ശബരിമല: ശബരിമല തീര്‍ഥാടനത്തിന്റെ മറവില്‍ ഭക്തരെ കൊള്ളയടിച്ച് കെഎസ്ആര്‍ടിസി. തീര്‍ഥാടകരില്‍ നിന്ന് പരമാവധി പണം കണ്ടെത്തി കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലയ്‌ക്കല്‍- പമ്പ ചെയിന്‍ സര്‍വീസില്‍ ആണ് കെഎസ്ആര്‍ടിസി ഏറ്റവും വലിയ കൊള്ള നടത്തുന്നത്. 22 കിലോമീറ്റര്‍ ദൂരത്തിന് 50 രൂപയും, എസി ബസിന് 80 രൂപയുമാണ് ഈടാക്കുന്നത്.
എന്നാല്‍, 70 കിലോമീറ്റര്‍ ദൂരമുള്ള പത്തനംതിട്ട- പമ്പ സര്‍വീസിന് ഈടാക്കുന്നത് 141 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. നിലയ്‌ക്കല്‍- പമ്പ സര്‍വീസില്‍ നിന്ന് മാത്രം കഴിഞ്ഞ ദിവസം വരെ 48 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസി വരുമാനം ഉണ്ടാക്കിയിരിക്കുന്നത്. പരമാവധി എസി ബസുകള്‍ സര്‍വീസ് നടത്തി പണം കൊയ്യാനുള്ള നീക്കമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. മലയാളികളായ തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സമയത്ത് മാത്രമാണ് നോണ്‍ എസി ബസുകള്‍ നിലയ്‌ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിക്കുന്നത്. കണ്ടക്ടര്‍മാരെ പൂര്‍ണമായും ഒഴിവാക്കിയാണ് ചെയിന്‍ സര്‍വീസ് നടത്തുന്നത്. നിലയ്‌ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കെട്ടിയ താത്ക്കാലിക ഷെഡ്ഡിലാണ് ടിക്കറ്റ് കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്. 10 കൗണ്ടറുണ്ട്. നിലയ്‌ക്കല്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുക്കണം.
പമ്പ ത്രിവേണിയില്‍ നിന്ന് വിട്ടാല്‍ ഇടയ്‌ക്ക് നിര്‍ത്തില്ല. നിലയ്‌ക്കല്‍ സ്റ്റാന്‍ഡില്‍ മാത്രമാണ് നിര്‍ത്തുന്നത്. അതേപോലെ നിലയ്‌ക്കല്‍ നിന്ന് വിട്ടാല്‍ പമ്പയില്‍ മാത്രമാണ് നിര്‍ത്തുക. നിലയ്‌ക്കല്‍- പമ്പ സര്‍വീസിന് 169 ബസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 16ന് നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് 531, തിരിച്ച് 522 സര്‍വീസുകളും നടത്തി. 17ന് നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് 541, തിരികെ പമ്പയിലേക്ക് 556ഉും 18ന് നിലയ്‌ക്കലില്‍ നിന്നും 632 തിരികെ 677 സര്‍വീസുകളും നടത്തി. ദീര്‍ഘദൂര സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തിയത് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നാണ്. 18ന് ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് 55 ഉം തിരികെ 66 സര്‍വീസുകളും നടത്തി. കോട്ടയത്ത് നിന്ന് പമ്പയിലേക്ക് 18ഉം തിരികെ 28 സര്‍വീസുകളും ഉണ്ടായിരുന്നു.
അതേസമയം, ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പയിലേക്കുള്ള ബസ് ചാര്‍ജ് അന്യായമായി വര്‍ധിപ്പിച്ച കെഎസ്ആര്‍ടിസിയുടെ നടപടി പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വൃശ്ചികം ഒന്നു മുതല്‍ പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ സ്‌പെഷല്‍ സര്‍വീസ് ഗണത്തില്‍പ്പെടുത്തിയാണ് അധിക ചാര്‍ജ് ഈടാക്കുന്നത്. തീര്‍ഥാടകരെ കൊള്ളയടിക്കുന്ന നിലപാടാണിതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി. ബാബു ആരോപിച്ചു. പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് 112 രൂപയ്‌ക്കു പകരം അയ്യപ്പന്മാര്‍ 143 രൂപ കൊടുക്കണം . ചെങ്ങന്നൂര്‍ – പമ്പ ചാര്‍ജ് 141 രൂപയില്‍നിന്ന് 180 രൂപയാക്കി കൂട്ടി. അയ്യപ്പന്‍മാരെ കുത്തി നിറച്ച് സര്‍വീസ് നടത്തുന്ന നിലയ്‌ക്കല്‍ – പമ്പ നിരക്ക് 32 രൂപയുടെ സ്ഥാനത്ത് 50 രൂപ ഈടാക്കുകയാണ്. ശബരിമല തീര്‍ഥാടന കാലത്ത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരില്‍നിന്ന് ഖജനാവിലേക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നികുതി വരുമാനമുള്ളപ്പോഴാണ് ചാര്‍ജ് വര്‍ധനവിലൂടെ തീര്‍ഥാടകരെ പിഴിഞ്ഞ് കെഎസ്ആര്‍ടിസി അധിക വരുമാനമുണ്ടാക്കുന്നത്. ശബരിമല ബസ് ചാര്‍ജ് വര്‍ധനവിനെതിരെ തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ഇന്ന് ഹിന്ദു ഐക്യവേദി ഉപരോധിക്കുമെന്ന് ആര്‍.വി. ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: