അഡ്ലെയ്ഡ്: ട്വന്റി20 ലോക കിരീടവും ഇംഗ്ലണ്ടിലേക്ക് പോയത് ക്രിക്കറ്റ് ലോകത്ത് പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. റെഡ്, വൈറ്റ് ബോള്‍ ക്രിക്കറ്റിന് (ടെസ്റ്റിനും ഏകദിന, ട്വന്റിക്കും) തീര്‍ത്തും വ്യത്യസ്തമായ രണ്ട് ടീമെന്ന ആവശ്യത്തിന്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ പ്രകടനം പരിമിത ഓവര്‍ ക്രിക്കറ്റിലെ പൊളിച്ചെഴുത്തിന് തുടക്കമാകുമെന്നാണ് മുന്താരങ്ങളടക്കമുള്ളവരുടെ വിലയിരുത്തല്‍.
ടീം മാത്രമല്ല, പരിശീലകസംഘവും രണ്ടായിരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന് അനില്‍ കുംബ്ലെയടക്കം ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ബെന്‍ സ്റ്റോക്സാണ്. പരിശീലകന് ബ്രെണ്ടന്‍ മക്കലവും. ഏകദിന, ട്വന്റി20 ടീമിനെ ജോസ് ബട്ലര് നയിക്കുന്നു. പരിശീലകന് മാത്യു മോട്ട്. 2015 ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായ ശേഷമാണ് ഇംഗ്ലണ്ട് അടിമുടി മാറ്റത്തിന് തുടക്കമിട്ടത്. അന്ന് പരിമിത ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ഇയാന്‍ മോര്‍ഗനാണ് ടീമിനെ പരുവപ്പെടുത്തിയത്. 2019 ഏകദിന കിരീടം മോര്‍ഗന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് നേടിയത്. മോര്‍ഗനു ശേഷം ജോസ് ബട്ലര് സ്ഥാനമേറ്റു. പരിമിത ഓവര്‍ മത്സരങ്ങള്‍ക്ക് പരിഗണിക്കാവുന്ന നിരവധി താരങ്ങള്‍ ഇംഗ്ലണ്ടിനുണ്ട്.
സമീപകാലത്ത് ഇന്ത്യയാണ് ഈ രീതിയിലേക്ക് കൂടുതല്‍ അടുക്കുന്നത്. ലോകകപ്പിനു പിന്നാലെയെത്തുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ട്വന്റി20, ഏകദിനങ്ങളില്‍ രണ്ട് നായകരുടെ നേതൃത്വത്തിലാണ് കളിക്കുന്നത്. ട്വന്റി20യില്‍ ഹാര്‍ദിക് പാണ്ഡ്യയും ഏകദിനത്തില്‍ ശിഖര്‍ ധവാനും. പരിശീലക സംഘവും വ്യത്യസ്തം. രാഹുല്‍ ദ്രാവിഡിനും സംഘത്തിനും വിശ്രമം അനുവദിച്ചപ്പോള്‍, വിവിഎസ് ലക്ഷ്മണിനാണ് നേതൃത്വം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സഹപ്രവര്‍ത്തകരാണ് ലക്ഷ്മണിന്റെ ടീമില്‍.
അതേസമയം, ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: