തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദത്തിനിടെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തിറങ്ങിയ നിയമന ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ.ബൈജുവിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്പിയായാണ് ബൈജുവിന്റെ പുതിയ പോസ്റ്റിങ്.
ബൈജുവിന് പകരം റെജി ജേക്കബിനാണ് കത്ത് വിവാദം അന്വഷിക്കുന്നതിനുള്ള പുതിയ ചുമതല. സംസ്ഥാന പോലീസ് തലപ്പത്തെ വന്‍ അഴിച്ചുപണിയുടെ ഭാഗമാണ് ഈ സ്ഥലം മാറ്റമെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. 30 ഐപിഎസുകാരും സ്ഥലം മാറ്റല്‍ പട്ടികയിലുണ്ട്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറായിരുന്ന ആര്‍.ഇളങ്കോയ്‌ക്കു പകരം തിരുവനന്തപുരം ഡിസിപി അജിത് കുമാറിനെ നിയമിച്ചു. കൊല്ലം റൂറല്‍ എസ്പി കെ.ബി.രവിയെ വിജിലന്‍സിലേക്ക് മാറ്റി നിയമിച്ചു. അങ്കിത് അശോകന്‍ ആണ് പുതിയ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍.
കണ്ണൂര്‍ റൂറല്‍ എസ്പി കെ.ബി.രാജീവിനെയും സ്ഥലം മാറ്റി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്ക് നിയമിച്ചു. ചൈത്ര തെരേസ ജോണ്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: