പാലക്കാട്: സ്വപ്ന സുരേഷിന് ജോലി നല്‍കിയിരുന്ന പാലക്കാട്ടെ സാമൂഹ്യസേവന സംഘടനയായ എച്ച്ആര്‍ഡിഎസ് കേരളം വിടുന്നു. ഭരണകൂട ഭീകരതയാണ് കാരണമെന്ന് എച്ച് ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറിയായ അജി കൃഷ്ണന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്വപ്ന സുരേഷിന് ജോലി നല്കിയപ്പോള് മുതല്‍ സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം കൂടി എച്ച്ആര്‍ഡിഎസിന്റെ കേരളത്തിലുള്ള വിവിധ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
പാലക്കാട്, അട്ടപ്പാടി, തൊടുപുഴ, പരിയാരം എന്നീ ഓഫീസുകളിലും അജി കൃഷ്ണന്റെ പാലായിലെ ഫ്ളാറ്റിലും ഒരേ സമയത്തായിരുന്നു പരിശോധന നടത്തിയത്. ഓഫീസിലെ നിരവധി രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയും ചെയ്തു.
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ്ണകള്ളക്കടത്ത് വിവാദത്തെ തുടര്‍ന്ന് ജോലി നഷ്ടമായ സ്വപ്ന സുരേഷിന് എച്ച് ആര്‍ഡിഎസ് ജോലി നല്‍കുകയായിരുന്നു. എന്നാല്‍ ശിവശങ്കറിന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കും മറ്റും എതിരെ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് എച്ച് ആര്‍ഡിഎസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ എച്ച് ആര്‍ഡിഎസ് സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്നും പുറത്താക്കി. അതിനിടെ എച്ച്ആര്‍ഡിഎസിന്റെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായര്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപിക്കും പരാതി നല്‍കിയിരുന്നു. 2022 ഫെബ്രുവരി 18നാണ് സ്വപ്നയ്ക്ക് എച്ച് ആര് ഡി എസ് നിയമനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: