കോഴിക്കോട് : ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ സിഐ പി.ആര്. സുനുവിനോട് അവധിയില്‍ പോകാന്‍ ഉന്നതതല നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. സുനു സേനയില്‍ തുടര്‍ന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഞായറാഴ്ച രാവിലെയാണ് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനില്‍ തിരികെ പ്രവേശിച്ചത്. ഒരാഴ്ച്ച മുമ്പാണ് പീഡനക്കേസില്‍ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പോലീസ് കോഴിക്കോടെത്തി കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ സുനുവിനെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.
ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ പി.ആര്. സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവില്‍ അവസാനിപ്പിച്ച കേസ് ഉള്‍പ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൃക്കാക്കരയില്‍ അടുത്തിടെ രജിസ്റ്റര്‍ ചെയ്ത കൂട്ടബലാത്സംഗം കേസിലും സുനു ആരോപണ വിധേയനായതോടെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥന് സേനയില്‍ തുടരുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: