ബാലി : നയതന്ത്ര പാതയിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജി20യില്‍ പ്രഖ്യാപനം. രണ്ടാംലോക മഹായുദ്ധത്തെ പ്രതിപാദിച്ച് റഷ്യ- ഉക്രൈന് യുദ്ധം അവസാനിപ്പിക്കണമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നുമായിരുന്നു മോദി ജി20യില്‍ അറിയിച്ചത്.
ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ല. റഷ്യ – ഉക്രൈന് യുദ്ധം അവസാനിപ്പിച്ച് നയതന്ത്ര പാതയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം. കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടാം ലോകമഹായുദ്ധം ലോകത്തിന് തന്നെ നാശം വിതച്ചു. അതിനുശേഷം അന്നത്തെ നേതാക്കള്‍ സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ തീവ്രശ്രമം നടത്തി. ഇനി നമ്മുടെ ഊഴമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡാനന്തര ലോകം പടുത്തുയര്‍ത്തേണ്ട ചുമതല നമുക്കാണ്. രാജ്യത്ത് സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ജി20 സമ്മേളനം ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്കുന്നു. ബുദ്ധന്റേയും ഗാന്ധിയുടേയും മണ്ണില്‍ ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നല്‍കുന്നതാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇത് കൂടാതെ സ്ത്രീപക്ഷ വികസനത്തിന് ജി20 അജണ്ടയില്‍ പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. ഡിസംബര്‍ 1 മുതല്‍ ജി20 അധ്യക്ഷ പദവി ഇന്ത്യക്കാണ് അതിനു മുന്നോടിയായി. ബാലിയിലെ സമ്മേളനവേദിയില്‍ ജി20 ന്റെ അധ്യക്ഷ പദം ഇന്തോനേഷ്യയില്‍ നിന്ന് ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ്.
ജി20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തുടങ്ങിയവരുമായി മോദി ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യന്‍ വംശജന് ഋഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു. ആഗോള വെല്ലുവിളി നേരിടാന്‍ ഐക്യരാഷ്ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും ഉച്ചകോടിയില്‍ മോദി ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: