തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റേയും കൗണ്‍സിലര്‍ ഡി.ആര്‍.അനിലിന്റേയും പേരില്‍ പുറത്തുവന്ന കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നീളും. കത്ത് സംബന്ധിച്ച് അന്വേഷണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അതിനാല്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസമെടുക്കുമെന്നാണ് വിജിലന്‍സ് നിലപാട്.
കത്ത് മേയറും അനില്‍ കുമാറും അയച്ചിട്ടില്ല എന്ന് പറയുമ്പോള്‍ ഇതിന്റെ ആധികാരികതയും കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനങ്ങള്‍ എന്നിവയിലും അന്വേഷണം വേണ്ടതുണ്ട്. അതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് വിജിലന്‍സ് അറിയിച്ചത്.
അതേസമയം ശുപാര്‍ശ കത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. സംഭവത്തില്‍ ഓംബുഡ്‌സ്മാന്റേയും ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മേയര്‍ സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദ്ദേശിക്കാന്‍ ഓംബുഡ്‌സ്മാന് സാധിക്കും. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലും അന്തിമ തീരുമാനം ഓംബുഡ്‌സ്മാന്റേത് ആകും.
മേയറുടേതെന്ന പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ നിഗമനം. എന്നാല്‍ കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇത് കണ്ടെത്തി വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കില്‍ മാത്രമേ അതിന്റെ ആധികാരികത തെളിയിക്കാന്‍ സാധിക്കുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: