പുസ്തകപ്രകാശനത്തിന് പുതിയമാനങ്ങള്‍! പണ്ടൊക്കെ പുസ്തകം ഒന്നിച്ചാണ് പ്രകാശനം ചെയ്തിരുന്നത്. ഇപ്പോള്‍ ഘട്ടംഘട്ടമായാണ് പ്രകാശനം. ആദ്യഘട്ടമെന്നാല്‍ കവര്‍ പ്രകാശനമാണ്. പിന്നെ എത്രഘട്ടം വേണമെങ്കിലുമാകാം. മാധ്യമങ്ങളില്‍ പുസ്തക കവര്‍ പ്രകാശന വാര്‍ത്തകളും ക്ഷണപത്രങ്ങളും സാധാരണമായി.
കവര്‍ പ്രകാശനത്തിന്റെ ഉപജ്ഞാതാവ് ആരെന്നറിയില്ല. ആരായാലും ആ മാന്യദേഹം പുസ്തകമെഴുത്തുകാര്‍ക്കും ഇതര സാഹിത്യജീവികള്‍ക്കും മുന്നില്‍ അനന്തസാധ്യതകളുടെ വാതിലാണ് തുറന്നിട്ടിരിക്കുന്നത്. പ്രകാശനച്ചടങ്ങിലൂടെ പുസ്തകം പ്രചരിപ്പിക്കാനാഗ്രഹിക്കുന്നവരെല്ലാം ആ ഉപജ്ഞാതാവിനെ സ്‌നേഹാദരങ്ങളോടെ ഓര്‍ക്കുമെന്നുറപ്പ്.
സാഹിത്യച്ചടങ്ങുകള്‍ പലതരമുണ്ടെങ്കിലും പുസ്തകപ്രകാശനച്ചടങ്ങിന്റെ പകിട്ട് ഒന്നുവേറെ തന്നെ. പങ്കെടുത്തിട്ടുള്ളവര്‍ക്കേ അതിന്റെ സുഖമറിയൂ. സ്വാഗതം, അധ്യക്ഷപ്രസംഗം, ഉദ്ഘാടനം, പ്രകാശനം, ആശംസകള്‍, മറുമൊഴി, കൃതജ്ഞതാപ്രകടനം എന്നീ പതിവിനങ്ങള്‍ക്കുപുറമെ പുസ്തകം പരിചയപ്പെടുത്തല്‍, രചയിതാവിനെ പരിചയപ്പെടുത്തല്‍, പുസ്തകഭാഗപാരായണം, കവര്‍ വരച്ചയാളെയും അവതാരികയെഴുതിയയാളെയും രചയിതാവിന്റെ കുടുംബാംഗങ്ങളെയും പരിചയപ്പെടുത്തല്‍ തുടങ്ങിയ ‘സ്‌പെഷ്യലു’കളും ഇപ്പോള്‍ പ്രകാശനച്ചടങ്ങില്‍ ഉള്‍പ്പെടുത്താറുണ്ട്.
പ്രകാശനം ഇങ്ങനെ മുന്നേറിക്കൊണ്ടിരിക്കെയാണ് പുതിയവെളിച്ചവുമായി കവര്‍ പ്രകാശനം വന്നത്. പതിവിനങ്ങളും സ്‌പെഷ്യലുകളും കവര്‍ പ്രകാശനച്ചടങ്ങിലുമുണ്ട്. പുസ്തകരചയിതാവിനുപകരം, കവര്‍ചിത്രം വരച്ചയാളെയാണ് ഇതില്‍ പരിചയപ്പെടുത്തുക. പുസ്തക രചയിതാവിനു കിട്ടുന്നതിനൊപ്പമോ അതിലേറെയോ പ്രശംസ കവര്‍ച്ചിത്രം വരച്ചയാള്‍ക്കും കിട്ടും. ‘പുസ്തകമേതായാലും കവര്‍ നന്നായാല്‍ മതി’, ‘കവര്‍ നന്നായാല്‍ പാതി നന്നായി’ എന്നിങ്ങനെയുള്ള ചിന്തകള്‍ പുസ്തകരചനാമോഹികള്‍ക്കിടയില്‍ വ്യാപകമായതിന്റെ ഫലമാണ് കവര്‍പ്രകാശനമെന്നാണ് ചില പുതുനിരൂപകര്‍ വിലയിരുത്തുന്നത്.
എന്തായാലും കവര്‍പ്രകാശനം നല്ലൊരു തുടക്കം തന്നെ. മുഖവുരപ്രകാശനം, അവതാരികാപ്രകാശനം ഒന്നാം അധ്യായ പ്രകാശനം തുടങ്ങിയവയ്‌ക്കായി സഹൃദയര്‍ക്ക് സന്തോഷപൂര്‍വം കാത്തിരിക്കാം.
വാര്‍ത്തകളില്‍ നിന്ന്:
”എറണാകുളത്തുനടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ വെള്ളിയാഴ്ച നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റില്‍ മോഡലില്‍ പങ്കെടുക്കാനെത്തിയവര്‍.”
‘നടപ്പുബാധ’ അസഹ്യം. ഈ വാക്യത്തിലെ ‘നടക്കുന്ന’, ‘നടന്ന’ എന്നിവ ഒഴിവാക്കാം.
”എന്തൊക്കെകാഴ്ചകളാണ്. ഈ കുട്ടിത്തലകള്‍ക്കുള്ളില്‍ നിന്നാണോ ഇതെല്ലാം വരുന്നതെന്ന് മൂക്കത്ത് വിരല്‍വച്ചുപോകും.”
ഇങ്ങനെ ‘മൂക്കത്തുവിരല്‍വച്ച്’ കുട്ടികളെ കളിയാക്കരുത്!
”പ്ലാസ്റ്റിക് എണ്ണയായും കോഴിത്തൂവലും കപ്പയും പ്ലാസ്റ്റിക്കായും മാറുന്ന അത്ഭുതക്കാഴ്ചകള്‍. ശരിക്കുമൊരു അത്ഭുത ലോകമായിരിക്കുകയാണ് കൊച്ചിയിപ്പോള്‍.”
ആദ്യത്തെ ‘അത്ഭുതം’ ഒഴിവാക്കാം.
ഒരു ചിത്രത്തിന്റെ അടിക്കുറിപ്പ്:
”നവീകരിച്ച ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം———- ഉദ്ഘാടനം ചെയ്യുന്നു.”
‘ഉദ്ഘാടനം ഉദ്ഘാടനം ചെയ്യല്‍’ അടിക്കുറിപ്പുകളിലും വാര്‍ത്തകളിലും സാധാരണമാണ്. അശ്രദ്ധകൊണ്ടാണെങ്കിലും അരോചകം.
മറ്റൊന്ന്:
”ശിശുദിനാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടനവും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും തിങ്കളാഴ്ച വനിതാശിശുവികസനമന്ത്രി ഉദ്ഘാടനം ചെയ്യും.
‘സംസ്ഥാനതല ശിശുദിനാഘോഷവും ഉജ്ജ്വബാല്യം പുരസ്‌കാരവിതരണവും… ഉദ്ഘാടനം ചെയ്യും.’ ശരി.
”പണപ്പെരുപ്പം സെപ്റ്റംബറിലെ 7.41 ശതമാനത്തില്‍ നിന്ന് 6.77 ശതമാനമായി കുറഞ്ഞു.”
”ഒക്ടോബറില്‍ ഭക്ഷ്യവിലക്കയറ്റം സെപ്റ്റംബറിലെ 8.60 ശതമാനത്തില്‍നിന്ന് 7.01 ശതമാനമായി കുറഞ്ഞു.”
”പച്ചക്കറി വിലക്കറ്റം 18.05 ശതമാനത്തില്‍ നിന്ന് 7.77 ശതമാനമായി താഴ്ന്നു.”
”ഇന്ധനവിലക്കയറ്റം സെപ്റ്റംബറിലെ 10.39 ശതമാനത്തില്‍ നിന്ന് 9.93 ശതമാനമായി കുറഞ്ഞു.”
”മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവില വര്‍ധന സെപ്റ്റംബറിലെ 8.08 ശതമാനത്തില്‍ നിന്ന് 6.48 ശതമാനമായി താഴ്ന്നു.”
ഈ വാക്യങ്ങളിലെ ‘കുറഞ്ഞു, താഴ്ന്നു’ എന്നിവ ആവശ്യമില്ല.
പിന്‍കുറിപ്പ്:
”…രചിച്ച പേരിട്ടിട്ടില്ലാത്ത പുതിയ പുസ്തകത്തെക്കുറിച്ച് പ്രശസ്ത നിരൂപകന്‍… എഴുതിയ പഠനം പ്രകാശനം ചെയ്തു. പുസ്തകം അടുത്തകൊല്ലം പ്രകാശനം ചെയ്യുന്നതാണ്”
പ്രതികരിക്കാൻ ഇവിടെ എഴുതുക: