കാസര്‍കോഡ് : പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സികെ ശ്രീധരന് പാര്‍ട്ടി വിടുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ശ്രീധരന് ഇനി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇക്കാര്യം 17ന് വാര്‍ത്താ സമ്മേളനം നടത്തി വ്യക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചുവെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിലെ നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണം. രാജ്യത്ത് ഫാസിസത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. തന്നോടൊപ്പം പ്രവര്‍ത്തകരും ഉണ്ടാകും. ഉപാധികളൊന്നുമില്ലാതെയാണ് താന്‍ സിപിഎമ്മില്‍ ചേരുന്നതെന്നും ശ്രീധരന് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച കാഞ്ഞങ്ങാട് നടക്കുന്ന പൊതുപരിപാടിയില്‍ വെച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സി.കെ. ശ്രീധരനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്.
അടുത്തിടെ സി.കെ. ശ്രീധരന്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും അദ്ദേഹം ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
മുന്‍പ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു സികെ ശ്രീധരന്. 1977 ന് ശേഷമാണ് ഇദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. 1991 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇകെ നായനാര്‍ക്കെതിരെ ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. അന്ന് വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുകയും ചെയ്തു. പ്രമുഖ അഭിഭാഷകരിലൊരാളായ അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി പല കേസുകളിലും വാദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: