കൊല്ലം: തുച്ഛമായ ഫീസില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, കലാപരമായ പരിപോഷണത്തിന് പ്രത്യേക ക്ലാസുകള്‍ നല്കുന്ന ജവഹര്‍ ബാലഭവനില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ആറുമാസമായി ശമ്പളമില്ല.സാംസ്‌കാരിക വകുപ്പിന് കീഴിലാണ് ബാലഭവനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണമായി വകുപ്പ് പറയുന്നത്.
ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, വീണ, വയലിന്‍, മൃദംഗം, തബല, നൃത്തം, ഗിത്താര്‍, ക്രാഫ്റ്റ്, യോഗ, തയ്യല്‍ എംബ്രോയിഡറി, കീബോര്‍ഡ് തുടങ്ങിയ കലാവിഷയങ്ങളും, നഴ്‌സറി സ്‌കൂള്‍, ലൈബ്രറി എന്നിവയും പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനമാണിത്.
ശമ്പളത്തിനും ഡിഎയ്ക്കും മറ്റുമായി കൊല്ലം ബാലഭവന് വേണ്ടത് ഏകദേശം 88 ലക്ഷം രൂപയാണ്. എന്നാന്‍ ഇപ്പോള്‍ ലഭിക്കുന്ന ഗ്രാന്റ് 35.26 ലക്ഷം മാത്രമാണ്. കൊല്ലം ബാലഭവന് സ്വന്തമായി ഒരു ഹെഡ് ഓഫ് അക്കൗണ്ട് സ്ഥാപിച്ച് ബജറ്റില്‍ തുക വകയിരുത്തിയാല്‍ മാത്രമേ ശമ്പളം കൃത്യമായി ലഭിക്കൂവെന്ന് ജീവനക്കാര്‍ പറയുന്നു. ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് സര്‍ക്കാര്‍ നോമിനികള്‍ ഉള്‍പ്പെടുന്ന ബാലഭവനിലെ മാനേജിംഗ് കമ്മറ്റി കാലാവധി കഴിഞ്ഞതിനാല്‍ അവരും വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് അഞ്ച് ജില്ലകളിലാണ് കുറഞ്ഞ ചെലവില്‍ സംഗീതവും നൃത്തവും ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളായ ജവഹര്‍ ബാലഭവനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കൊല്ലത്തും തൃശൂരുമാണ് ഏറ്റവും പ്രതിസന്ധി. സംസ്ഥാനത്ത് എഴുപതോളം സ്ഥിരം ജീവനക്കാരാണ് ആകെ ജോലി ചെയ്യുന്നത്. 2017ല്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ശമ്പളം കൂടിയെങ്കിലും വര്‍ധിപ്പിച്ച തുക ബജറ്റില്‍ വകയിരുത്താത്തതാണ് കാരണം. അതിനാല്‍ ഗഡുക്കളായി അനുവദിക്കുന്ന തുക കൂടിയില്ല. ഈ അവസ്ഥയുടെ ആശങ്ക തുടരുകയാണ്.
ഓരോ വര്‍ഷവും അധിക തുകയ്‌ക്ക് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ട ഗതികേടിലാണ് ജീവനക്കാര്‍. കഴിഞ്ഞ ഓണക്കാലത്ത് ശമ്പളം മുടങ്ങിയതിനാല്‍ തൃശൂരിലെ ബാലഭവനിലെ ജീവനക്കാര്‍ സമരത്തിലായിരുന്നു. തുടര്‍ന്ന് മുടങ്ങിയ നാലുമാസത്തെ ശമ്പളത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചു. ഇനി 2023 മാര്‍ച്ചില്‍മാത്രമെ ആദ്യ ഗഡു ലഭിക്കൂവെന്നതാണ് സ്ഥിതി. ധനപരമായ അനിശ്ചിതാവസ്ഥ മറികടക്കാന്‍ ജീവനക്കാരുടെ സംഘടന ജനപ്രതിനിധികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായ തുക വകയിരുത്തണമെന്നാണ് ഇവരുടെ ആവശ്യം.
ജീവനക്കാരുടെ ശമ്പള വിതരണത്തിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം നല്കിയിട്ടും ഫലമുണ്ടാകാത്തതില്‍ കടുത്ത മാനോവിഷമത്തിലാണ് ജീവനക്കാര്‍. പ്രതിവര്‍ഷം ഒന്നരകോടി രൂപ വകയിരുത്തിയാല്‍ ശമ്പളപരിഷ്‌കരണം കാരണമുള്ള എല്ലാ പ്രതിസന്ധികളും അവസാനിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: