കോട്ടയം മാന്നാനത്തെ സ്വാതന്ത്ര്യസമരസേനാനി പി.കെ. വാസുദേവന്‍ നായര്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കടുത്ത ആരാധകനായിരുന്നു. ഈ ആരാധനയാലാണ് മക്കളുടെ പേരിനൊപ്പം അദ്ദേഹം ബോസ് കൂടി ചേര്‍ത്തത്. വാസുദേവന്‍ നായരുടെയും സി. പദ്മാവതി അമ്മയുടെയും നാലാമത്തെ മകന് സി.വി. ആനന്ദബോസ്, ഇന്ന് പശ്ചിമബംഗാളിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ടിരിക്കുകയാണ്. ജില്ലാ കളക്ടര്‍ മുതല്‍ ഗവര്‍ണര്‍ വരെ എത്തിനില്‍ക്കുന്ന ആനന്ദബോസിന്റെ ജീവിതം.
ജില്ലാ കളക്ടറില്‍ നിന്ന് തുടങ്ങി ഗവര്‍ണര്‍ പദവിയിലെത്തുമ്പോള്‍, കളക്ടര്‍ എന്ന പദവിയെ എങ്ങനെ കാണുന്നു ?
ഒരു ഐഎഎസ് ഉദ്യോഗസ്ഥന് ജനങ്ങളുമായി ഏറ്റവുമധികം ഇടപഴകുന്നത് ജില്ലാ കളക്ടര്‍ ആയിരിക്കുമ്പോഴാണ്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ മനസ്സിലാക്കുന്നത് ഈ സമയത്താണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞതും ഹൃദ്യവുമായ ജോലിയാണ് കളക്ടറുടേത്. കളക്ടറായിരിക്കെ ഒരുപാട് പുതിയ കാര്യങ്ങള്‍ ചെയ്തു. നിര്‍മിതി കേന്ദ്രം, ഡിടിപിസി, ധന്വന്തരി കേന്ദ്രം തുടങ്ങി ഇന്ത്യയൊട്ടാകെ 52 പുതിയ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും തുടങ്ങാന്‍ കഴിഞ്ഞു. യുഎന്‍, എ.ബി. (ആനന്ദബോസ്) മോഡല്‍ ഓഫ് ഡെവലപ്മെന്റ് എന്നു ചിത്രീകരിച്ച് നാലുതവണ ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്കാരം നല്കി. കേന്ദ്രസര്‍ക്കാര്‍, നാഷണല്‍ സ്പെഷ്യല്‍ ഹാബിറ്റാറ്റ് പുരസ്കാരം നല്കി. ഐഎഎസുകാരുടെ പരിശീലന കേന്ദ്രമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആദ്യത്തെ ഫെലോഷിപ്പ് തന്നു. കളക്ടറായി ഇരിക്കുമ്പോള്‍ ലഭിച്ച അനുഭവം ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ കൂടുതല്‍ സഹായകമാകും, മുതല്‍ക്കൂട്ടാകും.
ബംഗാള്‍ ഗവര്‍ണറായി നിയോഗിക്കപ്പെട്ടതിനെക്കുറിച്ച് ?
ബംഗാളിലേക്കുള്ള ഈ നിയോഗം ഒരു വലിയ ഉത്തരവാദിത്വമായി കാണുന്നു. ഇങ്ങനെയൊരു ഉത്തരവാദിത്വം ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയുണ്ട്. ഇതിന് പ്രാപ്തനാക്കിയ കേരള ജനതയോട് കടപ്പാടുണ്ട്. ഈ ദൗത്യം ഭരണഘടനയ്ക്കുള്ളില്‍ നിന്ന് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസവുമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ക്രിയാത്മകമായ സഹകരണം വളര്‍ത്തിയെടുക്കുക. കേന്ദ്രം സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നല്കുന്നതെല്ലാം അര്‍ഹമായ രീതിയില്‍ ബംഗാളിലെ ജനങ്ങളിലേക്കും എത്തിക്കുക എന്നതിന് മുന്‍ഗണന നല്‍കും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണഘടനയുടെ പരിമിതിക്കുള്ളില്‍ നിന്ന് നിയമപരമായി പ്രവര് ത്തിക്കാന് സാഹചര്യം ഒരുക്കും. ഭരണഘടന മാനിക്കപ്പെടുന്നു ഉയര്‍ത്തിപ്പിടിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും തന്റെ കര്‍ത്തവ്യമാണ്.
ബംഗാളിലെ ജനക്ഷേമ പദ്ധതികളില്‍ ഇടപെടല്‍ എങ്ങനെയാകും ?
ബംഗാളിലെ ജനങ്ങളോട് ഗവര്‍ണര്‍ക്ക് ഒരു ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ എവിടെയെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കും. അതിനുള്ള അവകാശവും ഉത്തരവാദിത്വവും കടമയും ഗവര്‍ണര്‍ക്കുണ്ട്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ച് പരിശ്രമിച്ചാല്‍ മാത്രമെ ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കും.
പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ, സംസ്ഥാന സര്‍ക്കാരിനെ നേരിടാന്‍ ഉപയോഗിക്കുന്നു എന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്. അതിനെ ഏങ്ങനെ കാണുന്നു ?
തികച്ചും രാഷ്ട്രീയപരമായ ആരോപണമാണത്. ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെയോ ഭരണപക്ഷത്തിന്റെയോ ആളല്ല. ഗവര്‍ണര്‍ എല്ലാവരുടെയും ഗവര്‍ണറാണ്. സംസ്ഥാനത്തിന്റെ ഭരണതലവനാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വം മനസ്സിലാക്കി ഭരണഘടനയുടെ അന്തഃസത്ത ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആകാനാണ് താല്പര്യം. അതിനായി ശ്രമിക്കും.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പരിചയം ?
ഗവര്‍ണറായി നിയമിക്കപ്പെട്ടശേഷം മുഖ്യമന്ത്രി മമത ബാനര്‍ജി ഫോണില്‍ വിളിച്ചു. സംഭാഷണം സൗഹാര്‍ദപരമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതിനിധി സംഘം സന്ദര്‍ശിക്കുകയും ചെയ്തു. മമത ബാനര്‍ജിയുടെ പല പദ്ധതികളെക്കുറിച്ചും മുമ്പ് പഠിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായി പരിചയപ്പെടുകയോ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല
കേരളത്തിലെ നിലവിലെ സാഹചര്യം? ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളെക്കുറിച്ച് ?
കേരളത്തിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആളല്ല. കേരള ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയാണ്.
പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികളെക്കുറിച്ച് ?
പ്രധാനമന്ത്രി പദത്തില്‍ എത്തുന്നതിന് മുമ്പ് മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എന്നെ അഹമ്മദാബാദിലേക്ക് വിളിപ്പിച്ചിരുന്നു. അന്നു കൊടുത്ത പദ്ധതിയാണ് ‘എല്ലാവര്ക്കും പാര്‍പ്പിടം’ എന്നത്. അതിന്റെ പ്രതിഫലനം പ്രധാനമന്ത്രി ആവാസ് യോജനയില്‍ കാണാം. ഇതുകൂടാതെ പല സമയങ്ങളിലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കോവിഡ് സമയത്തും അല്ലാത്ത സമയങ്ങളിലും ഇത്തരത്തില്‍ താനുള്‍പ്പെടെയുള്ള മുതിര്‍ന്ന വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അനൗപചാരികമായി ധാരാളം നിര്‍േദശങ്ങള്‍ നല്കാന് കഴിഞ്ഞിട്ടുണ്ട്. ചിലതെല്ലാം നടപ്പാക്കുന്നതായി കാണുന്നു. അത്തരം നിര്‍ദേശങ്ങളുടെ സ്വാധീനം പലപദ്ധതികളിലും കാണുന്നുണ്ട്.
പ്രധാനമന്ത്രിയില്‍ കണ്ട സവിശേഷതകള്‍, മറ്റു പ്രധാനമന്ത്രിമാരില്‍ നിന്നുള്ള വ്യത്യാസം ?
പല പ്രധാനമന്ത്രിമാരുടെയും കൂടെ ജോലി ചെയ്തിട്ടുണ്ട്. എല്ലാ പ്രധാനമന്ത്രിമാര്‍ക്കും അവരുടേതായ ശൈലിയുണ്ട്. നരേന്ദ്രമോദി പറയുന്ന കാര്യങ്ങള്‍ ചെയ്യും. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ പറയൂ. നരേന്ദ്രമോദിയും മന്ത്രിസഭയിലുള്ളവരും അഴിമതിക്കാരല്ല. ഒരു ചെറിയ അഴിമതി ആരോപണം പോലും ഉയരുന്നില്ല. അഥവാ ഉയരുന്നുണ്ടെങ്കില്‍ സുപ്രീംകോടതി തന്നെ ആ ആരോപണം ശരിയല്ലെന്ന് വ്യക്തമാക്കുന്നു. അഴിമതിരഹിതവും വികസനഭരിതവുമാണ് മോദി ഭരണം. ശക്തനായ നേതാവാണ് നരേന്ദ്രമോദി. രാജ്യത്തിന് നല്ലത് എന്നു തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹം വിമര്‍ശനങ്ങളെ വകവെയ്ക്കാതെ ചെയ്യുന്നു. നിര്‍ഭയത്വം, നിര്‍മമത, ജനങ്ങളോടുള്ള ഉത്തരവാദിത്വം അതെല്ലാമാണ് നരേന്ദ്രമോദിയില്‍ കാണുന്ന പ്രധാന സവിശേഷതകള്‍. ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കുന്നവരെയാണ് അദ്ദേഹത്തിനുവേണ്ടത്. പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുള്ളത് ജനങ്ങളോടാണ്. അതാണ് അദ്ദേഹത്തിന്റെ അജണ്ട.
പത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ നിധിയെക്കുറിച്ച് ?
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ കണ്ടതിനെക്കുറിച്ച് പറയരുതെന്ന സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ അതിനെക്കുറിച്ച് പറയാനാവില്ല. നാഷണല്‍ മ്യൂസിയത്തില്‍ നിധി ശേഖരം കൈകാര്യം ചെയ്ത് പരിചയമുള്ളതിനാല്‍ നിധി ശേഖരത്തക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നിധിശേഖരം ആണെന്ന വാര്‍ത്തകളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. എന്നാല്‍ ലോകത്തിലെ അതിപ്രധാനമായ നിധിശേഖരം ആണ് എന്ന് പറയാം. അതിന്റെ മൂല്യം എത്രയുണ്ട് എന്ന് പറയാന്‍ കഴിയില്ല. കാരണം അതിന്റെ മൂല്യനിര്‍ണയം നടന്നിട്ടില്ല. പൈതൃക വസ്തുക്കളുടെ മൂല്യനിര്‍ണയം സ്വര്‍ണത്തിന്റെ മൂല്യം നിശ്ചയിക്കുന്നതുപോലെ ചെയ്യാനാവില്ല. ചിലപ്പോള്‍ പത്രങ്ങളില്‍ ഉള്ളതിനെക്കാള്‍ കാണും.
നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന പദ്ധതി ?
വിശപ്പുരഹിത ഇന്ത്യ എന്ന ലക്ഷ്യം നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കണം എന്ന ആഗ്രഹമുണ്ട്. അതുസാധിക്കും. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നു. എല്ലാവര്ക്കും വീടെന്ന പദ്ധതി പിഎംഎവൈയിലൂടെ നടപ്പാക്കുന്നു. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കണം. അറുപത് വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും ഒരു മാസം പതിനായിരം രൂപയെങ്കിലും പെന്ഷന് ലഭിക്കുന്ന ഒരു പദ്ധതി നടപ്പാക്കണം എന്ന ആഗ്രഹമുണ്ട്. ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ ലഭ്യമാക്കുന്ന വിപുലമായ പദ്ധതി. അതിനിയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വരണം.
ബിജെപി പ്രവേശനത്തെക്കുറിച്ച് ?
രാഷ്ട്രീയമായ നിലപാടുകള്‍ ഇല്ലാതെ സമൂഹത്തില്‍ മാറ്റമുണ്ടാവില്ല എന്ന് ബോധ്യമായപ്പോഴാണ് ബിജെപിയില്‍ ചേരുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകളും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അതിന് പ്രചോദനമായി. നരേന്ദ്രമോദി നേതൃത്വം നല്കുന്ന ബിജെപിയാണ് തന്റെ മനസ്സിന് ചേരുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന് ബോധ്യമുള്ളതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത്.
ജോലിത്തിരക്കിനിടയിലെ എഴുത്തിന്റെ ലോകം ?
ഏറ്റവും താല്പര്യമുള്ളത് എഴുത്താണ്. ജോലിത്തിരക്കിനിടയിലും എഴുത്ത് നടക്കുന്നു. ഇതുവരെ അന്‍പത് പുസ്തകങ്ങള്‍ എഴുതി, നോവല്‍, ചെറുകഥ, ഉപന്യാസം, കവിത എല്ലാം എഴുതിയിട്ടുണ്ട്. കവിത എഴുതാനാണ് കൂടുതല്‍ ഇഷ്ടം. എഴുത്തിനെ സരസ്വതീ കടാക്ഷമായി കാണുന്നു. അത് ഈശ്വരകൃപയാണ്. പുസ്തകങ്ങള്‍ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാര ങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കുടുംബത്തെക്കുറിച്ച് ?
ഉത്തരം: ഭാര്യ എല്‍.എസ്. ലക്ഷ്മി വീട്ടമ്മയാണ്. മകന്: വാസുദേവ ബോസ് അമേരിക്കയില്‍ പഠിക്കുന്നു. മകള്‍: പരേതയായ നന്ദിത ബോസ്.
സിവില്‍ സര്‍വീസ് ലക്ഷ്യംവെക്കുന്ന കേരളത്തിലെ യുവാക്കളോട് പറയാനുള്ളത് ?
ഒന്നും അസംഭവ്യമായിട്ടില്ല എന്ന് മനസ്സിലാക്കണം. റൈറ്റ് സഹോദരന്മാരും ഫോര്‍ഡുമെല്ലാം ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. എന്നാല്‍ അവര്‍ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. സിവില്‍ സര്‍വീസ് പരീക്ഷ പാസ്സാകും എന്ന് ആദ്യം മനസ്സില്‍ ഉറപ്പിക്കണം. തുടര്‍ന്ന് അതിനായി പരിശ്രമിക്കണം.
കേരളത്തെക്കുറിച്ച് ?
നൂറുശതമാനം മലയാളിത്തമുള്ളയാളാണ്. വീട്ടുകാരുടെ മാത്രമല്ല നാട്ടുകാരുടെയും സ്വാധീനം തന്റെ സ്വഭാവം കരുപ്പിടിപ്പിക്കുന്നതില്‍ ഉണ്ടായിട്ടുണ്ട്. ലോകത്തെ പലതലങ്ങളിലും തലയുയര്‍ത്തി നില്ക്കാന് തനിക്ക് ആത്മവിശ്വാസം നല്‍കിയത് കേരളമാണ്. അതുകൊണ്ട് കേരളം വിട്ട് ഒരു കളിയില്ല. കേരളത്തിലെ ജനങ്ങളാണ് എന്നെ ഞാനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: