മുംബൈ: സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്ക്ക് ആശ്വാസ്യകരമായ വാര്‍ത്തകള്‍ പുറത്തുവരികയാണ്. രാജ്യത്ത് ഒക്ടോബര്‍ മാസത്തെ ഉപഭോക്തൃ പണപ്പെരുപ്പം (Retail Inflation) കുറഞ്ഞു. 7.41 ശതമാനമുണ്ടായിരുന്ന ഉപഭോക്തൃ പണപ്പെരുപ്പമാണ് 6.77 ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുന്നത്. ഉപഭോക്തൃപണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് അടിക്കടി കൂട്ടിയ റിസര്‍വ്വ് ബാങ്കിന്റെ നടപടിയ്ക്ക് ഉചിതമായ ഫലം ലഭിച്ചിരിക്കുകയാണ്. ഉപഭോക്തൃവില സൂചികയെ (Consumer Price Index) അടിസ്ഥാനമാക്കിയാണ് ഉപഭോക്തൃ പണപ്പെരുപ്പം കണക്കാക്കുക.
പണപ്പെരുപ്പം കുറഞ്ഞത് ഇന്ധന, ഭക്ഷ്യോല്പന്ന വിലയിലെ കുറവ്
പലിശനിരക്ക് നിര്‍ണ്ണയിക്കുമ്പോള്‍ റിസര്‍വ്വ് ബാങ്ക് മുഖ്യമായും കണക്കിലെടുക്കുന്നത് ഉപഭോക്തൃ പണപ്പെരുപ്പത്തെയാണ്. അതേ സമയം ഉപഭോക്തൃ പണപ്പെരുപ്പ് ആറ് ശതമാനത്തിന് മുകളില്‍ തുടരുന്നു എന്ന ആശങ്ക നിലനില്ക്കുന്നു. ഇത് ആറ് ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് റിസര്‍വ്വ് ബാങ്കും സര്‍ക്കാരും പരിശ്രമിക്കുന്നത്. ജനവരി-മാര്‍ച്ച് എന്ന നാലാം സാമ്പത്തിക പാദത്തില്‍ പണപ്പെരുപ്പം 5.8 ശതമാനത്തിലേക്ക് എത്തിക്കാനാണ് റിസര്‍വ്വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇന്ധനത്തിന്റെയും ഭക്ഷ്യോല്‍പന്നത്തിന്റെയും വിലയിലുണ്ടായ കുറവാണ് ഉപഭോക്തൃ പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായകരമായത്. റഷ്യയില്‍ നിന്നുള്ള ഇന്ധനമാണ് ഇന്ത്യയ്ക്ക് വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്. ഇപ്പോള്‍ ഇറാഖിനേക്കാളും സൗദിയേക്കാളും കൂടുതല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. പക്ഷെ യുദ്ധം ഇനിയും നീണ്ടുപോയാല്‍ അത് ഇന്ത്യയ്ക്കും വൈകാതെ വലിയ ആഘാതമായി മാറും.
ഒക്ടോബര്‍ മാസത്തിലെ ഭക്ഷ്യ വിലക്കയറ്റവും കുറഞ്ഞു. സെപ്തംബറില്‍ 8.60 ശതമാനമുണ്ടായിരുന്ന ഭക്ഷ്യ വിലക്കയറ്റമാണ് 7.01 ശതമാനത്തിലേക്ക് താഴ്ന്നത്. പച്ചക്കറി വിലക്കയറ്റം 18.05 ശതമാനത്തില്‍ നിന്നും 7.77 ശതമാനമായി കുറഞ്ഞു. ഇന്ധനവിലക്കയറ്റം 10.39 ശമതാനത്തില്‍ നിന്നും 9.30 ശതമാനമായി താഴ്ന്നു.
റഷ്യ-ഉക്രൈന് യുദ്ധം തലവേദന
റഷ്യ-ഉക്രൈന് യുദ്ധം മൂലം പണപ്പെരുപ്പം ഇപ്പോഴും ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഗോതമ്പ്, എണ്ണ, ഭക്ഷ്യയെണ്ണ, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വിതരണം യുദ്ധം മൂലം താളം തെറ്റിയ നിലയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നാല് തവണയാണ് തുടര്‍ച്ചയായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഏകദേശം 1.9 ശമതാനത്തോളം വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. പലിശ നിരക്ക് ഉയരുന്നതോടെ ഉപഭോഗം കുറയുന്നതോടെ ഉപഭോക്തൃ പണപ്പെരുപ്പം കുറയുമെന്നതാണ് കണക്കുകൂട്ടല്‍. അതുവഴി പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വില കുറയും.
അതേ സമയം പലിശ നിരക്ക് കൂട്ടുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമാവില്ല. അതുകൊണ്ട് റിസര്‍വ്വ് ബാങ്ക് ഡിസംബര്‍ ആദ്യം ചേരാനിരിക്കുന്ന പണനയ സമിതിയോഗത്തില്‍ ഇനിയും റിപ്പോ നിരക്ക് വര്‍ധിപ്പിക്കാനിടയില്ല.
രാജ്യത്തെ 1114 നഗരങ്ങളിലെയും 1181 ഗ്രാമങ്ങളിലെയും വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഉപഭോക്തൃ പണപ്പെരുപ്പം കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: