തിരുവനന്തപുരം: തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാമെന്നും എന്നാല്‍ താന്‍ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും നടന് ഉണ്ണി മുകുന്ദന്. ‘ഷഫീക്കിന്റെ സന്തോഷം’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് പ്രസ്ക്ലബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദന്.
മേപ്പടിയാന് സിനിമ വന്നശേഷം തനിക്കെതിരെ പലതരം വിശേഷണങ്ങള്‍ ഉയര്‍ന്നുവന്നു. സംഘിയാണെന്നും സ്ലീപ്പര്‍സെല്ലാണെന്നും വരെ ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ ചെയ്യുന്നതുപോലുള്ള വേഷങ്ങള്‍ ചെയ്യുന്ന മറ്റ് നടന്മാര് നേരിടേണ്ടിവരാത്ത ഒരു ചോദ്യവും തനിക്കുമാത്രം നേരിടേണ്ടിവരരുത്.
താന്‍ ഹനുമാന് ജയന്തിയുടെ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ അത് വലിയൊരു ചര്‍ച്ചാവിഷയമാകുന്നു. അതിലൊന്നും വിഷമമില്ല. മേപ്പടിയാനില്‍ നടനെന്ന നിലയില്‍ തനിക്ക് വലിയ അംഗീകാരം കിട്ടിയെങ്കിലും ചര്‍ച്ചകള്‍ വഴിമാറിയതോടെ നല്ലൊരു തിരക്കഥ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ വിഷമമുണ്ട്. ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കാണിച്ചതോടെയാണ് സംഘിയെന്ന പ്രചാരണം തുടങ്ങിയതെന്നും ഉണ്ണിമുകുന്ദന് പറഞ്ഞു.
കുറച്ചുകാലം ജിമ്മന്‍ എന്ന വിശേഷണമായിരുന്നു. ഇപ്പോള്‍ പൊളിറ്റിക്കല്‍ സിനിമ എടുക്കുന്ന നടന് എന്നായിരിക്കുന്നു. താന്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ആളാണ്. സിനിമ കണ്ട് ഇഷ്ടപ്പെട്ട് സിനിമയില്‍ വന്നതാണ്. ചെയ്ത സിനിമകള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. തന്റെ സിനിമകളില്‍ പറയുന്ന രാഷ്ട്രീയമോ പറയാത്ത രാഷ്ട്രീയമോ ഒക്കെ കണ്ടുപിടിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് അതാകാം. എന്നുകരുതി യാതൊരുവിധ മാറ്റവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല.
തന്റെ ശരികളാണ് തന്റെ ശരിയെന്നും ഉണ്ണിമുകുന്ദന് പറഞ്ഞു. സിനിമകളെ ആര്‍ക്കും വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശകര്‍ പ്രയോഗിക്കുന്ന ചില വാക്കുകള്‍ സിനിമയെ തന്നെ തകര്‍ക്കുന്ന വിധത്തിലാകുമ്പോഴാണ് വിഷമം തോന്നുക. സിനിമാ അഭിനയം പഠിച്ചിട്ടല്ല, കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഈ രംഗത്തുവന്നത്. സിനിമയുടെ എല്ലാമേഖലകളെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ധാരാളം സിനിമകള്‍ നിര്മിക്കണമെന്നാണാഗ്രഹം. എന്നാല്‍ എല്ലാത്തിലും അഭിനയിക്കില്ല. നല്ല സിനിമ ചെയ്യാന്‍ ശ്രമിക്കും. അതാണ് വാഗ്ദാനവും. നല്ലൊരു സിനിമയാണ് ‘ഷഫീക്കിന്റെ സന്തോഷം’. ഉണ്ണിമുകുന്ദന് പറഞ്ഞു.
ഉണ്ണിമുകുന്ദന്, മനോജ് കെ. ജയന്, ബാല, ദിവ്യപിള്ള, ആത്മീയ രാജന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മുഖാമുഖം പരിപാടിയില്‍ നടന് അനീഷ് രവി, വിപിന്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: