തിരുവനന്തപുരം: കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. കുഫോസ് വിസിയായുള്ള കെ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സ്റ്റേ ആവശ്യപ്പെട്ട് വിസിയായിരുന്ന കെ. റിജി ജോണാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കെ. റിജി ജോണിനെ സര്‍വ്വകലാശാല വിസി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു കഴിഞ്ഞു. ഇനി തിരിച്ച് ആ പദവിയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിച്ചു.
സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട റിജി ജോണിന് പകരം പുതിയ പുതിയ ആക്ടിംഗ് വിസിയെ ഗവര്‍ണര്‍ക്ക് നിയമിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ബദല്‍ സംവിധാനം ഉണ്ടാക്കാനും ചാന്‍സലറായ ഗവര്‍ണര്‍ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്കി.
സീനിയര്‍ അഭിഭാഷകന് അഡ്വ. ജയ്ദീപ് ഗുപ്ത മുന്‍ വിസി റിജി ജോണിനും കെ.കെ. വേണുഗോപാല്‍ കേരള സര്‍ക്കാരിനു വേണ്ടിയുമാണ് ഹാജരായത്. കുഫോസ് വിസിയെ നീക്കം ചെയ്ത ഹൈക്കോടതി വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് സീനിയര്‍ അഭിഭാഷകര്‍ ശക്തമായി വാദിച്ചെങ്കിലും സുപ്രീംകോടതി കണക്കിലെടുത്തില്ല. “താങ്കള്‍ വിജയിച്ചാല്‍, വീണ്ടും വിസി പദവിയില്‍ അവരോധിക്കപ്പെടും:- ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണെന്ന് ജയ്ദീപ് ഗുപ്ത വാദിച്ചു. “രണ്ടാഴ്ചയ്ക്കകം ചാന്‍സലര്‍ (ഗവര്‍ണര്‍) ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളും”- ഇതിന് മറുപടിയായി ചന്ദ്രചൂഡ് പറഞ്ഞു. “എങ്കില്‍ ഇക്കാര്യത്തില്‍ സ്ഥിരം നിയമനം നടക്കില്ല.”- ഗുപ്ത വാദിച്ചു. വിസി നിയമനം സര്‍ക്കാരിന്റെ അധികാരമാണെന്നും യുജിസി നിയന്ത്രണങ്ങള്‍ കുഫോസിന് ബാധകമല്ലെന്നുമായിരുന്നു വാദം. എന്നാല്‍ ഈ വാദം സുപ്രീം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: