തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനത്തിന് കളമൊരുക്കി സര്‍ക്കാര്‍. സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സന്നിധാനത്തെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പുസ്തകത്തിലാണ് യുവതി പ്രവേശന വിധിയെ പറ്റിയുള്ള പരാമര്‍ശം.
സന്നിധാനത്തെ പോലീസ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കായി ആഭ്യന്തരവകുപ്പ് അച്ചടിച്ച് വിതരണം ചെയ്ത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകത്തിലാണ് 28/9/2018ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച യുവതി പ്രവേശന വിധി നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമലയില്‍ തീര്‍ത്ഥാടകരോട് പോലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകള്‍ എതൊക്കെയാണ് പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങള്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പുസ്തകത്തില്‍ ഒന്നാമതായാണ് യുവതി പ്രവേശന വിധി ഓര്‍മ്മപ്പെടുത്തി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ആചാരലംഘനത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്തെത്തി. ഒരിക്കല്‍ വിശ്വാസികള്‍ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കില്‍ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുന്നെന്ന് സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: