ദോഹ: ഇന്നലെ കളിക്കളമുണര്‍ന്നു. ഇന്നത് ആവേശമായി പരക്കുന്നു. ലോകകപ്പിലെ രണ്ടാം ദിനം മൂന്നു പോരാട്ടങ്ങള്‍. ഗ്രൂപ്പ് എയില്‍ യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്സ് ആഫ്രിക്കന്‍ പ്രതീക്ഷകളായ സെനഗലിനെ നേരിടുമ്പോള്‍, ഗ്രൂപ്പ് ബിയില്‍ മുന്‍ ചാമ്പ്യന്‍ ഇംഗ്ലണ്ടിന് എതിരാളി ഏഷ്യന്‍ ശക്തികള്‍ ഇറാന്. ഗ്രൂപ്പിലെ രണ്ടാമങ്കത്തില്‍ അമേരിക്ക, വെയ്ല്‍സുമായി കൊമ്പുകോര്‍ക്കും.
ഇറാനിയന്‍ ഇംഗ്ലീഷ്
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ വന്‍ ജയത്തോടെ തുടങ്ങാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ എതിരാളികള്‍ ഏഷ്യന്‍ കരുത്തരായ ഇറാന്. ഫിഫ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഇംഗ്ലണ്ടെങ്കില്‍ ഇറാന് ഇരുപതില്‍.
സൂപ്പര്‍ താരങ്ങളുടെ നിരതന്നെയുണ്ടെങ്കിലും സമീപകാലത്ത് ഇംഗ്ലണ്ടിന്റെ പ്രകടനം ആശാവഹമല്ല. അവസാനം ളിച്ച എട്ടില്‍ രണ്ട് ജയം മാത്രം. മൂന്നില്‍ തോറ്റപ്പോള്‍ മൂന്നില്‍ സമനില. അവസാന രണ്ട് മത്സരങ്ങളില്‍ ഇറ്റലിയോട് തോറ്റു, ജര്‍മനിയോട് സമനില വഴങ്ങി. സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍, ജാക്ക് ഗ്രീലിഷ്, യുവതാരം ഫില്‍ ഫോഡന്, റഹീം സ്റ്റര്‍ലിങ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, മധ്യനിരയില്‍ ജൂഡ് ബെല്ലിങ്ഹാം, ജോര്‍ദാന്‍ ഹെന്ഡേഴ്സണ്, മാസണ് മൗണ്ട്, പ്രതിരോധത്തില്‍ ലൂക്ക് ഷോ, ഹാരി മഗ്വയര്‍, കെയ്ല്‍ വാക്കര്‍, എറിക് ഡയര്‍ എന്നിവരാണ് സൗത്ത്ഗേറ്റിന്റെ ടീമിലെ പ്രധാനികള്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ് ഉറപ്പാണ്.
ആറാം ലോകകപ്പിനിറങ്ങുന്ന ഇറാന് ഇതുവരെ പ്രാഥമിക റൗണ്ട് കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ അറബ് മണ്ണിലെത്തിയ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് അവരുടെ ലക്ഷ്യം. സമീപകാലത്ത് മികച്ച പ്രകടനമാണ് അവര്‍ നടത്തിയത്. കഴിഞ്ഞ സപ്തംബറില്‍ ഉറുഗ്വെയെ വരെ അട്ടിമറിച്ച അവര്‍ തങ്ങളുടേതായ ദിവസം ഏത് വമ്പന്മാരെയും അടിച്ചിടാന്‍ കെല്‍പ്പുള്ളവരാണ്. അവസാന എട്ട് കളികളില്‍ അഞ്ചിലും ജയിച്ച ഇറാന്, ദക്ഷിണ കൊറിയയോടും ടുണീഷ്യയോടും പരാജയപ്പെടുകയും സെനഗലുമായി സമനില പാലിക്കുകയും ചെയ്തു. മെഹ്ദി ടരാമി, കരിം അന്‍സാരിഫാഡ്, സര്‍ദാര്‍ അസ്മൗന് എന്നിവരാണ് സ്ട്രൈക്കര്‍മാര്‍. മധ്യനിരയില്‍ വാഹിത് അമിരി, അലിരെസ ജഹാന്‍ബക്ശഷ്, മെഹ്ദി ടൊറാബ സയിദ് എസ്ടൊലാഹി തുടങ്ങിയവരാകക്കും കളിമെനയുക.
പ്രതിരോധത്തിന് നെടുനായകത്വം വഹിക്കുക നായകന് ഇഷാന് ഹജ്സാഫി. മിലാദ് മുഹമ്മദി, മൊര്‍തേസ, റെമിന്‍ റെസെയ്ന്‍, സദേഹ് മൊഹറാമി എന്നിവര്‍ നായകനൊപ്പം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പോസ്റ്റിന് മുന്നില്‍ 52 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള അലിറെസ ബിരാന്‍വാന്‍ഡും ഇറങ്ങും.
സൂപ്പറാകാന്‍
ലോകറാങ്കിങ്ങില്‍ പതിനാറാം സ്ഥാനത്തുള്ള അമേരിക്കയും 19-ാം സ്ഥാനത്തുള്ള വെയല്‍സും ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ പോരാട്ടം സൂപ്പറാവും. 64 വര്‍ഷത്തിനു ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങുന്ന വെയ്ല്‍സിന് ഇത്തവണ പലതും തെളിയിക്കാനുണ്ട്. നിരവധി വെയ്ല്‍സ് ആരാധകരാണ് കളി കാണാനായി ദോഹയിലെത്തിയിട്ടുള്ളത്. ഈ ആരാധകരുടെ പിന്തുണയില്‍ ആദ്യ കളി ജയിച്ച് ആഘോഷം തുടങ്ങാനാണ് ഗാരെത് ബെയ്ലിന്റെ വെയ്ല്‍സ് ഇറങ്ങുന്നത്.
ടീമിലെ പ്രധാന സ്ട്രൈക്കര്‍ നായകന് തന്നെയായ ബെയ്ല് തന്നെ. ഒപ്പം ഡാനിയേല്‍ ജെയിംസ്, ബ്രെന്നന് ജോണ്സണ്, മാര്‍ക് ഹാരിസ് തുടങ്ങിയവരുമുണ്ട്. ആരോണ്‍ റാംസെ എന്ന സൂപ്പര്‍ മിഡ്ഫീല്‍ഡറാണ് ടീമിന്റെ നെടുംതൂണ്. ജോ അലന്, ഹാരി വില്‍സണ്‍, ജോണി വില്യംസ് തുടങ്ങിയ പ്രതിഭാധനനരും ടീമിന് കരുത്താണ്. ക്രിസ് ഗുണ്ടര്, ബെന്‍ ഡേവിസ്, ക്രിസ് മെപ്ഹാം എന്നിവടങ്ങിയ പ്രതിരോധത്തെ പൊളിച്ചടുക്കുക എന്നതാണ് അമേരിക്കന്‍ ടീമിന്റെ വലിയ വെല്ലുവിളി. ഗോള്‍വലയ്ക്ക് മുന്നില്‍ വെയ്ന്‍ ഹെന്നെസ്സിയും ഇറങ്ങും.
ക്രിസ്റ്റ്യന്‍ പുലിസിച്ച് എന്ന യുവതാരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് അമേരിക്ക ഇറങ്ങുക. ജോര്‍ദാന്‍ മോറിസ്, ജിയോവാനി റെയ്ന, ടെയ്ലര് ആഡംസ്, ബ്രെന്‍ഡണ്‍ മക്നീനി, ക്രിസ്റ്റ്യന്‍ റൊള്‍ഡാന്‍, ടിം റീം, ആരോണ്‍ ലോങ്, സെര്‍ജിനോ ഡസ്റ്റ്, ആന്റണി റോബിന്‍സണ്‍ തുടങ്ങിയവരും ഗോള്‍ കീപ്പറായി ആഴ്സണലിന്റെ മാറ്റ് ടുണറും ടീമിലുണ്ട്. എന്നാല്‍ അവസാനം കളിച്ച അഞ്ചെണ്ണത്തില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. മൂന്നെണ്ണം സമനിലയിലായപ്പോള്‍ ഒന്നില്‍ തോറ്റു. ഏതാണ്ട് തുല്യശക്തികളുടെ പോരാട്ടമായതിനാല്‍ തീപാറും.
ഓറഞ്ച് തോട്ടത്തില്‍
സെനഗലിനെതിരെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ഫിഫ റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സ് ലക്ഷ്യമിടുന്നത് അനായസ ജയം. 2018 റഷ്യന്‍ ലോകകപ്പില്‍ കളിക്കാന്‍ കഴിയാതെ പോയതിന്റെ ക്ഷീണം തീര്‍ക്കാനുറച്ചാണ് നെതര്‍ലന്‍ഡ്സ് ആദ്യ കളിക്കിറങ്ങുന്നത്.
യുവത്വവും പരിചയസമ്പത്തും ഒന്നച്ചടങ്ങുന്നതാണ് ഡച്ച് പട. മെംഫിസ് ഡീപേ എന്ന സൂപ്പര്‍ താരമാണ് സെനഗല്‍ പ്രതിരോധം ഏറ്റവും പേടിക്കേണ്ട താരം. ഡീപേക്കൊപ്പം മുന്നേറ്റനിരയില്‍ ലുക്ക് ഡി ജോങ്ങാകും ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യത. മധ്യനിരയില്‍ ഡാവി ക്ലാസ്സനും സ്റ്റീവന്‍ ബെര്‍ഗ്യുയിസും ഫ്രെന്‍കി ഡി ജോങ്ങും പ്രതിരോധത്തില്‍ നായകന് വിര്‍ജില്‍ വാന്‍ ഡിക്കും മാത്യാസ് ഡി ലിറ്റ്, ഡാലി ബ്ലിന്‍ഡ്, ഡെന്‍സല്‍ ഡുംഫ്രൈസ് എന്നിവരും എത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഗോള്‍വലയ്ക്ക് മുന്നില്‍ റെംകോ പസ്വീറായിരിക്കും ഇറങ്ങുക. അവസാനം കളിച്ച എട്ട് കളികളില്‍ തോല്‍വിയറിയാതെയാണ് ഡച്ച് പട ലോകകപ്പിനെത്തിയിട്ടുള്ളത്. ആറ് കളികള്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു.
സൂപ്പര്‍ താരം സാദിയോ മാനെയുടെ അഭാവത്തിലാണ് സെനഗല്‍ എത്തുന്നത്. മാനെക്ക് പകരം ഇസ്മയില സാര്‍, ബൗലയെ ഡിയ എന്നിവരാകും സ്ട്രൈക്കര്‍മാര്‍. ടീം ഉപനനായകന്‍ ഇദ്രിസ്സ ഗുയേയ മധ്യനിരയില്‍ കളിമെനയും. ഒപ്പം ചീഖു കൗയാട്ടെ, പെപെ ഗുയെയ നാംപെലിസ് മെന്‍ഡി എന്നിവരും ഉണ്ടാവും. പ്രതിരോധം കാക്കുന്നത് നായകന് കാലിഡൗ കൗലിബാലിയുടെ നേതൃത്വത്തില്‍. ഗോള്‍ വലയ്ക്ക് മുന്നില്‍ സെനി ഡിങ്ങും ഇടംപിടിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: