പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ ഭാര്യക്ക് മുന്നിലിട്ട് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് നാളേക്ക് ഒരുവര്‍ഷം. മുഖ്യ സൂത്രധാരന്മാരെയും ഗൂഢാലോചന നടത്തിയവരെയും പിടികൂടാനാവാതെ പോലീസ്. പ്രതികളില്‍ ഗവ.സ്‌കൂള്‍ അധ്യാപകന്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍, പിഎഫ്ഐ ഭീകരർ എന്നിവരും.
2021 നവംബര്‍ 15ന് രാവിലെ ഒമ്പതോടെയാണ് പാലക്കാട് കിണാശ്ശേരി-മമ്പറം റോഡില്‍ ഭാര്യക്കൊപ്പം ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ വെള്ള മാരുതി കാറിലെത്തിയ അഞ്ചംഗ പിഎഫ്ഐ ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൈയില്‍ വെട്ടേറ്റ് ബൈക്കില്‍ നിന്നും നിയന്ത്രണം വിട്ട് വീണ സഞ്ജിത്തിനെ ഭാര്യക്ക് മുന്നിലിട്ട് അതിദാരുണമായി വെട്ടിക്കൊല്ലുകയായിരുന്നു. ദേശീയപാത വഴി രക്ഷപ്പെട്ട പ്രതികള്‍ വെട്ടാനുപയോഗിച്ച വാളുകള്‍ കണ്ണനൂരിന് സമീപത്ത് പാടത്ത് ഉപേക്ഷിച്ചു. കുഴല്‍മന്ദത്ത് മാരുതി 800 കാര്‍ കേടാവുകയും നന്നാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇവിടെനിന്നാണ് പ്രതികള്‍ വിവിധ സ്ഥലങ്ങളിലേക്ക് രക്ഷപ്പെട്ടത്. കാര്‍ പിന്നീട് പൊള്ളാച്ചിയില്‍ പൊളിച്ചുവിറ്റു. മാത്രമല്ല, പ്രതികള്‍ കൃത്യത്തിനെത്തിയ കാര്‍ പോലീസിന്റെ മൂക്കിന്‍തുമ്പില്‍ ഉണ്ടായിട്ടും പിടികൂടാന്‍ കഴിഞ്ഞില്ല. പോലീസിന്റെ ഗുരുതരവീഴ്ച ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, കൊല്ലപ്പെടേണ്ട ആളെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പോലീസിന്റെ ശ്രമം. വെള്ള മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യമായിരുന്നു ആദ്യം ലഭിച്ചത്. ഇതുവെച്ചായിരുന്നു അന്വേഷണം. സഞ്ജിത്തിന്റെ കൊലപാതകം ദേശീയതലത്തില്‍ വരെ വാര്‍ത്തയായി. ആര്‍എസ്എസ്-ബിജെപി ദേശീയ-സംസ്ഥാന നേതാക്കള്‍ സഞ്ജിത്തിന്റെ വീട് സന്ദര്‍ശിക്കുകയും കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും, പിഎഫ്ഐയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ നാല് പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കി. ഇതില്‍ മുഖ്യസൂത്രധാരന്‍ നൗഫല്‍, ശംഖുവാരത്തോട് പള്ളി ഇമാം മലപ്പുറം സ്വദേശി ഇബ്രാഹിം മൗലവി എന്നിവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ 14 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആകെ 25ഓളം പേരാണ് പ്രതിപട്ടികയിലുള്ളതെങ്കിലും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മാത്രമല്ല കഴിഞ്ഞ ഏപ്രില്‍ 16ന് കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.ശ്രീനിവാസന്റെ കേസില്‍ അറസ്റ്റിലായ ചിലരും സഞ്ജിത്തിന്റെ കേസിലും പങ്കുള്ളവരാണ്.
എന്‍ഐഎ അറസ്റ്റുചെയ്ത പിഎഫ്ഐ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് ഉള്‍പ്പെടെയുള്ള സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കും കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നെന്മാറ അടിപ്പെരണ്ട മണ്ണാംകുളമ്പ് അബ്ദുള്‍സലാം(30), കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് സ്വദേശികളായ ഇന്‍ഷ് മുഹമ്മദ് ഹഖ് (25), ഇംത്യാസ് അഹമ്മദ് (32), മുഹമ്മദ് യാസിന്‍(30), ജാഫര്‍ സാദിക് (31), മുഖ്യസൂത്രധാരന്‍ കൊഴിഞ്ഞാമ്പാറ അത്തിക്കോട് മുഹമ്മദ് ഹാറൂണ്‍(32), ഗൂഢാലോചനയും സഹായങ്ങളും നല്‍കിയ കാമ്പ്രത്ത് ചള്ള പുളിയന്തോണി നസീര്‍ (37), ഒറ്റപ്പാലം ചുനങ്ങാട് മനക്കല്‍ ബി. നിഷാദ്(37), അമ്പലപ്പാറ കാഞ്ഞിരംചോല ഷംസീര്‍(26), കാമ്പ്രത്ത്ചള്ള ഷാജഹാന്‍(37), മുഖ്യസൂത്രധാരനും അധ്യാപകനുമായ ആലത്തൂര്‍ പള്ളിപ്പറമ്പ് റോഡ് യു. ബാവ(57), കോങ്ങാട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും പിഎഫ്ഐ മീഡിയ റിപ്പോര്‍ട്ടറുമായ കൊടുവായൂര്‍ നവക്കോട് എംഇബി മന്‍സിലില്‍ ജിഷാദ് (31), തിരൂര്‍ കരിങ്കപ്പാറ ഓമച്ചപ്പുഴ ഞാറക്കാട്ടില്‍ സിറാജുദ്ദീന്‍ (38) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
കൃത്യം നടന്നതിന്റെ 88-ാം ദിവസം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ബന്ധം കൃത്യമായി രേഖപ്പെടുത്തിയ 2186 പേജുള്ള കുറ്റപത്രമാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചത്. 10 പ്രതികളുടെ കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. 350 സാക്ഷിമൊഴികള്‍, 379 ഡോക്യുമെന്റുകള്‍, 10 ജിബിയുള്ള 24 സിസിടിവി ദൃശ്യങ്ങള്‍, ആയിരത്തിലധികം ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍, അവയുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍, രഹസ്യമൊഴികള്‍, റൂട്ട് മാപ്പ് എന്നിവയുള്‍പ്പെടെയുള്ള കുറ്റപത്രമാണ് നല്‍കിയത്. ഇബ്രാഹിം മൗലവി, നൂര്‍മുഹമ്മദ്, അബുതാഹിര്‍, സവാദ്, ഈസ, ഷിഹാബ് റഹ്മാന്‍, മുഹമ്മദ് ഫൈസല്‍, ഹക്കീം എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. മാത്രമല്ല പ്രതികളുടെ എണ്ണം കൂടാനാണ് സാധ്യത.
അന്വേഷണത്തില്‍ തൃപ്തയല്ലെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ സപ്തംബര്‍ 28ന് പോപ്പുലര്‍ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. സഞ്ജിത്തിന്റേത് ഉള്‍പ്പെടെ പിഎഫ്ഐ ഭീകരര്‍ നടത്തിയ കൊലപാതകങ്ങളും നിരോധനത്തിന്റെ കാരണങ്ങളിലൊന്നായി.
നിലവില്‍ രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചു. ശ്രീനിവാസന്‍ കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍ക്ക് സഞ്ജിത്തിന്റെ കൊലയിലും പങ്കുള്ളതായി തെളിഞ്ഞു. പിഎഫ്ഐ മീഡിയ റിപ്പോര്‍ട്ടറും കൊടുവായൂര്‍ സ്വദേശിയുമായ ജിഷാദ് കോങ്ങാട് ഫയര്‍സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. സഞ്ജിത്തിന്റെ യാത്രയും മറ്റും കൊലയാളി സംഘത്തിന് കൈമാറിയത് ജിഷാദാണ്. സഞ്ജിത്ത് മമ്പറത്തെ ഭാര്യവീട്ടില്‍ നിന്നും ജോലിക്കായി ഇറങ്ങുന്ന സമയവും മറ്റും നിരീക്ഷിച്ച് വിവരം കൈമാറിയത് ജിഷാദാണ്. മറ്റൊരാള്‍ പോപ്പുലര്‍ ഫ്രണ്ട് തിരൂര്‍ ഏരിയ റിപ്പോട്ടറായ തിരൂര്‍ കരിങ്കപ്പാറ ഓമച്ചപ്പുഴ ഞാറക്കാട്ടില്‍ സിറാജുദ്ദീന്‍(38)ആണ്.
ഒളിവില്‍ കഴിയുന്ന എട്ടാംപ്രതി നൗഫലിന്റെ പെന്‍ഡ്രൈവ്് സിറാജുദീനില്‍ നിന്നും ലഭിച്ചിരുന്നു. ഇതില്‍ സഞ്ജിത്ത് വെട്ടേറ്റ് വീണത് മുതല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള വീഡിയോ ഉണ്ടായിരുന്നു. നൗഫലാണ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചത്. നൗഫലിന്റെ മൊബൈലിലുള്ള ഡാറ്റകള്‍ രണ്ടുപെന്‍ഡ്രൈവുകളിലാക്കി ഏല്‍പ്പിച്ചെന്നും, സഞ്ജിത്തിന്റെ കൊലക്ക് ശേഷം പിഎഫ്‌ഐയുടെ നിര്‍ദ്ദേശപ്രകാരം തന്റെ സ്വിഫ്റ്റ് കാറില്‍ പട്ടാമ്പിയില്‍ നിന്ന് തന്റെ തിരൂരിലെ വീട്ടിലേക്ക് നൗഫലിനെ കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചതായും പ്രതി പോലീസിനു മൊഴി നല്‍കിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം സംഘടനയുടെ നിര്‍ദ്ദേശപ്രകാരം നൗഫലിനെ കുന്നംകുളത്തെ കക്കാട് എന്ന സ്ഥലത്ത് എത്തിച്ചതായും സിറാജുദ്ദീന്‍ മൊഴിനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: