കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണോ. ആണെന്നാണ് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുന്നത്. താന്‍ ആര്‍എസ്എസ് ശാഖയുടെ സംരക്ഷണചുമതല വഹിച്ചിട്ടുണ്ടെന്ന് കെ.സുധാകരനും പറയുന്നു. ആര്‍എസ്എസ്-ബിജെപി ബന്ധം എന്തെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപി മനസ്സില്ലാത്തവര്‍ക്ക് ശാഖയ്‌ക്ക് കാവല്‍ നില്‍ക്കാന്‍ കഴിയുമോ. കമ്മ്യൂണിസ്റ്റുകാരെ പേടിച്ച് നാടുവിട്ടോടിയ സുധാകരനെ നാട്ടില്‍ തിരിച്ചുകയറ്റിയത് ബിജെപി മുന്‍ അധ്യക്ഷനായ കെ.ജി. മാരാരാണെന്നും വാര്‍ത്ത വരുന്നു. മാത്രമല്ല പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തിനായി ഇരുവരും മത്സരിച്ചതിന്റെ തെളിവുകളും പുറത്താകുന്നു. സുധാകരനെ ആദ്യമായി നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെന്ന് മറ്റൊരു ബിജെപി അധ്യക്ഷന്‍ കെ.രാമന്‍പിള്ളയും പറയുന്നു. ജവഹര്‍ലാല്‍ നെഹ്രു പോലും സംഘപരിവാറിനോടു സന്ധിചെയ്തിട്ടുണ്ടന്ന് സുധാകരന്‍ ന്യായീകരിക്കുന്നു.
എന്താണ് പ്രശ്നം? സുധാകന്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണോ?. എന്നെങ്കിലും ബിജെപിക്ക് ഒപ്പം ആയിരുന്നിട്ടുണ്ടോ?. ആയിരുന്നു എന്നതുതന്നെയാണ് സുധാകരന്റെ രാഷ്‌ട്രീയ ജീവിതം വരച്ചിടുന്ന ചിത്രം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിലൂടെയാണ് സുധാകരന്‍ രാഷ്‌ട്രീയപ്രവര്‍ത്തനം തുടങ്ങിയത് എന്നത് നേര്. 1969 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് സംഘടനാ വിഭാഗത്തോടൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് ഇന്ദിരാ ഗാന്ധിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇന്ദിര സമാന്തര എഐസിസി വിളിച്ചു കൂട്ടിയതോടെ പാര്‍ട്ടി പിളര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഭരണവിഭാഗം) നിലവില്‍ വന്നു. ഔദ്യോഗികവിഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന) എന്നും അറിയപ്പെട്ടു. സുധാകരന്‍ സംഘടനാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് യുവജന വിഭാഗത്തിന്റെ പസിഡന്റുമായി. അടിയന്തരാവസ്ഥാനന്തരം 1977ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ച്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന) ഇതര പ്രതിപക്ഷ കക്ഷികളായ ഭാരതീയ ജനസംഘം, സോഷ്യലിസ്റ്റ് പാര്‍ട്ടി , ഭാരതീയ ലോക് ദള്‍ എന്നിവയുമായി ചേര്‍ന്ന് ജനതാ പാര്‍ട്ടിയായി മാറി. സുധാകരന്‍ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റുമായി.
ജനതാപാര്‍ട്ടിയുടെ ജില്ലാകമ്മറ്റി പുനഃസംഘടന തര്‍ക്കങ്ങളൊന്നും ഇല്ലാതെ നടന്നു. കണ്ണൂര്‍ ജില്ലയില്‍ കെ.ജി.മാരാരുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ മാരാര്‍ക്കെതിരെ മത്സരിക്കാന്‍ കെ.സുധാകരന്‍ രംഗത്തു വന്നു. സംസ്ഥാന നേതാക്കളായ പി.സി.ചെറിയാന്‍, കെ.രാമന്‍പിള്ള എന്നിവര്‍ കണ്ണൂരിലെത്തി. ഗസ്റ്റ് ഹൗസിലേക്ക് ജില്ലയിലെ പ്രമുഖ നേതാക്കളെ എല്ലാം വ്യക്തിപരമായി വിളിച്ച് അഭിപ്രായം തേടി. മഹാഭൂരിപക്ഷം പേരും കെ.ജി.മാരാരെ പിന്തുണച്ചു. മാരാര്‍ ജില്ലാ പ്രസിഡന്റുമായി.
1980 ലാണ് കെ.സുധാകരന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. എടക്കാട് മണ്ഡലത്തില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. അന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ സംസ്ഥാന കണ്‍വീനര്‍ കെ.രാമന്‍പിള്ളയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗത്തില്‍ കെ.രാമന്‍ പിള്ളയാണ് എടക്കാട് മണ്ഡലത്തിലേക്ക് സുധാകരന്റെ പേര് നിര്‍ദ്ദേശിച്ചത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് കെ.ജി.മാരോരോടു തോറ്റതിലുള്ള വിഷമം തീര്‍ക്കുക എന്നതും സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ കാരണമായി. മുസ്ലീം ലീഗിന്റെ പി.പി.വി.മൂസയോട് സുധാകരന്‍ തോറ്റു. 1982ല്‍ അതേ മണ്ഡലത്തില്‍ സ്വതന്ത്രനായി സുധാകരന്‍ മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.കെ.ശശീന്ദ്രനോട് തോറ്റു.
കെ.സുധാകരന്‍ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ് എന്നതില്‍ അഭിപ്രായവ്യത്യാസം കാണില്ല. അതിനാല്‍ നാട്ടിലെ ആര്‍എസ്എസ് ശാഖയ്‌ക്ക് അദ്ദേഹം സംരക്ഷണം ഒരുക്കി എന്നത് കണ്ണൂരിലെ രാഷ്‌ട്രീയം അറിയാവുന്നവര്‍ ആരും വിശ്വസിക്കില്ല. സുധാകന്‍ ആര്‍എസ്എസിന് കവചം തീര്‍ക്കുകയായിരുന്നില്ല, മറിച്ചാണ് സംഭവിച്ചതെന്നതാണ് സത്യം. സിപിഎമ്മുകാരെ പേടിച്ച് സുധാകരന് തന്റെ തട്ടകമായ എടക്കാട് നടാലില്‍ നിന്ന് ഓടിപോകേണ്ടി വന്നു. കണ്ണൂരിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ കഴിഞ്ഞിരുന്ന സുധാകരന് നാട്ടിലേക്ക് മടങ്ങിവരാന്‍ വഴിയൊരുക്കിയത് അന്നത്തെ ജനതാ പാര്‍ട്ടി ജില്ലാ പ്രസിഡന്റായിരുന്ന കെ.ജി.മാരാരാണ്. എടക്കാട് നടാലില്‍ വലിയൊരു പൊതിയോഗം സംഘടിപ്പിക്കുകയും ഇവിടെയുള്ള ഏതെങ്കിലും ജനതാപാര്‍ട്ടി പ്രവര്‍ത്തകന് ഇനിയൊരു പോറലെങ്കിലുമേറ്റാല്‍ സിപിഎമ്മുകാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന’ മുന്നറിയിപ്പും കെ.ജി.മാരാര്‍ നല്‍കിയതിനെതുടര്‍ന്നാണ് സുധാകരന്‍ നാട്ടില്‍ തിരിച്ചെത്തി വീട്ടില്‍ സമാധാനത്തോടെ അന്തിയുറങ്ങിയത്.
തന്റെ രാഷ്‌ട്രീയ ചരിത്രം അറിയാവുന്നവര്‍ പലരും ജീവിച്ചിരിപ്പുണ്ട് എന്നതറിയാവുന്നതിനാലാകാം ജവഹര്‍ലാല്‍ നെഹ്റുവിനെ ഒപ്പം നിര്‍ത്തിയുള്ള പ്രതിരോധം. ആദ്യ നെഹ്റു മന്ത്രിസഭയില്‍ ശ്യാംപ്രസാദ് മുഖര്‍ജിയെ ഉള്‍പ്പെടുത്തിയത് സംഘപരിവാറുമായിട്ടുള്ള സന്ധി ചെയ്യലാണെന്നാണ് വ്യാഖ്യാനം. ഹിന്ദു മഹാസഭയുടെ നേതാവും ബിജെപിയുടെ ആദ്യരൂപവുമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനുമായ മുഖര്‍ജിയെ നെഹ്രുവിന് മന്ത്രിസഭയിലെടുക്കാമെങ്കില്‍ താന്‍ ബിജെപിയുമായി സഹകരിച്ചാല്‍ എന്തു കുഴപ്പം എന്നു പറയാതെ പറയുകയാണ് സുധാകരന്‍.
സുധാകരന്‍ നെഹ്രുവിനെ തൊട്ടപ്പോള്‍ കോണ്‍ഗ്രസുകാരേക്കാള്‍ ആര്‍ജ്ജവത്തോടെ ബഹളം കൂട്ടുന്നത് കമ്മ്യൂണിസ്റ്റുകളാണ്. 1947 ഡിസംബര്‍ 7ന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍, ആര്‍എസ്എസ് ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം നെഹ്രു വിശദീകരിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് കര്‍ശനമായ നാസി സ്വഭാവമാണ് തുടരുന്നതെന്നുമായിരുന്നു നെഹ്രുവിന്റെ വിമര്‍ശനമെന്നുമാണ് പിണറായിയുടെ കണ്ടെത്തല്‍. മറ്റൊരു കത്തില്‍, ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളില്‍ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നതായും പിണറായി വെളിപ്പെടുത്തുന്നു.
നെഹ്രുവിനെ ബഡക്കാക്കി തനിക്കാക്കാനുള്ള ശ്രമം കമ്മ്യൂണി്സ്റ്റുകാര്‍ തുടങ്ങിയിട്ട് കുറെയായി. സ്വാതന്ത്ര്യദിനപരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസിനെ നെഹ്രു ക്ഷണിച്ചതുള്‍പ്പെടെയുളള ചില നിലപാടുകള്‍ കല്ലുകടിയായി നില്‍ക്കുന്നു. അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല എന്ന് വരുത്താനുള്ള ശ്രമം കല്ലൂകടി മാറ്റലാണ്. ഏറ്റവും വലിയ തമാശ, ‘ജീവനുള്ളവരാരും ബിജെപിയില്‍ പോകില്ല’ എന്ന സുധാകര വാക്യമാണ്. കോണ്‍ഗ്രസുകാരനായി മരിക്കും എന്നതും. മനസ്സുണ്ടെങ്കിലും മരിച്ചുകഴിഞ്ഞാല്‍ ബിജെപിയില്‍ പോകാനാവില്ല എന്ന യാഥാര്‍ത്ഥ്യമെങ്കിലും സുധാകരന്‍ ഓര്‍ക്കുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: