ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികരെ വിവാഹത്തിന് ക്ഷണിച്ച് സ്വന്തം കൈപ്പടയിലുള്ള കത്തയച്ച് തിരുവനന്തപുരം സ്വദേശികളായ യുവമിഥുനങ്ങള്‍ . വിവാഹജീവിതത്തിലേക്ക് ചുവടുവെയ്‌ക്കാന്‍ പോകുന്ന രാഹുൽ, കാർത്തിക എന്നിവരാണ് ഇന്ത്യൻ സൈന്യത്തെ അവരുടെ വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് കത്തയച്ചത്. കത്തില്‍ സൈനികരെ അഭിസംബോധന ചെയ്തിരിക്കുന്നത് ‘പ്രിയ നായകരെ’ എന്നാണ്.
കല്ല്യാണ കുറിയോടൊപ്പം കത്തുകൂടി ചേർത്താണ് അയച്ചത്. അടിമുടി ദേശസ്നേഹം തുളുമ്പുന്ന കത്തിലെ ഉള്ളടക്കം ഏതാണ്ട് ഇങ്ങിനെയാണ്: “നവംബർ 10ന് ഞങ്ങൾ വിവാഹിതരാവുകയാണ്. നിങ്ങളുടെ സ്നേഹത്തിനും, നിശ്ചയദാർഢ്യത്തിനും, ദേശസ്നേഹത്തിനും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങളെ സുരക്ഷിതരാക്കിയതിന് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ കാരണമാണ് ഞങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങൾ തന്നതിന് നന്ദി. നിങ്ങൾ കാരണമാണ് ഞങ്ങൾ വിവാഹിതരാകുന്നത്. വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നതിൽ സന്തോഷം ഉണ്ട്.”
വിവാഹത്തിന് ക്ഷണിച്ച ഇരുവര്‍ക്കും നന്ദി രേഖപ്പെടുത്തി സൈന്യത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജില്‍ കത്ത് പങ്കുവെച്ചതോടെ കേരളത്തിലെ യുവമിഥുനങ്ങളായ ഭാവിവധൂവരന്മാരും അവരുടെ കത്തും ദേശീയ വാര്‍ത്തയായി മാറി. “വിവാഹത്തിന് ക്ഷണിച്ചതിന് രാഹുലിനും കാർത്തികക്കും നന്ദി. സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു”- എന്ന കുറിപ്പോടെയാണ് സൈന്യം നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.
കത്ത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സൈന്യത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: