തിരുവല്ല: മണ്ഡല പൂജയ്ക്ക് നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും ശബരിമലയില്‍ ഒരുക്കങ്ങള്‍ എങ്ങുമെത്തിയില്ല. രണ്ട് വര്‍ഷത്തിന് ശേഷമുള്ള പൂര്‍ണ്ണ തീര്‍ത്ഥാടനമായതിനാല്‍ ദിവസവും ലക്ഷക്കണക്കിന് ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് മുന്‍കൂട്ടിക്കണ്ട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല.
ദേവസ്വംമന്ത്രി അടക്കം നാല് മന്ത്രിമാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പ്രഹസനമായി. 10ന് മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ പോലും കുടിവെള്ളവും പ്രാഥമികകൃത്യത്തിനുള്ള സൗകര്യങ്ങളും ആയിട്ടില്ല. മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിശോധനയുടെ പേരില്‍ ‘റോഡ് ഷോ’ നടത്തിയെങ്കിലും ഒറ്റമഴയില്‍ത്തന്നെ റോഡില്‍ വീണ്ടും കുഴികളായി. പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡിലാണ് കുഴികളും വെള്ളക്കെട്ടുമായത്.
ദിവസം ഒരുലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ട് പോലും സജ്ജമായിട്ടില്ല. അവസാന മണിക്കൂറില്‍ ടാറിങ് ജോലികള്‍ നടക്കുകയാണ്. മഴ പെയ്തതിനാല്‍ ഗ്രൗണ്ട് ചെളിക്കുളമാണ്. പമ്പാ മണല്‍പ്പുറത്തും സ്ഥിതി വ്യത്യസ്തമല്ല. മഹാപ്രളയത്തിന് ശേഷമുള്ള അവസ്ഥയില്‍ നിന്ന് പമ്പാമണല്പ്പുറത്തിന് കാര്യമായ മാറ്റം വന്നിട്ടില്ല. വൃത്തിഹീനമായ അവസ്ഥ തുടരുകയാണ്. ഞുണങ്ങാറിന് കുറുകെയുള്ള പാലത്തിന്റെ പണിയും പൂര്‍ത്തിയായിട്ടില്ല. ഇത് പൂര്‍ത്തിയായെങ്കില്‍ മാത്രമെ ചെറിയാനവട്ടത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാലിന്യങ്ങളുടെ നീക്കം സുഗമമാകൂ.
പാലം പൂര്‍ത്തിയായില്ലെങ്കില്‍ പരമ്പരാഗത പാതയിലൂടെ പമ്പയിലേക്ക് എത്തുന്ന തീര്‍ത്ഥാടകരും പ്രയാസപ്പെടും. നീലിമല പാതയില്‍ കരിങ്കല്‍ വിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് ദേവസ്വം ബോര്‍ഡ്. കരിങ്കല്‍ വിരിക്കുന്നത് അശാസ്ത്രീയമായിട്ടാണെന്ന പരാതി വ്യാപകമാണ്. പാകിയ കരിങ്കല്‍ പാളികള്‍ പലതും കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഇളകിപ്പോന്നു. സന്നിധാനത്ത് മാലിന്യങ്ങളും മറ്റും കുന്നുകൂടി കിടക്കുകയാണ്. തീര്‍ത്ഥാടനം തുടങ്ങാറായിട്ടും ടോയ്ലറ്റുകളുടെ നടത്തിപ്പ് ടെന്‍ഡര്‍ അടക്കം ആയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: