തൃശൂര്‍: പാര്‍ട്ടി സഖാക്കളെ കേരള വര്‍മ്മ കോളേജിലും തിരുകി കയറ്റാന്‍ ശ്രമം നടത്തിയതായി ആരോപണം. കേരള വര്‍മ്മ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. മുന്‍ എസ്എഫ്‌ഐ നേതാവിന് വേണ്ടി ഇടപെടലുകളുണ്ടായെന്നതാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.
ഗസ്റ്റ് അധ്യാപക നിയമനത്തിനായി ചട്ടങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നാം സ്ഥാനത്തിയ യുവതിക്കുമേല്‍ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് പുതിയ ആരോപണം. ഒന്നാം റാങ്കുകാരി കോളെജിലെ അധ്യാപികയ്‌ക്ക് അയച്ച ചാറ്റ് പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്. മുന്‍ എസ്എഫ്‌ഐ നേതാവിന് വേണ്ടിയാണ് ഈ സമ്മര്‍ദ്ദ തന്ത്രമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
ഗസ്റ്റ് അധ്യാപക ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ഈ മുന്‍ എസ്എഫ്‌ഐക്കാരനുള്ളത്. ഇയാളെ നിയമിക്കുന്നതിനായി മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഉള്‍പ്പടെയുള്ള പ്രത്യേകസംഘം ഇടപെടലുകള്‍ നടത്തിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ സബ്ജറ്റ് എക്‌സ്പര്‍ട്ടായ ഡോ. ജൂവല്‍ ജോണ്‍ ആലപ്പാട്ട് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മെയ്മാസത്തിലായിരുന്നു നിയമനത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്റര്‍വ്യൂ പാനലില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍, പൊളിറ്റിക്കല്‍ സയന്‍സിലെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ്, സബ്ജക്ട് എക്‌സ്പര്‍ട് ആയ അധ്യാപിക ജുവല്‍ ജോണ്‍ ആലപ്പാട്ട്, മറ്റൊരു അധ്യാപകന്‍ എന്നിവരടങ്ങുന്നതായിരുന്നു പാനല്‍. അഭിമുഖത്തില്‍ പാലക്കാട് സ്വദേശിയായ യുവതിയാണ് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തത്. രണ്ട് വര്‍ഷമായി ഗസ്റ്റ് അധ്യാപകനായി കേരള വര്‍മ്മയില്‍ പഠിപ്പിക്കുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് റാങ്ക് പട്ടികയില്‍ രണ്ടാമതും ഇടംപിടിച്ചു.
എന്നാല്‍ ഒന്നാം റാങ്കുകാരിയായ യുവതി അധ്യാപികയ്‌ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തനിക്ക് നിരന്തരമായി ഫോണ്‍ വിളികള്‍ ലഭിക്കുന്നുണ്ടെന്നും തനിക്ക് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ട്. ജോലിയില്‍ നിന്നും താന്‍ ജോലിയില്‍ നിന്നും പിന്മാറുകയാണെന്നും, ഒന്നാം റാങ്ക് ഇടതു നേതാവായ ഗസ്റ്റ് അധ്യാപകന് ലഭിക്കാതെ വന്നപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് അതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും യുവതി അധ്യാപികയോട് വാട്സ്ആപ്പ് ചാറ്റിലൂടെ പരാതി പറഞ്ഞിരുന്നു.
അതേസമയം മേയ് മാസത്തില്‍ അഭിമുഖം നടത്തിയതാണെങ്കിലും റാങ്ക് പട്ടിക ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. നിയമനം സംബന്ധിച്ച് കേരള വര്‍മ്മ കോളേജ് ഔദ്യോഗികമായ അറിയിപ്പുകളും യുവതിക്ക് ഇതുവരെ നല്‍കിയിട്ടില്ല. യുവതി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയവരേയും ഇക്കാര്യം അവര്‍ അറിയിച്ചിരുന്നു. എന്നിട്ടും സമ്മര്‍ദ്ദം തുടരുകയായിരുന്നു. യുവതി നിലവില്‍ പാലക്കാട്ടെ മറ്റൊരു കോളേജില്‍ ഗസ്റ്റ് അധ്യാപികയാണ്. ഇതോടെ കോളേജിലെ അധ്യാപികയായ ജുവലാണ് പരാതി ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: