സോക്രട്ടീസ് വെറുമൊരു പേരല്ല, ഒരു യുഗത്തിന്റെ അടയാളപ്പെടുത്തലാണ്. ഗ്രീക്ക് തത്വചിന്തയുടെ ആഴം എത്രമേല്‍ അഗാധമാണെന്ന് വിജ്ഞാനലോകത്തെ വിളിച്ചറിയിച്ചതാണ് ആ യുഗം. പിന്നെയാ പേര് ലോകം കേട്ടത് സാംബതാളങ്ങളുടെ അകമ്പടിയോടെയാണ്. പന്തുമായി ആസ്വാദകഹൃത്തടങ്ങളില്‍ നര്‍ത്തനമാടിയ ബ്രസീലിയന്‍ പ്ലേ മേക്കര്‍… ഗോളടിച്ചും അടിപ്പിച്ചും കളിയെ കലയാക്കിയ സോക്രട്ടീസ് കളത്തിനു പുറത്ത് ഒരു കലാപകാരിയായിരുന്നു. ഫുട്‌ബോളാണ് ജീവിതമെന്ന് പ്രഖ്യാപിച്ച ഒരു ജനതയ്‌ക്ക് വേണ്ടി പോരാടാനിറങ്ങിയവന്‍.. അടിച്ചമര്‍ത്തല്‍ നയം അലങ്കാരവും അഹങ്കാരവുമാക്കിയ സൈനിക ഭരണകൂടത്തിനെതിരെ ജനാധിപത്യത്തിന്റെ പടയൊരുക്കം നടത്തിയവന്‍. കൊറിന്ത്യന്‍സ് ഡെമോക്രസിയുടെ പിറവിക്ക് കാരണമായവന്‍…. കാലമിത്ര കഴിയുമ്പോള്‍ ഫിഫ ആ കലാപകാരിയോട് നീതി പുലര്‍ത്തി. സോക്രട്ടീസിന്റെ പേരില്‍ കളത്തിനുപുറത്തും നായകരാവുന്നവര്‍ക്കുവേണ്ടി പുരസ്‌കാരം ഏര്‍പ്പെടുത്തി. ഇതാദ്യമായി ഇക്കൊല്ലം അത് പിറന്നു. ബാലന്‍ ഡിഓര്‍ പുരസ്‌കാര സമര്‍പ്പണ വേദിയില്‍ ആ പേര് മുഴങ്ങി… ബാംബലിയുടെ സുല്‍ത്താന്‍… സാദിയോ മാനെ….
സെനഗലെന്ന കൊച്ചുരാജ്യത്തിന് അഭിമാനമായവന്‍… നേടുന്നതെന്തും സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ജീവിതം കൊണ്ട് പ്രഖ്യാപിച്ചവന്‍… ‘മാനേ… എന്റെ മകനേ…’ എന്ന് ഹൃദയം പൊട്ടി മരിച്ചുപോയ അച്ഛന് വേണ്ടി ബാംബലിയുടെ മണ്ണില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പടുത്തുയര്‍ത്തിയവന്‍… ആ സ്വപ്നം സാക്ഷാത്കരിക്കും വരെ ഒരു ചില്ലിക്കാശ് സ്വന്തം കാര്യത്തിന് ഉപയോഗിക്കില്ലെന്ന് ശപഥമെടുത്തവന്‍… സെനഗല്‍ തലസ്ഥാനമായ ഥാക്കറില്‍ കീറിപ്പറിഞ്ഞ ബൂട്ടുമണിഞ്ഞ് ജനറേഷന്‍ എഫ്‌സിയുടെ സെലക്ഷന്‍ ക്യൂവില്‍ വിയര്‍ത്തുകുളിച്ച് ഒട്ടിയ വയറുമായി നിന്ന ആറ് വയസ്സുകാരനില്‍ നിന്നാണ് മാനെ എന്ന ഇതിഹാസത്തിന്റെ തുടക്കം. ചുറ്റും നിറഞ്ഞുകേട്ട പരിഹാസച്ചിരികളായിരുന്നില്ല അന്ന് അവന്റെ കാതില്‍ നിറഞ്ഞത്, കടലിരമ്പം പോലെ കാലങ്ങള്‍ക്കപ്പുറം അനേകമനേകം ഗാലറികളില്‍ നിന്ന് ഉയരുന്ന മാനെ… മാനെ എന്ന ആരവങ്ങളായിരുന്നു. കാലില്‍ പന്തും കൊരുത്ത് മാനെ ഓടിക്കയറിയത് ലക്ഷങ്ങളുടെ ഹൃദയത്തിലേക്കായിരുന്നു…
മാനെ ലോകത്തോളം ഉയരുന്നതിനൊപ്പം ബാംബലിയും വളര്‍ന്നു. പള്ളിക്കൂടമില്ലാതിരുന്നതിനാല്‍ പഠിക്കാനാവാതെ പോയതിന്റെ വ്യഥ ബാംബലിയില്‍ അത്യന്താധുനിക വിദ്യാഭ്യാകേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ടാണ് അവന്‍ ഇല്ലാതാക്കിയത്. ഇല്ലായ്മയല്ലാതെ മറ്റൊന്നും ഇല്ലാതിരുന്ന ബാംബലിയല്ല മാനെയുടെ ഇന്നത്തെ ബാംബലി. മാനെയുടെ വിയര്‍പ്പ് നാടിനെ ഉയര്‍ത്തി. പത്തൊമ്പതാം വയസ്സില്‍ ഫ്രഞ്ച് ക്ലബ്ബായ മെറ്റ്‌സില്‍ തുടങ്ങിയതാണ് മാനെ. ലിവര്‍പൂളിലെത്തിയപ്പോള്‍ ‘സ്ലേവ് മാനെ’ എന്ന പ്ലക്കാര്‍ഡുകളുമായാണ് ഗാലറിയിലെ സായിപ്പന്മാര്‍ അവനെ വരവേറ്റത്. എന്നിട്ടും അവന്‍ കൂസിയില്ല. ലിവര്‍പൂളിന്റെ നഷ്ടപ്രതാപങ്ങള്‍ അവര്‍ മാനെയിലൂടെ തിരികെപ്പിടിച്ചു. കളത്തില്‍ മാനെയ്‌ക്ക് മാനിന്റെ വേഗമായിരുന്നു. സതാംപ്ടനില്‍ കളിക്കുമ്പോള്‍ ആസ്റ്റണ്‍വില്ലയ്‌ക്കെതിരെ വെറും രണ്ട് മിനിട്ട് 56 സെക്കന്‍ഡ് കൊണ്ട് അവന്‍ അടിച്ചുകൂട്ടിയത് മൂന്ന് ഗോളാണ്. പ്രിമിയര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഹാട്രിക്. ലോകചരിത്രത്തിലെയും.
സെനഗല്‍ കുതിക്കുകയായിരുന്നു. 2017ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കാമറൂണിനെതിരെ മാനെ നഷ്ടപ്പെടുത്തിയ പെനാല്‍ട്ടി സെനഗലിന്റെ കണ്ണുനീരായി. ആ ഭാരം മാനെ ഇല്ലാതാക്കിയത് 2022ല്‍ മുഹമ്മദ് സലയുടെ ഈജിപ്തിനെ തകര്‍ത്ത് നാടിനെ ആഫ്രിക്കന്‍ ഫുട്ബാള്‍ സിംഹാസനത്തില്‍ അവരോധിച്ചുകൊണ്ടായിരുന്നു.
നിലപാടാണ് മാനെ. മുന്തിയ മദ്യകമ്പനിയുടെ പരസ്യകരാര്‍ ബയേണ്‍ മ്യൂണിക് എടുക്കുമ്പോള്‍ മാനെ ആ ടീമിന്റെ ഭാഗമായിരുന്നു. താരങ്ങള്‍ പതിനൊന്നുപേരും പരസ്യത്തിനായി മദ്യക്കുപ്പിയുമായി പോസ് ചെയ്യണമായിരുന്നു. മാനെ വഴങ്ങിയില്ല. മാനെയെ ഒഴിവാക്കി ഒരു പരസ്യം കമ്പനിക്ക് ഗുണകരവുമായിരുന്നില്ല. പതിനൊന്നുപേരില്‍ മാനെ മാത്രം ഒഴിഞ്ഞ കൈയുമായി പോസ് ചെയ്തു. എല്ലാ ആഗ്രഹങ്ങള്‍ക്കും മീതെയാണ് അതിജീവനത്തിന്റെ പോരാട്ടമെന്ന് അവന്‍ വിളിച്ചുപറഞ്ഞു. ‘ബാംബലിയുടെ പാടങ്ങളില്‍ ഞാന്‍ കൊയ്‌ത്തിനിറങ്ങിയിട്ടുണ്ട്. എന്റെ വിയര്‍പ്പ് ആദ്യം വീണത് അവിടെയാണ്. ഞാന്‍ വിയര്‍ത്തുകൊയ്യുന്ന എല്ലാ നേട്ടങ്ങളും എന്റെ നാടിനായെന്ന് അന്നുറപ്പിച്ചതാണ്…’ മാനെ നിലപാട് പറയുകയായിരുന്നില്ല, പ്രവര്‍ത്തിച്ചുകാട്ടുകയായിരുന്നു… ഖത്തറിലും മാനെ സുല്‍ത്താനാകുമെന്നത് ബാംബലിയുടെ സ്വപ്നം മാത്രമല്ലാതാവുന്നത് അങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക