തിരുവനന്തപുരം നഗരസഭയില്‍ ദിവസവേതനത്തില്‍ 295 ജീവനക്കാരെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് മേയര്‍ ആര്യാ രാജേന്ദ്രന്‍ മുന്‍ഗണനാപ്പട്ടിക ആവശ്യപ്പെട്ട് കത്തയച്ചത് തികച്ചും ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ്. താനല്ല കത്തയച്ചതെന്നും കത്തില്‍ ഒപ്പിട്ടിട്ടില്ലെന്നും മേയറും, തനിക്ക് കത്ത് കിട്ടിയില്ലെന്ന് സിപിഎം സെക്രട്ടറിയും പറയുന്നു. ഇരുവരും കൈമലര്‍ത്തിയ സാഹചര്യത്തില്‍ സത്യമറിയാന്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. മേയറുടെ ലെറ്റര്‍പാഡില്‍ അവരുടെ ഒപ്പോടെ മറ്റാരെങ്കിലും വ്യാജമായി സൃഷ്ടിച്ച കത്താണെങ്കില്‍ ഗുരുതരമാണ് കാര്യങ്ങള്‍. എന്നാല്‍ ഒട്ടു ഗൗരവത്തിലല്ല അന്വേഷണം എന്നതാണ് സത്യം. കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ, തെളിവ് ശേഖരിക്കാതെ, ഫോണിലൂടെ മൊഴിയെടുത്ത് നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്തു തന്നെയായാലും ജനം അവിശ്വസിക്കും. കുറ്റക്കാരെ സംരക്ഷിക്കാനുള്ള അന്വേഷണമേ നടക്കൂ എന്ന വിശ്വാസം ഉറയ്‌ക്കും.
കത്ത് വിഷയത്തില്‍ എന്തു ചെയ്തു എന്നു സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് കേസെടുക്കാനുള്ള നീക്കം പോലും ഉണ്ടായത്. ഹൈക്കോടതി ഇടപെടലുണ്ടായതിനു പിന്നാലെയാണ് അന്വേഷണം തങ്ങളുടെ കൈവിട്ടു പോകാതിരിക്കാന്‍ കേരള പോലീസ് ശ്രമം തുടങ്ങിയത്. കത്ത് വ്യാജമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വ്യാജ കത്ത് ആണെന്ന മേയറുടെയും, കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടേയും മൊഴി വിശ്വാസത്തിലെടുത്താണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സിപിഎം സെക്രട്ടറിയുടെ മൊഴി ഫോണിലൂടെ രേഖപ്പെടുത്തി എന്നതില്‍നിന്നുതന്നെ അന്വേഷണത്തിന്റെ പോക്ക് മനസ്സിലാക്കാനാകും. ഒരാഴ്ചയിലേറെയായി അന്വേഷണം നടത്തിയെങ്കിലും കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് ലഭിച്ചത് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഉറവിടമോ ഒറിജിനലോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല പോലും. അതുകൊണ്ടുതന്നെ ഇതിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തമായി ഒന്നും പറയാന്‍ സാധിക്കില്ല. ഇതിനൊപ്പം ഒറിജിനല്‍ കത്ത് നശിപ്പിക്കപ്പെട്ടോ എന്ന സംശയവും ക്രൈംബ്രാഞ്ച് പ്രകടിപ്പിച്ചിരിക്കുന്നു. കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയാല്‍ മാത്രമേ വ്യാജമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്‌ക്കടക്കം അയക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാക്കാന്‍ കഴിയൂ.
മേയറുടെ കത്തിന്റെ ഉറവിടവും അത് പ്രചരിപ്പിച്ചവരെയും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമില്‍ സംവിധാനമുണ്ട്. പരാതിയും കേസുമില്ലാതെ ഏതു വിഷയത്തിലും ഉടന്‍ ഉറവിടം കണ്ടെത്താനാവും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത് അപ്രകാരമാണ്. ഏറെ പ്രാധാന്യമുള്ള കേസായിട്ടും വിവാദ കത്തിന്റെ പകര്‍പ്പും മറ്റും ഇതുവരെ സൈബര്‍ ഡോമിനു കൈമാറിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇത് ആദ്യം തന്നെ കൈമാറേണ്ടിയിരുന്നെങ്കിലും ഉന്നതതല ഇടപെടലിനെത്തുടര്‍ന്ന് അതു ചെയ്തിട്ടില്ല.
കള്ളത്തരം പിടിക്കപ്പെടുമ്പോള്‍ മൂടിവയ്‌ക്കാനും മറയിടാനും ഏതറ്റംവരെ പോകാനും മടിയില്ലാത്തവരാണ് സിപിഎം പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടവും. പോലീസിനെ നോക്കുകുത്തിയാക്കി അത് സാധിച്ചെടുക്കാനുള്ള അവരുടെ മികവ് കേരളം പലതവണ കണ്ടിട്ടുണ്ട്. ലൈഫ് മിഷന്‍ കേസിലും സെക്രട്ടറിയേറ്റിലെ സിസിടിവി കത്തിക്കല്‍ കേസിലും ഒക്കെ മറ്റ് അന്വേഷണം വരാതിരിക്കാന്‍ പെട്ടെന്നുതന്നെ അന്വേഷണം പ്രഖ്യാപിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതൊക്കെ കേരളം മറന്നിട്ടില്ല. അത്തരമൊരു അന്വേഷണവും കണ്ടെത്തലും തന്നെയായിരിക്കും കത്തെഴുത്തിന്റെ കാര്യത്തിലും സംഭവിക്കുക. മറിച്ചു സംഭവിക്കണമെങ്കില്‍ അതിശക്തമായ ജനകീയ മുന്നേറ്റവും നിയമപോരാട്ടവും ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: