നിയന്ത്രിക്കുന്ന റഫറി.
കളി അറിയാത്തവരെ പിടിച്ചു റഫറിയാക്കി നിര്‍ത്തുന്ന കഥകേട്ടിട്ടുണ്ട്. സ്കൂള്‍ ടീം സിലക്ഷനു കളിക്കാരെ തെരഞ്ഞെടുക്കാന്‍ ട്രയല്‍ നടത്തുന്ന കായികാധ്യാപകന്, മൈതാനത്തിറങ്ങുന്ന ഓരോരുത്തരോടും ഇഷ്ടമുള്ള പൊസിഷന്‍ ഏതെന്നു തിരക്കുന്നു. ഒരുവന്, പന്ത് എവിടെ കിട്ടിയാലും ഗോളടിക്കാന്‍ മിടുക്കനാണ് താനെന്നു പറയും. അധ്യാപകന് അവനോട് സൈന്റര്‍ ഫോര്‍വേര്‍ഡ് കളിക്കാം പറയുന്നു. രക്ഷാനിര കാക്കാന്‍ മിടുക്കന് എന്നവകാശപ്പെടുന്നവനെ ബാക്ക് ആക്കിനിര്ത്തുന്നു. ഏത് കടുപ്പമുള്ള അടിയും തടയും എന്ന വീരവാദം മുഴക്കി വന്നവനോട് ഗോള്‍ കീപ്പര്‍ ആയി നില്ക്കാന് പറയും. ക്ലാസില്‍ ലെഫ്റ്റ് ഔട്ടും റൈറ്റ് ബാക്കും ആവുന്നവരെ, കളിയിലും ഇതേ സ്ഥലത്ത് അധ്യാപകനു നിയോഗിക്കാം. ഒരുവന്, ട്രയല്‍ കാണാന്‍ വന്നെങ്കിലും ഒന്നുംപറയുന്നില്ല. ചോദിച്ചപ്പോള്‍ മറുപടി: സര് എനിക്കു കളി അറിയില്ല, പൊസിഷന്‍ അറിയില്ല, കളി നിയമവും അറിയില്ല.
അപ്പോള്‍ അധ്യാപകന് : എങ്കില്‍ നീ റഫറി നില്ക്ക്.
കളി അറിയാത്തവനെ കളി നിയന്ത്രിക്കാന്‍ നിര്‍ത്തുന്നതുപോലെ കളിയുമായി കാര്യമായ ഒരു ബന്ധമില്ലാത്തവരെ കായിക സംഘടനാ ഭാരവാഹി ആക്കുന്നതും നമ്മുടെ നാട്ടില്‍ സ്ഥിരാനുഭവമാണല്ലോ. അതെന്തായാലും ഏറ്റവും പുതിയ കളി നിയമങ്ങള്‍ വരെ പാലിച്ചു മനസ്സിലാക്കിയാണ് ഇന്നു എവിടെയും കളി നിയന്ത്രിക്കാന്‍ ആളുകള്‍ നിയുക്തരാകുന്നത്. കളിക്കാരനു പ്രായപരിധി നിശ്ചയിക്കാത്തപ്പോഴും റഫറിമാര്‍ക്ക് അത് 35 വയസാണ്. കായികക്ഷമതാ കൂപ്പര്‍ ടെസ്റ്റൊക്കെ നടത്തി അത് നിര്‍ണയിക്കുകയും ചെയ്യുന്നു.
എന്താണ് പന്തുകളിയുടെ ഈ രോമാഞ്ചം? അമ്പുകള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി കോര്‍ത്ത്, കിണറ്റില്‍ വീണ പന്ത് എടുത്തുകൊടുക്കുന്ന ദ്രോണരെപ്പോലുള്ളവരുടെ കഥ മഹാഭാരതത്തില്‍ നാം വായിച്ചതാണല്ലോ. ഈ കളിയുടെ തുടക്കത്തിനു വേറെയും കഥകളുണ്ട്. മൃഗങ്ങളുടെ മൂത്രസഞ്ചികളില് പാഴ്വസ്തുക്കള് നിറച്ച് മനുഷ്യന് അത് പന്താക്കി തട്ടാന്‍ തുടങ്ങിയിരുന്നത് ക്രിസ്ത്വാബ്ദത്തിനു നൂറ്റാണ്ടുകള്‍ മുമ്പത്തെ കഥ. ചൈനക്കാര്‍ അതിനെ സുചു എന്നു വിളിച്ചു. ബ്രിട്ടനിലും ഇറ്റലിയിലും, ഫ്രാന്‍സിലുമൊക്കെ കടന്ന് ഈ കളി ആഫ്രിക്കയിലുമെത്തി. വെള്ളപ്പട്ടാളക്കാരോടൊപ്പം ഇന്ത്യയിലും കേരളത്തിലുമൊക്കെ എത്തിയെന്നും ചരിത്രം.
ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനിലൂടെ 1893ല്‍ അത് നമ്മുടെ നാട്ടിലുമെത്തി. ഇന്നു ലോകത്ത് 200 രാഷ്ട്രങ്ങളില്‍ അത് കളിക്കുന്നു. സൂറിച്ച് തലസ്ഥാനമായ ഫീഫയില്‍ പറക്കുന്ന പതാകകള്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തുള്ളതിനേക്കാള് കൂടുതലാണ്.
എന്നാല്‍ നാലു ഒളിംപിക്സ് മാത്രം കളിക്കാന്‍ ഭാഗ്യമുണ്ടായ ഇന്ത്യ ഇന്നു ലോക ഫുട്ബോളില്‍ നൂറാം സ്ഥാനത്തുപോലും ഇല്ല. രണ്ടു തവണ ഏഷ്യാഡ് ജയിച്ച നാട് അവിടെയും ഏറെ പിന്നില്‍. അപ്പോഴും ജൂണിയര്‍ ലോകകപ്പില്‍ നാം കളിച്ചു. 2017 ഒക്ടോബറില്‍ നാം ആതിഥ്യം വഹിച്ചപ്പോള്‍.
അതേസമയം റഫറിയിങ്ങില്‍ ലോക നിലവാരത്തില്‍ നാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊല്‍ക്കത്തക്കാരനായ പ്രതുല്‍ ചക്രവര്‍ത്തിയിലൂടെയാണ് ഫിഫാ അംഗീകാരമുള്ള റഫറി ഇന്ത്യയിലുമെത്തിയത്. 1960ലെ സന്തോഷ്ട്രോഫി നാഷണല്‍ നടന്നപ്പോള്‍ അദ്ദേഹം കോഴിക്കോട്ടും എത്തിയിരുന്നു. ചെന്നൈയിലെ കോമളേശ്വര് ശങ്കറും ഫിഫാ പാനലില്‍ കടന്നു. ഇപ്പോള്‍ കാലഹരണപ്പെട്ടുപോയ നെഹ്റു കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയടക്കം പലനഗരങ്ങളില്‍ നടന്നപ്പോള്‍ ഫിഫാ ബാഡ്ജുള്ള ഒട്ടേറെ മികച്ച വിദേശ റഫറിമാരുടെ പ്രദര്‍ശനം ഇന്ത്യയിലും പലയിടങ്ങളിലും കാണാന്‍ സാധിച്ചിരുന്നു. യുഗോസ്ലാവ്യയുടെ സൊറാന്‍ പെട്രോവിച്ച്, ഇറ്റലിയുടെ പെട്രോഡി എലിയ, ജര്‍മനിയുടെ സിഗ് ഫ്രീഡ് കിര്‍ഷന്‍, റഷ്യയുടെ വലേരി ബുതന്കോ എന്നിവര്‍ ഇതില്‍പെടുന്നു.
ആലപ്പുഴയിലെ സ്കൂള്‍ ഹെഡ്മാസ്റ്റര് ടി.വി. തോമസില്‍ തുടങ്ങി ഒട്ടേറെ കേരളീയരും നാഷണല്‍ റഫറി ബാഡ്ജ് നേടിയ മലയാളികളായുണ്ടായി. കോട്ടയത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ എം.ബി.സന്തോഷ് കുമാറിനെപ്പോലെ പലരും ദേശാന്തര മത്സരങ്ങള്‍ നിയന്ത്രിക്കുന്നതും ഇന്ത്യയിലെ മികച്ച റഫറിക്കുള്ള ബഹുമതി നേടുന്നതും കാണാനൊത്തു. മൈക്കിള്‍ ആന്‍ഡ്രൂസ് (കൊച്ചി), എ.കെ. മാമുക്കോയ (കണ്ണൂര്‍), ഷാജി കുര്യന് (തിരുവനന്തപുരം), സി. സേതുമാധവന് (കോഴിക്കോട്) എന്നിവരും ഫിഫാ പാനലില്‍ പെടുന്നു.
കളികളുടെ നിലവാരം ഉയരുന്നത് തീര്‍ച്ചയായും ആവേശകരമായ പോരാട്ടങ്ങളിലാണ്. അത് പോലെ തന്നെയാണ് റഫറിയിങ്ങും. മികച്ച റഫറിയിങ്ങും മോശമായ റഫറിയിങ്ങും ആ നിലവാരം വിളിച്ചു പറയുന്നു. കളി ജയിക്കുന്ന ബൂട്ടുകളുമായി ലക്ഷങ്ങള്‍ വാരിക്കൂട്ടുന്ന ലോകോത്തര താരങ്ങളെ വരച്ച വരയില്‍ നിര്‍ത്താന്‍ റഫറിമാര്‍ക്കു കഴിയുന്നു. ഗ്രൗണ്ടില്‍ പന്തുകഴിഞ്ഞാല് ഏറ്റവുമധികം ഓടുന്നത് റഫറിമാരാണ്. ഒന്നര മണിക്കൂര്‍ കളിയില്‍ പത്തുകിലോമീറ്ററോളം ഓടുന്നുണ്ടെന്നാണ് ഒരു കണക്ക്. ഒരൊറ്റ റഫറി കളി നിയന്ത്രിക്കുന്നതായിരുന്നു പഴയരീതി. പിന്നീടാണ് കൊടികളുമായി രണ്ടു ലൈന്സ്മാന്മാരെക്കൂടി നല്കി അത് വികസിപ്പിച്ചത്. പിന്നാലെ സബ്സ്റ്റിറ്റിയൂട്ട് നിയമങ്ങള്‍ വന്നപ്പോള്‍ അത് ശരിക്കുപാലിക്കുന്നുണ്ടോ എന്നു നോക്കാനായി നാലാം റഫറിയേയും അനുവദിക്കുകയുണ്ടായി. ശിക്ഷിക്കപ്പെടുന്ന കളിക്കാരനെ മാറിപ്പോവാതിരിക്കാന്‍ 1970 മുതല്‍ മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും റഫറിയെ സഹായിച്ചു.
അപ്പോഴും കളിക്കാരെ ഇടക്കു മാറി നില്ക്കാനനുവദിക്കുന്ന നിയമം റഫറിയെ ഇടക്കു പിന്‍വലിച്ചും പുതിയ ആളെ ഇറക്കാന്‍ അനുവദിക്കുന്നില്ല.
നിമിഷാര്‍ദ്ധങ്ങളില്‍ കണ്ണ് വെട്ടിച്ചു നടത്തുന്ന പരുക്കന്‍ അടവുകള്‍ പലതും കണ്ടു പിടിക്കുന്നതില്‍ വിദഗ്ധരാണ് ഇന്നത്തെ റഫറിമാരില്‍ മിക്കവരും.
റിയോയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഫൗളുകള്‍ക്ക് കിക്കെടുക്കാന്‍ പന്ത് വെക്കുന്ന സ്ഥലം തിട്ടപ്പെടുത്താന്‍ വാനിഷിങ്ങ് ക്രീം അനുവദിച്ചു. പന്ത്, വര കടന്നാല്‍ റഫറിയുടെ വാച്ചില്‍ വിവരമറിയിക്കുന്ന സാങ്കേതിക വിദ്യയും റഫറിമാരുടെ തുണക്കെത്തി. ഇന്നിപ്പോള്‍ സംശയാസ്പദമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ വീഡിയോ വഴി റഫര്‍ ചെയ്യാനുള്ള വിഎആര്‍ എന്ന സമ്പ്രദായവും റഫറിമാരെ സഹായിക്കാന്‍ എത്തിയിട്ടുണ്ട്. തര്‍ക്കമൊഴിവാക്കാനുള്ള ഈ രീതികള്‍ പന്തുകളിയുടെ നിലവാരം ഏറെ ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.
2006ലെ ജര്‍മന്‍ ലോക കപ്പില്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മാറ്റരാസിയെ പന്തില്ലാത്ത സമയത്ത് തലകൊണ്ട് ഇടിച്ചുവീഴ്ത്തിയ ഫ്രാന്‍സിന്റെ സിനദീന്‍ സിദാനെ കയ്യോടെ പിടികൂടി പുറത്തക്കാന്‍ റഫറിക്ക് കഴിഞ്ഞു. ന്യൂറംബര്‍ഗില്‍ പോര്‍ച്ചുഗല്‍ – നെതര്‍ലാന്‍ഡ് മത്സരം പരുക്കനായപ്പോള്‍ പതിനാലു തവണ മഞ്ഞക്കാര്‍ഡും നാലു പ്രാവശ്യം ചുവപ്പുകാര്‍ഡും പുറത്തെടുത്ത് ഒരു റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചു റഷ്യക്കാരനായ റഫറി വാലന്റിന്‍ ഇവാനോവ്. എട്ടുവര്‍ഷം മുമ്പ് കാമറൂണിനെതിരായ യോഗ്യതാ മത്സരത്തില്‍ മെക്സിക്കോ നേടിയ ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊളംബിയന്‍ റഫറി ഹംബര്‍ട്ടോ ക്ലാവിജോയയെ ഫിഫ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ബ്രസീലിയന്‍ ഹീറോ നെയ്മര്‍ ജൂണിയറിന്റെ നട്ടെല്ല് കൊളംബിയന്‍ ഡിഫന്‍ഡര്‍ യുവാന്‍ സനിയ ചവിട്ടിത്തകര്ക്കുന്നത്, സ്പാനിഷ് റഫറി കാര്‍ലോസ് വെലസ്കോ കണ്ടതേ ഇല്ല.
ഇറ്റലിയുടെ ജോര്‍ജിയോ ചില്ലിനിയെ കടിച്ച ഉറുഗ്വായിയുടെ ലൂയി സ്വരാസിനു ഫിഫ ഒമ്പത് മത്സരങ്ങള്‍ക്ക് വിലക്കുകല്പിച്ചെങ്കിലും സംഭവം മെക്സിക്കന്‍ റഫറി കാണാതെ പോവുകയായിരുന്നു. 2014ലെ ഉദ്ഘാടന മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് അനുവദിച്ച പെനല്‍ട്ടി കിക്കിന്റെ പേരില്‍ ജപ്പാന്‍കാരനായ റഫറി മുയാച്ചി നിഷിമുറ വിമര്‍ശിക്കപ്പെട്ടു.
ഇറ്റലി – അര്‍ജന്റീന സെമിഫൈനലില്‍ സമയം നോക്കാന്‍ മറന്നുപോയ റഫറി മൈക്കിള്‍ ഷട്രോട്ട് മൂന്നു മിനിട്ട് അധികം കളിപ്പിച്ചെന്ന് 1990ല്‍ പരാതി ഉണ്ടായി. 1982ല സ്പെയിന് ലോകകപ്പില്‍ ജര്‍മന്‍ ഗോളി ഹരോള്‍ഡ് ഷുമാക്കറുടെ ചവിട്ടേറ്റ് ഫ്രാന്‍സിന്റെ ബാഡിസ്റ്റണ് പരുക്കേറ്റ് ബോധരഹിതനായിട്ടും റഫറി അത് കണ്ടില്ല.
ജോഹന്നാസ് ബര്‍ഗിലെ 2010ലെ ലോകകപ്പില്‍ ശ്രദ്ധേയമായ വ്യക്തിത്വം പ്രകടമാക്കിയത് കളിക്കാരനെക്കാളും റഫറി ആയിരുന്നു. കളി നിയന്ത്രിച്ച ഇറ്റലിക്കാരന് പിയറി ലുയിജി കോളിനി. ഇന്നദ്ദേഹം ഈ ലോകകപ്പിലെ റഫറിയിങ്ങ് സൈന്യത്തിനു നേതൃത്വം നല്കുന്നു.
അപ്പോഴും കോടിപതികളാക്കുന്ന റഫറിമാര്‍ പറയുന്നത് റഫറിയിങ്ങ് എന്നത് നന്ദിയില്ലാത്ത ജോലി ആണ് എന്നാണ്. ഹോട്ടല്‍മുറിയില്‍ ആത്മഹത്യക്കൊരുങ്ങി ഇറങ്ങിയ ജര്‍മന്‍കാരനായ ബബാക്ക് ബബാത്തിയും ബെല്‍ജിയം സ്വദേശിയായ ക്രിസ് ഷെലസട്ടിയും നല്കുന്ന പാഠവും അത് തന്നെ. അതേസമയം ചിലരെങ്കിലും വരുത്തുന്ന പാകപ്പിഴകള്‍ റഫറിയിങ്ങിനെ ഒട്ടാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും കാണാം.
അബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: